സി.പി.എം നേതാവ് ദുരിതാശ്വാസസഹായം അനധികൃതമായി കൈപറ്റിയെന്ന് പരാതി
താമരശേരി: പ്രളയദുരന്തത്തില്‍ അനധികൃതമായി ദുരിതാശ്വാസ തുക കൈപറ്റിയ സി.പി.എം നേതാവിന്റെ നടപടി വിവാദത്തില്‍. സി.പി.എം പുതുപ്പാടി ലോക്കല്‍ കമ്മി റ്റി മെംബറും പുതുപ്പാടി സര്‍വിസ് സഹകരണ ബാങ്ക് ഡയരക്ടറുമായ പി.കെ മുഹമ്മദലിക്കെതിരേയാണു പരാതി ഉയര്‍ന്നിരിക്കുന്നത്.
കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ണപ്പന്‍കുണ്ട്-മട്ടിക്കുന്ന് റോഡരികില്‍ സ്ഥിതിചെയ്യുന്ന മുഹമ്മദലിയുടെ വീട്ടില്‍ വെള്ളം കയറുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തിരുന്നില്ല. റോഡില്‍ നിന്ന് അഞ്ച് അടിയോളം ഉയരത്തിലാണ് ഇദ്ദേഹത്തിന്റെ വീട് നിലനില്‍ക്കുന്നത്.
പുതുപ്പാടി വില്ലേജ് ഓഫിസ് പരിധിയിലെ കണ്ണപ്പന്‍കുണ്ടില്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ 88 പേരുടെ ലിസ്റ്റില്‍ 84-ാമനാണ് ഇദ്ദേഹം. വിവാദമായപ്പോള്‍ ഇദ്ദേഹം ദുരിതാശ്വാസ തുകക്ക് അര്‍ഹനല്ലെന്ന് വില്ലജ് ഓഫിസ് അധികൃതര്‍ വ്യക്തമാക്കി. ആവശ്യമായ പഠനം നടത്താതെയാണു റവന്യൂ അധികൃതര്‍ ലിസ്റ്റ് തയാറാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിച്ച പലര്‍ക്കും ദുരിതാശ്വാസ തുക ഇതുവരെയും ലഭ്യമായിട്ടില്ല.
എന്നാല്‍ അക്കൗണ്ടില്‍ പണം വന്നതിനെ കുറിച്ച് അറിയില്ലെന്നും അറിഞ്ഞ ഉടനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം തിരിച്ചടച്ചെന്നും മുഹമ്മദലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."