കോഴിക്കോട്-സഊദി വിമാന സര്‍വിസ് പുനഃസ്ഥാപിക്കണമെന്ന് എം.കെ രാഘവന് എം.പി
കോഴിക്കോട്: ആറു ലക്ഷത്തോളം വരുന്ന മലബാറിലെ സാധാരണക്കാരായ സഊദി പ്രവാസികള്‍ക്ക് സഹായകരമായിരുന്ന കോഴിക്കോട് സഊദി വിമാന സര്‍വിസ് എത്രയും പെട്ടന്ന് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവന് എം.പി എയര്‍ ഇന്ത്യ സി.എം.ഡി പ്രദീപ് സിങ് കരോളക്ക് ഫാക്സ് സന്ദേശമയച്ചു.
മലബാറിലെ സമസ്ത വാണിജ്യ മേഖലകളെയും ബാധിക്കുന്ന വിഷയമാണിത്. വേണ്ട സൗകര്യങ്ങള്‍ ലഭ്യമായിട്ടുപോലും സര്‍വിസ് നടത്താന്‍ വിസമ്മതിക്കുന്നതിനാല്‍ സാധാരണക്കാരായ പ്രവാസികള്‍ നിലവില്‍ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കുകയാണ്. ഇതു വളരെയേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി എം.പി ചൂണ്ടിക്കാട്ടി.
ഉഭയകക്ഷി കരാര്‍ പ്രകാരം 5500 ഓളം സീറ്റുകള്‍ എയര്‍ ഇന്ത്യക്ക് സൗദിയിലേക്ക് സര്‍വിസ് നടത്തുന്നതിനു ബാക്കിനില്‍ക്കെ സര്‍വിസ് നടത്തുന്നതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. സൗദി എയര്‍ലൈനിന്റെ സീറ്റുകള്‍ തീര്‍ന്ന സാഹചര്യത്തില്‍ മറ്റു എയര്‍പ്പോര്‍ട്ടുകളില്‍ നിന്നുള്ള സര്‍വിസ് വെട്ടിക്കുറച്ച് കോഴിക്കോട്ടുനിന്ന് സര്‍വിസ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടന്നപ്പോള്‍ മറ്റ് അനുമതികള്‍ ലഭ്യമായിട്ടുപോലും സര്‍വിസ് തുടങ്ങുന്നതിന് എയര്‍പ്പോര്‍ട്ടിനു നല്‍കേണ്ട അപേക്ഷപോലും നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.
ഡി.ജി.സി.എയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സഹകരിച്ച് സഊദിയിലേക്ക് വലിയ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."