മലയോര ഹൈവേ നിര്‍മാണം താളംതെറ്റുന്നു
കെ.കെ ബാബു
പുനലൂര്‍: കാസര്‍കോട് മുതല്‍ പറശ്ശാല വരെയുള്ള മലയോര ദേശീയപാതയുടെ നിര്‍മാണത്തിന് ഏകീകൃത മേല്‍നോട്ടം ഇല്ലാത്തതിനാല്‍ പാത പണിപൂര്‍ത്തിയാക്കാന്‍ കാലതാമസവും ഗതാഗത തടസവുമുണ്ടാകും. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മാണം ആരംഭിച്ച പുനലൂര്‍-മൂവാറ്റുപുഴ ദേശീയപാതയുടെ നിര്‍മാണം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മൂലം എങ്ങുമെത്തിയിട്ടില്ല. ലോകബാങ്കിന്റെ പണം ഉപയോഗിച്ച് കെ.എസ്.ടി.പിക്കായിരുന്നു നിര്‍മാണം. എന്നാല്‍ പത്തനാപുരം കല്ലുംകടവില്‍ നിന്നും പുനലൂര്‍ വരെയുള്ള 13.8 കി.മീ ദൂരത്തെ നിര്‍മാണം കെ.എസ്.ടി.പി ഉപേക്ഷിച്ച മട്ടാണ്.
ഈ പാതയുമായി ബന്ധപ്പെടുത്തിയാണ് മലയോര ഹൈവേ നിര്‍മാണം തുടരുന്നത്. ആദ്യം അനുമതി ലഭിച്ചത് കൊല്ലം ജില്ലയ്ക്കാലയിരുന്നു. കിഫ്ബിയുടെ ഫണ്ടുപയോഗിച്ചു പണി തീര്‍ക്കുന്ന മലയോര ഹൈവേയ്ക്ക് 205 കോടി രൂപയാണ് ചെലവ്.കൊല്ലം ജില്ലയില്‍ പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ മുതല്‍ മടത്തറ കൊല്ലയില്‍ ചല്ലിവരെ 46 കി.മീറ്റര്‍ പ്രദേശത്തെ സര്‍വേ ഇപ്പോള്‍ പൂര്‍ത്തിയായി.
പുനലൂര്‍ മുതല്‍ അഞ്ചല്‍ വരെയുള്ള പത്തോളം കലുങ്കുകളുടെയും പാലത്തിന്റെയും പണികളാണ് ഇപ്പോള്‍ നടക്കുന്നത്. അഞ്ചല്‍ പഞ്ചായത്തിലെ മാവിളയിലും ഏരൂര്‍ പഞ്ചായത്തിലെ പത്തടിയിലും കലുങ്കു നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. 15 മീറ്റര്‍ വീതിയിലാണ് ഹൈവേ നിര്‍മാണം. നിലവില്‍ അഞ്ചു മീറ്റര്‍ മുതല്‍ ഏഴരമീറ്റര്‍ വരെയുള്ള ടാറിങിന്റെ വീതിപത്തു മീറ്ററാക്കും.
കൂട്ടത്തില്‍ നടപ്പാതയും ഓടയും നിര്‍മിക്കും. അഞ്ചല്‍ ടൗണില്‍ സ്ഥലമേറ്റെടുക്കല്‍ തര്‍ക്കത്തില്‍ കലാശിച്ചതു കാരണം അമ്പലംമുക്കു മുതല്‍ ആലഞ്ചേരി വരെയുള്ള രണ്ടു കി.മീ റോഡിന്റെ പണി ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ പുറമ്പോക്കു വസ്തുക്കളില്‍ മാത്രമേ ഇപ്പോള്‍ നിര്‍മാണം നടക്കൂ.
പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷനിലെ വണ്‍വേ ട്രാഫിക് ഇരു പാതകളും ഒന്നാക്കി വീതി കൂട്ടും. പുനലൂര്‍ വെട്ടിപ്പുഴ പാലം, കരവാളൂര്‍ പിറയ്ക്കല്‍ പാലം, അഞ്ചല്‍ മാവിളകനാല്‍ പാലം, കുളത്തൂപ്പുഴ മുപ്പതടിപ്പാലം എന്നിവയുടെ വീതി വര്‍ധിപ്പിക്കും.
അരിപ്പ-കുളത്തൂപ്പുഴ, കുളത്തൂപ്പുഴ-ആലഞ്ചേരി, അഗസ്ത്യക്കോട്-പുനലൂര്‍ കെ.എസ്.ആര്‍.ടി.സി റീച്ചുകളായിട്ടാണ് നിര്‍മാണം. അത്യാധുനിക രീതിയിലുള്ള റബറൈസ്ഡു റോഡാണ് നിര്‍മിക്കുന്നത്. റോഡു നിരന്തരം വെട്ടിപ്പൊളിച്ചു കേബിള്‍ ലൈന്‍ ഇടുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൈപ്പുകളും പ്രത്യേകം ഓടകളും നിര്‍മിക്കും. എന്നാല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ പതയില്‍ സ്ഥാപിച്ചിട്ടുള്ള കൂറ്റന്‍ പൈപ്പുകള്‍ പല സ്ഥലങ്ങളിലും റോഡുയര്‍ത്തുമ്പോള്‍ നിര്‍മാണത്തിന് തടസങ്ങളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."