കായംകുളം-തിരുവല്ല ദേശീയ പാത: നിര്‍മ്മാണത്തിന് തടസങ്ങളേറെ
മാന്നാര്‍:കായംകുളം-തിരുവല്ല സംസ്ഥാന പാത ദേശീയപാതയാക്കുവാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചുവെങ്കിലും പൂര്‍ത്തീകരണത്തിന് കടമ്പകള്‍ ഏറെ. നിലവില്‍ എം.സി റോഡിനും ദേശീയപാതയ്ക്കും സമാന്തരമായിട്ടുള്ള ഈ സംസ്ഥാന പാതയില്‍ വാഹനത്തിരക്ക് ഏറെയായതിനാല്‍ ഗതാഗത തടസം പതിവാണ്.
ദേശീയ പാതയാകുന്നതോടെ റോഡിന് വീതി കൂട്ടി നവീകരിക്കുമ്പോള്‍ നിലവിലുള്ള ഗതാഗത തടസം ഇല്ലാതാക്കുവാനും കൂടുതല്‍ വാഹനങ്ങള്‍ക്ക് യഥേഷ്ടം കടന്ന് പോകുവാനും കഴിയും.ദേശീയ പാതയ്ക്കുള്ള സര്‍വ്വേയും സ്ഥലമെടുപ്പും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന കാര്യമാണ്. കായംകുളത്തും,മാവേലിക്കരയിലും പാതയ്ക്ക് വീതി കൂട്ടുമ്പോള്‍ വലിയ നഷ്ടങ്ങള്‍ വ്യാപാരികള്‍ക്ക് ഉണ്ടാകുന്നില്ല. ചുരുക്കം ചില ഭാഗങ്ങളിലെ കടകളുടെ ഇറക്കുകള്‍ മാത്രമാണ് പൊളിക്കേണ്ടി വരുക. എന്നാല്‍ മാന്നാറിലെ സ്ഥിതി വ്യത്യസ്തമാണ്. സ്റ്റോര്‍ ജങ്ഷന്‍ മുതല്‍ പരുമലക്കടവ് വരെയുള്ള ഭൂരിപക്ഷം കടകള്‍ക്കും പാത ഭീഷണിയാകും.അനധികൃതമായി ചിലര്‍ കടകള്‍ റോഡിലേക്ക് ഇറക്കി വരെ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഇവയെല്ലാം പൊളിച്ച് നീക്കേണ്ടി വരും. കൂടാതെ കുറെ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ വശം പൊളിച്ച് നീക്കേണ്ടി വരും. ദേശീയ പാത വരുന്നത് ഏറ്റവും കൂടുതല്‍ ദോഷം വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത് മാന്നാറിലായിരിക്കും.
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ റോഡിന് വീതി കൂട്ടുവാന്‍ ചില ശ്രമങ്ങള്‍ നടത്തുകയും സര്‍വ്വേയും അളവും മറ്റും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശക്തമായ രാഷ്ട്രീയ സ്വാധീനത്താല്‍ ഇവ പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. ഇക്കുറി ദേശീയ പാതയാക്കാനുളള തീരുമാനം വന്നതോടെ തടസങ്ങള്‍ വന്നുതുടങ്ങിയെങ്കിലും പാത നിര്‍മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."