പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി
മണ്ണഞ്ചേരി: മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന വീട്ടില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി.ഒരാള്‍ക്ക് പൊള്ളലേറ്റു. ഇടുങ്ങിയ സഞ്ചാരയോഗ്യമല്ലാത്ത വഴി രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് സിലിണ്ടര്‍ നിര്‍വീര്യമാക്കിയത്.മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് കായിച്ചിറയില്‍ സാബുവിന്റെ വീട്ടില്‍ ബുധനാഴ്ച്ച ഉച്ചക്ക് 11:30 ഓടെയായിരുന്നു സംഭവം.
സാബുവിന്റെ പിതാവ് ബാലകൃഷ്ണന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന സമയത്തായിരുന്നു അപകടം.ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ വീട്ടിലുണ്ടായിരുന്നു.തീ പടരാതിരിക്കാന്‍ ചാക്ക് നച്ചിടുന്നതിനിടെയാണ് കായിച്ചിറയില്‍ പുഷ്‌കരന്‍(47) നാണ് പൊള്ളലേറ്റത്.സിലിണ്ടറും അടുപ്പുമായുള്ള വയര്‍ ലീക്കായതാണ് അപകട കാരണം. കായലോര പ്രദേശമായ ഈ ഭാഗത്തേക്ക് നല്ല വഴിയില്ല. മണ്ണഞ്ചേരിയില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം പിന്നീട് ജീപ്പിലാണ് അപകടസ്ഥലത്ത് എത്തിയത്. അടുത്തുള്ള തോട്ടിലേക്ക് സിലിണ്ടര്‍ ഇട്ടാണ് നിര്‍വീര്യമാക്കിയത്. സ്റ്റേഷന്‍ ഓഫിസര്‍ എസ്.സതീഷ്, ലീഡിങ് ഫയര്‍മാന്‍ ജയദേവന്‍,ഫയര്‍മാന്‍മാരായ ജയകുമാര്‍, ഡി.സനല്‍,എച്ച്.ഗിരീഷ്,ആര്‍.കൃഷ്ണദാസ് എം.ആര്‍.സുരാജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."