അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനവും മാലിന്യം തള്ളലും; കേള്‍ക്കാം, മയ്യഴിപ്പുഴയുടെ ഊര്‍ധശ്വാസം
ടി.വി മമ്മു
നാദാപുരം: അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും മയ്യഴിപ്പുഴക്ക് മരണം വിധിക്കുന്നു. പശ്ചിമഘട്ട മലകളോട് ചേര്‍ന്നുനില്‍ക്കുന്ന വായനാടിന്റെയും കോഴിക്കോടിന്റെയും കിഴക്കന്‍ അതിര്‍ത്തിയായ പാനോം മലനിരകളില്‍ നിന്നാണ് മയ്യഴിപ്പുഴയുടെ ഉത്ഭവം. പതഞ്ഞൊഴുകുന്ന പുഴ വിലങ്ങാട് ടൗണിലൂടെ വിസ്തൃതി പ്രാപിച്ച് വാണിമേല്‍, വളയം, നാദാപുരം, ചെക്കിയാട്, തൂണേരി, കണ്ണൂര്‍ ജില്ലയിലെ തൃപ്രങ്ങോട്ടൂര്‍, കരിയാട് എന്നിവിടങ്ങളില്‍നിന്ന് വീണ്ടും കോഴിക്കോട്ടെ എടച്ചേരി, ഏറാമല, ഒഞ്ചിയം വഴി 35 കിലോമീറ്റര്‍ നീളത്തില്‍ മാഹിയില്‍ കടലിനോട് സംഗമിക്കുന്നു.
ഉത്ഭവസ്ഥാനത്തുതന്നെ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും പുഴയുടെ നിലനില്‍പ്പ് അപകടപ്പെടുത്തുകയാണ്. ഇരു കരകളിലെയും കൈയേറ്റത്താല്‍ മെലിഞ്ഞ പുഴയില്‍ ഉള്‍ക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവു കുറച്ചു. ഇതോടെ വേനലിനു മുന്‍പു തന്നെ പുഴ വരളുന്ന അവസ്ഥയാണുള്ളത്. ഉത്ഭവസ്ഥാനത്തിനു താഴെത്തന്നെ വിലങ്ങാട് ടൗണിനു മുകളിലായി മിനി ജലവൈദ്യുത പദ്ധതിക്കു വേണ്ടി കെ.എസ്.ഇ.ബി നിര്‍മിച്ച തടയണ താഴോട്ടേക്കുള്ള വെള്ളത്തെ തടഞ്ഞു നിര്‍ത്തുകയും നീരൊഴുക്ക് തടസപ്പെടുത്തുകയും ചെയ്യുന്നു. വന്‍ ലാഭം പ്രതീക്ഷിച്ച് ആരംഭിച്ച പദ്ധതി കാര്യക്ഷമമല്ലാത്തതിനാല്‍ ബോര്‍ഡിനു വലിയ നഷ്ടമാണ് ഓരോ വര്‍ഷവും ഈ പദ്ധതി വരുത്തിവയ്ക്കുന്നത്.
7.5 മെഗാ വാട്ട് ഉല്‍പാദനം ലക്ഷ്യമിട്ടിരുന്ന പദ്ധതിയില്‍ ഈ വര്‍ഷം ഇതുവരെ 1.1 വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കാനായത്. മലമുകളില്‍ ആരംഭിച്ച കരിങ്കല്‍ ഖനന കേന്ദ്രങ്ങളും ക്രഷറുകളും പുഴയിലേക്കുള്ള നീരൊഴുക്കിനെ തടസപ്പടുത്തുന്നുണ്ട്. ഇവിടങ്ങളിലേക്കുള്ള റോഡുകളും വഴികളും നിര്‍മിച്ചിരിക്കുന്നത് പുഴയിലേക്കുള്ള പ്രധാന ജലസ്രോതസുകളായ ചോലകളും നീര്‍ച്ചാലുകളും നികത്തിയാണ്. തൊട്ടടുത്ത ചെക്യാട് പഞ്ചായത്തിന്റെയും നാദാപുരം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതോടെ പുഴയുടെ സര്‍വനാശവും ആരംഭിക്കുന്നു. വടകരയിലേക്കുള്ള ശുദ്ധജല വിതരണത്തിനു വാട്ടര്‍ അതോറിറ്റി പണിത പമ്പുഹൗസ് വിഷ്ണുമംഗലത്താണ് പ്രവര്‍ത്തിക്കുന്നത്. 1987 വരെ താല്‍ക്കാലിക തടയണ കെട്ടി വെള്ളം തടഞ്ഞുനിര്‍ത്തിയാണു പമ്പ് ചെയ്തിരുന്നത്. എന്നാല്‍ 1990ല്‍ പുഴയ്ക്കു കുറുകെ നാലു മീറ്റര്‍ ഉയരത്തില്‍ സ്ഥിരം ബണ്ട് പണിതതോടെ പുഴയുടെ സ്വാഭാവികത തന്നെ നഷ്ടമായി. രണ്ടായി വേര്‍തിരിക്കപ്പെട്ട പുഴയില്‍ എക്കലും മണ്ണും അടിഞ്ഞുകൂടി ആഴം കുറയുകയും ജലസംഭരണത്തിന്റെ അളവ് ഓരോ വര്‍ഷവും കുറയുകയും ചെയ്തു.
താഴ്ഭാഗം വെള്ളം ലഭിക്കാതെ തുരുത്തുകളായി മാറിയതിനാല്‍ പുഴയെ ആശ്രയിച്ചുനടന്നിരുന്ന കൃഷികളും മറ്റു ജോലികളും ഇല്ലാതായി. വര്‍ഷകാലങ്ങളില്‍ ബണ്ടിനു സമീപത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഓരോ വര്‍ഷവും വന്‍ സാമ്പത്തിക നഷ്ടമാണ് സര്‍ക്കാരിനും സമീപവാസികള്‍ക്കും വരുത്തിവയ്ക്കുന്നത്
മലിനീകരണത്തിന്റെ
തോതും ഉയരുന്നു
മയ്യഴിപ്പുഴയിലും കേരളത്തിലെ മറ്റു പുഴകളിലും 2009ല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഉയര്‍ന്ന തോതിലുള്ള മലിനീകരണമാണ്. ഓക്‌സിജന്റെ അളവ് ക്രമാതീതമായി താഴ്ന്ന് 53 ശതമാനത്തില്‍ എത്തി. കടലിനോടു ചേര്‍ന്ന പുഴയായിട്ടും ആസിഡിന്റെ അളവ് 20 ശതമാനം എന്നത് ആശങ്കയുളവാക്കുന്നതാണ്. ഓക്‌സിജന്റെ അളവ് കുറയുകയും ആസിഡിന്റെ അളവ് കൂടുകയും ചെയ്യുന്നത് പുഴയിലെ മത്സ്യസമ്പത്തിനെയും ബാധിച്ചിട്ടുണ്ട്. പുഴയിലെ ആസിഡിന്റെ അളവ് ഉയരുന്നത് തീരവാസികളില്‍ പലതരം ത്വക്കുരോഗങ്ങള്‍ക്കും അലര്‍ജിക്കും ഇടയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."