മിഠായിത്തെരുവിലെ ഗതാഗത നിയന്ത്രണം: സര്‍വേ നടത്തേണ്ടത് കച്ചവടക്കാര്ക്കിടയിലെന്ന്
കോഴിക്കോട്: മിഠായിത്തെരുവിലെ വാഹന നിയന്ത്രണം സംബന്ധിച്ച് ജനഹിതം അറിയാന്‍ ഐ.ഐ.എമ്മിന്റെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വ്വേ നടത്തുന്നതിനൊപ്പം കച്ചവടക്കാരുടെ ഇടയിലും സര്‍വ്വെ നടത്തണമെന്ന് ആവശ്യം.
കഴിഞ്ഞ ദിവസമാണ് മിഠായി തെരുവിലെ വാഹന നിയന്ത്രണം സംബന്ധിച്ച് ജനഹിതമറിയാന്‍ സര്‍വ്വെ നടത്തുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പ്രഖ്യാപിച്ചത്. യഥാര്‍ത്ഥത്തില്‍ ദുരിതമനുഭവിക്കുന്ന കച്ചവടക്കാര്‍ക്കിടയില്‍ ആണ് സര്‍വ്വേ നടത്തേണ്ടതെന്ന് ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. ഒരു പദ്ധതിക്കും പൊതുജനങ്ങളുടെ സര്‍വ്വേ നടത്തിവരുന്നതായി കണ്ടിട്ടില്ല. ഇവിടെ കച്ചവടക്കാരുടെ പ്രശ്നം ആണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് എന്നിരിക്കെ പൊതുജനങ്ങളുടെ സര്‍വ്വേ എന്തിനാണെന്ന് മനസിലാവുന്നില്ല. അഥവാ അങ്ങിനെ സര്‍വ്വേ നടത്തുകയാണെങ്കില്‍ പ്രധാനമായും സര്‍വേയില്‍ കച്ചവടക്കാരെയല്ലേ ഉള്പ്പെടുത്തണ്ടതെന്നും ചേംബര്‍ ഭാരവാഹികള്‍ ചോദിച്ചു.
പൊതുജനങ്ങള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയാല്‍ വാഹനങ്ങള്‍ ഒന്നും പ്രവേശിക്കാത്ത ഒരു പാര്‍ക്ക് ആയി എസ്.എം.സ്ട്രീറ്റ് കിട്ടുകയാണെങ്കില്‍ അത്യുത്തമം എന്നേ അവര്‍ പറയൂവെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അപ്പോള്‍ അത്തരം ഒരു സര്‍വ്വേ പ്രഹസനം മാത്രമാകുമെന്നും ചേംബര്‍ ഭാരവാഹി യോഗം ചൂണ്ടിക്കാട്ടി.
വൈസ് പ്രസിഡണ്ട് ഡോ.എ.എം ഷെരീഫ് അധ്യക്ഷനായി. സെക്രട്ടറി രാജേഷ് കുഞ്ഞപ്പന്, വൈസ് പ്രസിഡണ്ട് പി.എ ആസിഫ്, മുന്‍ പ്രസിഡണ്ട് ഐപ്പ് തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."