ജില്ലയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ആക്ഷന്‍ പ്ലാനുമായി ചൈല്‍ഡ് ലൈന്‍
മലപ്പുറം: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു. ഇതിനായി ഒരു വര്‍ഷത്തേക്കുള്ള ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനമായി. ബന്ധപ്പെട്ട വകുപ്പുകളുടെയും നിയമസഹായ സമിതികളുടെയും പങ്കാളിത്തത്തോടെ കുട്ടികളുടെ കൂടി അഭിപ്രായം തേടി ഒരു വര്‍ഷത്തേക്കുള്ള ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ വിവിധ വകുപ്പുകളുടെ സംയുക്തയോഗമാണ് തീരുമാനമെടുത്തത്.
കുട്ടികളുടെക്ഷേമത്തിനും സുരക്ഷക്കും പരിഗണന നല്‍കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചിതവിഹിതം അതതു സാമ്പത്തിക വര്‍ഷങ്ങളില്‍ നീക്കിവയ്ക്കാനും സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുന്നതരത്തിലുമാകും പ്രവര്‍ത്തനം. ഇതുസംബന്ധിച്ച് സ്‌കൂള്‍, കോളജ് തലങ്ങളില്‍ ജില്ലാ പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൈംഗിക ചൂഷണം തിരിച്ചറിയാന്‍ കുട്ടികള്‍ക്കിടയില്‍ ദൃശ്യങ്ങളുടെ സഹായത്തോടെയും ബോധവല്‍ക്കരണം നടത്തും. ഇതിനായി പാവനാടക മാതൃകകള്‍ അവലംബിക്കും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് പുറമെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തും.
പി.ടി.എ ഭാരവാഹികള്‍ക്കിടയിലും ബോധവല്‍ക്കരണം കാര്യക്ഷമമാക്കും. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, സ്‌കൂള്‍ പ്രധാനധ്യാപകര്‍ എന്നിവര്‍ക്ക് വിശദാംശങ്ങള്‍ കൈമാറാനാണ് തീരുമാനം.
സംയുക്തയോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനായി. യുനിസെഫ് സോഷ്യല്‍ പോളിസി സ്‌പെഷലിസ്റ്റ് ജി. കുമാരേശന്‍ മുഖ്യപ്രഭാഷണം നടത്തി. ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ സീനിയര്‍ പ്രോഗ്രാം കോഡിനേറ്റര്‍ നിരീഷ് ആന്റണി പദ്ധതി വിശദീകരിച്ചു. ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി സലീം ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. മലപ്പുറം ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ മീന കുരുവിള, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം പി. മുഹമ്മദ് ഹാരിസ്, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ കെ. കൃഷ്ണന്‍, സി.ഡി.പി.ഒ ഗീതാജ്ഞലി, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആര്‍. മിനി, ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി പി.സി ഹരിദാസ്, എസ്.ഐ സുബ്രഹ്മണ്യന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.ജെ ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത തുടങ്ങിയവരും പത്ത് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."