ആഷസ് പരമ്പരയ്ക്ക് ഇന്നു തുടക്കം; ജോഫ്ര ആര്‍ച്ചര്‍ പുറത്ത്
ലണ്ടന്‍: ഏകദിന ലോകകപ്പ് ആരവത്തിന് ശേഷം ഇനി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ നാളുകളിലേക്ക്. ചാംപ്യന്‍ഷിപ്പിന്റെ തുടക്കം ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ വിഖ്യാതമായ ആഷസിലൂടെയാവുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കത് ആവേശത്തിന്റെ നാളുകള്‍. ചെറുകപ്പിനായി ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് ടീമുകളെന്നു പേരുകേട്ട ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പോരിനെത്തുമ്പോള്‍ ഇരു രാജ്യങ്ങളുടെയും സൗഹൃദചരിത്രം ഒന്നുകൂടി ബലപ്പെടുത്താനുള്ള മത്സരമായി അവരിതിനെ വിലയിരുത്തുന്നു. കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ കപ്പ് നിലനിര്‍ത്താന്‍ ഓസീസ് ടീം കളത്തിലിറങ്ങുമ്പോള്‍ നഷ്ടപ്പെട്ട കപ്പ് ഉയര്‍ത്താനുള്ള തന്ത്രവുമായാണ് ബ്രട്ടീഷ് പടയും എത്തുന്നത്.
ലോകകപ്പിന്റെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ക്രിക്കറ്റ് മാമാങ്കം ലണ്ടന്‍ മണ്ണില്‍ വിരുന്നെത്തുമ്പോള്‍ സ്റ്റീവ് വോയെയും ബ്രാഡ്മാനെയും ഫ്‌ളിന്റോഫിനെയും അലന്‍ ബോര്‍ഡറിനെയും ഇയാന്‍ ബോത്തത്തെയുമൊക്കെ നെഞ്ചേറ്റിയ അതേ ജനത ക്രിക്കറ്റ് മണ്ണില്‍ അലയടിച്ചെത്തും. ചരിത്ര ചാംപ്യന്‍ഷിപ്പിനെ വരവേല്‍ക്കുന്നത് ആഷസിലൂടെയെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.
ആത്മവീര്യത്തിന്റെ പര്യയമായ രണ്ട് ടീമുകളും തികച്ചും ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുന്നത്. ലോകകപ്പ് കിരീടം ചൂടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇംഗ്ലണ്ട് അരങ്ങു തകര്‍ക്കാനൊരുങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കപ്പ് ഉയര്‍ത്തിയതിന്റെ നിറവിലാണ് ഓസീസ് ടീമിന്റെ വരവ്. കൂടാതെ, അയര്‍ലന്‍ഡുമായുള്ള ടെസ്റ്റ് പോരാട്ടത്തില്‍ വീണിടത്ത്‌നിന്ന് ഉയിര്‍ത്തെഴുന്നേറ്റ വീര്യവും ഇംഗ്ലണ്ടിനൊപ്പമുണ്ട്. അതേസമയം, പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട സ്മിത്തിന്റെയും വാര്‍ണറുടെയും ബാന്‍ഡ്‌ക്രോഫ്റ്റിന്റെയും തിരിച്ചുവരവ് ഓസീസിന്റെ മനോധൈര്യവും ചോര്‍ത്തുന്നില്ല.
കളിയുടെ ഗതി
2001ന് ശേഷം ഇരുടീമും നേര്‍ക്കുനേര്‍ വന്ന 10 പരമ്പരയില്‍ ഓരോ ടീമും അഞ്ച് വീതം ജയത്തോടെ നിലവില്‍ തുല്യശക്തികളായിരിക്കുകയാണ്. നിലവിലെ ടീം ഘടന പരിശോധിക്കുമ്പോഴും ഇവര്‍ സമന്മാര്‍. ബാറ്റിങില്‍ ഇരുടീമും ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ ബൗളിങില്‍ ഓസീസ് നേരിയ വ്യത്യാസത്തില്‍ മുന്‍ പന്തിയിലായിരുന്നു. എന്നാല്‍, അയര്‍ലന്‍ഡിനെതിരായ മത്സരത്തോടെ ഇംഗ്ലണ്ട് ആ കണക്കും കാറ്റില്‍ പറത്തി.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരമ്പരയില്‍ ഓസീസിന്റെ പടക്കുതിരയെങ്കില്‍ ഇംഗ്ലണ്ടിന് ജയിംസ് ആന്‍ഡേഴ്‌സനുണ്ട്. ചുവന്ന പന്തില്‍ മികച്ച സ്വിങ് കണ്ടെത്തുന്ന ആന്‍ഡേഴ്‌സന്റെ ഫോം ഇംഗ്ലണ്ടിന് നിര്‍ണായകമാവും. ആഷസിലൂടെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന ജോഫ്ര ആര്‍ച്ചറിന് ഇന്ന് ബെഞ്ചിലിരിക്കേണ്ടിവരും. താരം അവസാന ഇലവനില്‍ ഇടം കണ്ടില്ല.
ജേസന്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, സാം കുറാന്‍, ബെന്‍ സ്റ്റോക്‌സ് എന്നീ ഇടിവെട്ടു താരങ്ങളാണ് ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് തുറുപ്പു ചീട്ടെങ്കില്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാത്യു വെയ്ഡ് എന്നിവരുടെ ബാറ്റിങ് അടിത്തറ ഓസീസിനൊപ്പമുണ്ട്.
