കാപ്പി ഉല്‍പാദനത്തിന് തിരിച്ചടിയായി ആന്ത്രക്നോസ് കീട ബാധ
മേപ്പാടി: ജില്ലയില്‍ കാപ്പി ഉല്‍പാദനത്തിന് തിരിച്ചടിയായി ആന്ത്രക്‌നോസ് കീടബാധ പടരുന്നു. കീടബാധയെ തുടര്‍ന്ന് കുരു കറുത്ത നിറമായി അഴുകി കൊഴിഞ്ഞ് വീഴുകയാണ്. ഇത് കര്‍ഷകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിക്കുന്നത്. ഇത്തവണത്തെ കനത്ത മഴയാണ് കാപ്പികൃഷിക്ക് തിരിച്ചടിയായത്. രോഗബാധ ഇത്തവണ കാപ്പി ഉല്‍പ്പാദനത്തെ സാരമായി ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കോഫീബോര്‍ഡും കൃഷി വകുപ്പും നിര്‍ദേശിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ പര്യാപ്തമല്ലന്നും കര്‍ഷകര്‍ പറയുന്നു.
കനത്ത മഴയും പ്രളയവും കാരണം കാപ്പി ഉല്‍പാദനം 20 ശതമാനം വരെ കുറയുമെന്ന് കോഫി ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ രോഗബാധ കാപ്പി ഉല്‍പാദനത്തെ താളംതെറ്റിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. പച്ചക്കാപ്പിക്കാണ് രോഗം പിടിപെടുന്നത്. കാപ്പിയുടെ വളര്‍ച്ച ഇതോടെ മുരടിക്കുകയാണ്. പ്രളയ സമയത്ത് തന്നെ കാപ്പി കുരു ഉണങ്ങി കൊഴിയുന്നുണ്ടായിരുന്നു. മഴക്ക് ശക്തി കുറഞ്ഞതോടെ രോഗബാധക്ക് ശമനം ഉണ്ടാകുമെന്നായിരുന്നു കര്‍ഷകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോഴും രോഗം വ്യാപകമാണ്.
പൊതുവെ ഒക്ടോബര്‍ മുതല്‍ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് ഇത്തരം രോഗാവസ്ഥ കണ്ടുവരാറ്. എന്നാല്‍ ഇത്തവണ അതിന് മുന്‍പെ രോഗം കണ്ടുതുടങ്ങി. റോബസ്റ്റയെയാണ് പ്രധാനമായും ഈ രോഗം ബാധിച്ചിരിക്കുന്നത്.
വയനാട്ടില്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും റോബസ്റ്റയാണ്. കൊളിറ്റൊട്രികം എന്ന വിഭാഗത്തിലെ കുമിളകളാണീ രോഗം പരത്തുന്നതെന്നാണ് കാപ്പി കൃഷി ഗവേഷകര്‍ പറയുന്നത്. കൊഴിയാത്ത കാപ്പിക്കുരുവിന്റെ വളര്‍ച്ച മുരടിച്ച്, ആകൃതി, ഗുണമേന്മ, ഗന്ധം എന്നിവ നഷ്ടപ്പെടുകയാണ് രോഗം മൂലം ഉണ്ടാകുന്നത്.
കാപ്പി ഉല്‍പാദനത്തെ ആശ്രയിക്കുന്ന വയനാടിന്റെ സാമ്പത്തിക സുരക്ഷക്ക് മേല്‍ ഏറ്റ വലിയ പ്രഹരമാണിത്. കേരളത്തില്‍ 85,000 ഹെക്ടറിലുള്ള കാപ്പി കൃഷിയുടെ പ്രധാന വിഹിതവും വയനാടിന്റേതാണ്. 77,475 കാപ്പി കര്‍ഷകരില്‍ അധികവും വയനാട്ടിലാണ്. പ്രളയാനന്തരം കാപ്പിതോട്ടങ്ങള്‍ വ്യാപകമായി മണ്ണിടിഞ്ഞ് നശിച്ചിട്ടുമുണ്ട്. ഉരുള്‍പ്പൊട്ടലിലും കാപ്പിതോട്ടങ്ങള്‍ നശിച്ചിരുന്നു.
പ്രളയത്തില്‍ നശിച്ച കാപ്പി തോട്ടത്തിന്റെ കണക്ക് ഇനിയും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോഴത്തെ രോഗബാധ ഉല്‍പാദനത്തെ ബാധിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകും.
ഏകദേശം അര ലക്ഷത്തോളം ആളുകള്‍ക്ക് പരോക്ഷമായും പ്രത്യക്ഷമായും തൊഴില്‍ നല്‍കിയിരുന്ന വയനാട്ടിലെ കാപ്പികൃഷി പ്രതിസന്ധി എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളെയും ബാധിക്കുമെന്നാണ് കര്‍ഷകര്‍ ഭയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."