വെടിയേറ്റ് അവശനിലയിലായ കാട്ടുകൊമ്പന്‍ നരകയാതനയില്‍
പുല്‍പ്പള്ളി: വെടിയേറ്റ് അവശനിലയിലായ കാട്ടാന ചികിത്സ കിട്ടാതെ നരകയാതനയില്‍. സൗത്ത് വയനാട് ഡിവിഷന്‍ വനമേഖലയില്‍പ്പെട്ട ചെതലയം റേഞ്ചിലെ പാമ്പ്രയിലാണ് വെടിയേറ്റ് അവശനിലയിലായ കാട്ടുകൊമ്പനെ കണ്ടെത്തിയത്.
പുല്‍പ്പളളി-സുല്‍ത്താന്‍ബത്തേരി റോഡരികില്‍ നിലയുറപ്പിച്ചിട്ടുളള കാട്ടുകൊമ്പനെ പിടികൂടി ചികിത്സിക്കുവാനുള്ള നടപടിയൊന്നും അധികൃതര്‍ ഇതുവരെ കൈകൊണ്ടിട്ടില്ല. ആന അവശനിലയിലുള്ള വിവരം അറിയാത്ത മട്ടാണ് വനംവകുപ്പിന്റേത്. ആനയുടെ ഇടതുഭാഗത്ത് വയറ്റിലാണ് വെടിയേറ്റിരിക്കുന്നത്. പഴക്കമുള്ള മുറിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെടിയേറ്റ ഭാഗം പഴുത്ത് വൃണമായിരിക്കുകയാണ്. ആനയുടെ മുതുകിലെ അസ്ഥിയില്‍ വെടിയുണ്ട തടഞ്ഞു നില്‍ക്കുന്നതാവാം വെടിയേറ്റിട്ട് ഇത്രനാളായിട്ടും കിടപ്പിലാകാതിരിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞ മൂന്ന് മാസങ്ങളായി ഈ കാട്ടുകൊമ്പനെ പാമ്പ്ര മേഖലയില്‍ സ്ഥിരമായി കാണാറുണ്ട്. പ്രായത്തിനനുസരിച്ച് വളര്‍ച്ചയില്ലാത്ത ഈ കാട്ടാന എപ്പോഴും റോഡരികിലാണ് കാണപ്പെടാറുള്ളത്.
ആനയുടെ കൊമ്പിന്റെ വലിപ്പമനുസരിച്ചുള്ള വളര്‍ച്ച ശരീരത്തിനില്ല. ഒറ്റ നോട്ടത്തില്‍ ഒരു കുട്ടിയാനയാണെന്നേ തോന്നൂ. റോഡരികില്‍ നില്‍ക്കുന്ന ആനയുടെ വലിപ്പം കണ്ട് കുട്ടിയാനയാണെന്ന് കരുതി അരികിലെത്തുന്നവരെ ഈ ആന ആക്രമിക്കാറുമുണ്ട്.അടുത്തിടെ പാമ്പ്ര കാപ്പിത്തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികളെ ഈ കാട്ടാന ആക്രമിക്കുകയും നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെനിന്നും ഏതാനും കിലോമീറ്ററകലെ ബത്തേരി നാലാംമൈലില്‍ വനത്തിനുള്ളില്‍വച്ച് ഒരു പിടിയാനയെ വെടിവച്ച് കൊന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."