ടീമില്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് മൂന്നാമതായി ഇറങ്ങാനാണു സാധ്യത. നേരത്തേ താരം നാലാം നമ്പറിലായിരുന്നു ഇറങ്ങിയിരുന്നത്. അതേസമയം, പുതുമുഖ താരം ജോ ഡെന്‍ലി നാലാം സ്ഥാനത്ത് ഇറങ്ങും.
പരിശീലനത്തിനിടെ ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വാര്‍ണറിന് പരുക്കേറ്റത് ആശങ്ക ഉളവാക്കുന്നുണ്ട്. എങ്കിലും ആദ്യ മത്സരത്തിനിറങ്ങുമെന്നാണ് ടീം സൂചിപ്പിക്കുന്നത്. പരുക്കേറ്റ ഉസ്മാന്‍ ഖവാജയും ജെയിംസ് പാറ്റിന്‍സണും ആദ്യ ടെസ്റ്റിന്റെ അന്തിമ ഇലവനില്‍ ഉണ്ടാകുമെന്ന സൂചനയാണ് കോച്ച് ജസ്റ്റിന്‍ ലാങര്‍ പുറത്തു വിടുന്നത്.
വാര്‍ണറിനൊപ്പം ആര് ഇന്നിങ്‌സ് ഓപണ്‍ ചെയ്യുമെന്നതില്‍ ഇപ്പോഴും തീരുമാനത്തിലെത്തിയിട്ടില്ല. വിവാദത്തിന് ശേഷം തിരികെയെത്തിയ കാമറൂണ്‍ ബാന്‍ക്രോഫ്റ്റും മാര്‍ക്കസ് ഹാരിസുമാണ് ഓപണര്‍മാരുടെ പട്ടികയില്‍ മുന്‍ നിരയില്‍.
വിവാദത്തിന് ശേഷം
പന്തുചുരണ്ടല്‍ വിവാദത്തില്‍ മുഖം നഷ്ടമായ മൂന്ന് ഓസീസ് താരങ്ങള്‍ പരമ്പരയ്ക്കുണ്ട്. മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഓപണര്‍ ഡേവിഡ് വാര്‍ണറും കൂടിയെത്തുന്നതോടെ കാരിരുമ്പിന്റെ ശക്തിയോടെയാണ് ഓസീസ് ടീമിന്റെ കടന്നുവരവ്. ഈ ഏകദിന ലോകകപ്പോടെ ഇവര്‍ നല്ല അഭിപ്രായം നേടുകയും ചെയ്തു. വിലക്കില്‍ കുടുങ്ങിയ മറ്റൊരു താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റും ഫോം സൂചന പ്രകടമാക്കിയിട്ടുണ്ട്.
ആഷസ് 2018
ഓസീസിന് എന്നും വിസ്മരിക്കാനുതകുന്ന ടെസ്റ്റ് പരമ്പരയായിന്നു 2018ലേത്. പരമ്പര 4-0ന് തൂത്തുവാരിയാണ് അവര്‍ കപ്പുയര്‍ത്തിയത്. എന്നാല്‍ 2001ന് ശേഷം ഇംഗ്ലണ്ടില്‍ ഒരു പരമ്പരയും നേടിയിട്ടില്ല എന്ന മറ്റൊരു ദുര്‍ഗതി ഓസീസിനെ വേട്ടയാടുന്നുണ്ട്. 2015ല്‍ നടന്ന ടെസ്റ്റില്‍ ഇരു ടീമും കട്ടക്ക് കട്ടക്ക് നിന്നെങ്കിലും 3-2ന് പരമ്പര ഇംഗ്ലണ്ട് തട്ടിയെടുക്കുകയായിരുന്നു.
അന്ന് ട്രെന്റ് ബ്രിഡ്ജില്‍ നടന്ന നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ മാസ്മരിക ബൗളിങില്‍ ഓസീസ് 60 റണ്‍സിലേക്ക് കൂപ്പുകുത്തിയത് ഇന്നും കണ്ണിലെ കരടായി അവശേഷിക്കുന്നു.
ലോകകപ്പിലെ അവസാന മീറ്റ്
ലോകകപ്പിലെ സെമി ഫൈനലിലായിരുന്നു ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. ലോക ക്രിക്കറ്റ് ആരാധകര്‍ ആശങ്കയോടെ നോക്കിക്കണ്ട ആ മത്സരത്തില്‍ കംഗാരുപ്പടയെ 223 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ഫൈനലിലേക്ക് ടിക്കറ്റെടുത്തു.
സ്‌ക്വാഡ്
ഇംഗ്ലണ്ട് (അന്തിമ ടീം): റോറി ബേണ്‍സ്, ജേസന്‍ റോയ്, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട്, ജോ ഡെന്‍ലി, ജോസ് ബട്ട്‌ലര്‍, ജോണി ബെയര്‍സ്റ്റോ, മൊയീന്‍ അലി, ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സന്‍.
ഓസ്‌ട്രേലിയ: ടിം പെയ്ന്‍ (ക്യാപ്റ്റന്‍), കാമറൂന്‍ ബാന്‍ഡ്‌ക്രോഫ്റ്റ്, പാറ്റ് കുമ്മിന്‍സ്, മാര്‍കസ് ഹാരിസ്, ജോഷ് ഹാസില്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷാഗെ, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ നെസര്‍, ജെയിംസ് പാറ്റിന്‍സണ്‍, പീറ്റര്‍ സിഡില്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."