കാള്‍ ലൂയിസ് 'നൂറ്റാണ്ടിന്റെ ഇതിഹാസം'
ഫ്രെഡറിക് കാള്‍ട്ടണ്‍ ലൂയിസ്. 1984 ലെ തന്റെ ആദ്യ ഒളിംപിക്‌സില്‍ തന്നെ ട്രാക്കില്‍ വിസ്മയം തീര്‍ത്ത ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ രാജകുമാരന്‍. വിശ്വകായിക മേളയിലേക്കുള്ള ആദ്യ വരവില്‍ തന്നെ നാല് സ്വര്‍ണം നേടിയാണ് കാള്‍ ലൂയിസ് മിന്നിതിളങ്ങിയത്. അതിവേഗ ട്രാക്കിലെ വിസ്മയവും ഇതിഹാസവുമായി കാള്‍ ലൂയിസ് വാഴ്ത്തപ്പെട്ടു. ഒറ്റ ഒളിംപിക്‌സില്‍ നാല് സ്വര്‍ണം നേടുന്ന രണ്ടാമത്തെ അമേരിക്ക താരം. കാള്‍ ലൂയിസിന്റെ പെരുമ ലോസ് ആഞ്ചല്‍സില്‍ ഒതുങ്ങിയില്ല. ചരിത്രത്തിലേക്ക് ഓടിക്കയറി കാള്‍. ഒരേ ഇനത്തില്‍ തുടര്‍ച്ചയായി നാല് ഒളിംപിക് മെഡലുകളെന്ന നേട്ടമാണ് കാള്‍ ലൂയിസ് ഓടിപ്പിടിച്ചത്. 1979 മുതല്‍ 96 വരെ നീണ്ട കായിക ജീവിതത്തില്‍ നേട്ടങ്ങളുടെ കൊടുമുടിയിലേക്കാണ് കാള്‍ ഓടിക്കയറിയത്. ഒന്‍പത് സ്വര്‍ണവും ഒരു വെള്ളി മെഡലും ഈ അമേരിക്കന്‍ അത്‌ലറ്റ് നേടി. ലോക ചാംപ്യന്‍ഷിപ്പില്‍ എട്ട് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകള്‍. അതിവേഗത്തിന്റെ ട്രാക്കായ 100, 200 മീറ്ററുകളിലും ലോങ് ജംപിലും ഒരു പോലെ കാള്‍ ലൂയിസ് തിളങ്ങി. അതുകൊണ്ടു തന്നെ രാജ്യാന്തര ഒളിംപിക് സമിതിക്ക് കാള്‍ ലൂയിസിനെ നൂറ്റാണ്ടിലെ കായിക താരമായി തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല.
സുവര്‍ണ ലൂയിസ്
ഹെല്‍സിങ്കിയില്‍ 1981 ല്‍ നടന്ന ആദ്യ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലൂടെയായിരുന്നു കാള്‍ ലൂയിസ് താരമായി ഉയര്‍ന്നത്. അതിവേഗത്തിന്റെ 100 മീറ്ററിലും ലോങ് ജംപിലും 4-100 മീറ്റര്‍ റിലേയിലുമായി ഹാട്രിക് സ്വര്‍ണം നേടിയായിരുന്നു കാള്‍ തിളങ്ങിയത്. തന്റെ ആദ്യ ഒളിംപിക്‌സിന് കാള്‍ ലോസ് ആഞ്ചല്‍സില്‍ എത്തി. ഈ അദ്ഭുത പ്രതിഭയുടെ പ്രകടനം ലോകം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 100 മീറ്റര്‍, 200 മീറ്റര്‍ സ്പ്രിന്റിലും ലോങ്ജംപിലും 4-100 മീറ്റര്‍ റിലേയിലും കാള്‍ ലൂയിസ് സ്വര്‍ണം ഓടിച്ചാടിയെടുത്തു. ഇതിഹാസ അത്‌ലറ്റ് ജെസ്സി ഓവന്‍സിന്റെ നേട്ടത്തിനൊപ്പം ഇതോടെ കന്നി ഒളിംപിക് പോരില്‍ തന്നെ കാള്‍ ലൂയിസ് എത്തി. 100 മീറ്റര്‍ 9.99 സെക്കന്‍ഡിലും 200 മീറ്റര്‍ 19.80 സെക്കന്‍ഡിലുമായിരുന്നു കാള്‍ ലൂയിസ് പിന്നിട്ടത്. അതും ഒളിംപിക് റെക്കോര്‍ഡ് സ്ഥാപിച്ച്.
ലോങ്ജംപില്‍ 8.30 മീറ്റര്‍ ദൂരമാണ് സ്വര്‍ണ നേട്ടത്തിനായി കാള്‍ ലൂയിസ് താണ്ടിയത്. സ്പ്രിന്റ് റിലേയിലും ലോക റെക്കോര്‍ഡോടെയായിരുന്നു പൊന്നണിഞ്ഞത്. 1988 ലെ സോള്‍ ഒളിംപിക്‌സിലും മിന്നലായി പായാനും ദൂരം കീഴടക്കാനും കാള്‍ എത്തി. വെല്ലുവിളിയുമായി കാനഡയുടെ ബെന്‍ ജോണ്‍സണും ഉണ്ടായിരുന്നു. സ്വര്‍ണം മോഹിച്ചു ട്രാക്കിലിറങ്ങിയ കാള്‍ ലൂയിസിനെ 9.79 സെക്കന്‍ഡില്‍ പിന്തള്ളി ഫിനിഷിങ് ലൈന്‍ തൊട്ട ബെന്‍ ജോണ്‍സണിന്റെ പ്രകടനത്തില്‍ കായിക ലോകം അന്തം വിട്ടുനിന്നു. മനുഷ്യസാധ്യമോ ഈ നേട്ടമെന്ന് ലോകം ചിന്തിച്ച സമയം. എന്നാല്‍ ആ സംശയം ശരിവെച്ചു മണിക്കൂറുകള്‍ക്കം വിധിയെത്തി. ഉത്തേജകത്തിന്റെ ശക്തിയിലാണ് മിന്നലായി ബെന്‍ പറന്നതെന്ന് കണ്ടെത്തി.
9.92 സെക്കന്‍ഡില്‍ ലോക റെക്കോര്‍ഡ് കുറിച്ചു പറന്നെത്തിയ ലൂയിസ് തന്നെ സ്വര്‍ണ പതക്കത്തിന് അവകാശിയെന്ന് പ്രഖ്യാപിക്കപ്പെട്ടു.ലോങ്ജംപ് പിറ്റില്‍ 8.72 മീറ്റര്‍ ദൂരം ചാടി കാള്‍ ലൂയിസ് വീണ്ടും സ്വര്‍ണം നേടി. 200 മീറ്ററില്‍ നാട്ടുകാരനായ ജോ ഡി ലോക്കിന് പിന്നിലായി വെള്ളി നേടാനേ ലൂയിസിനായുള്ളു.
ബാഴ്‌സലോണയില്‍ 1992ല്‍ നടന്ന ഒളിംപിക്‌സില്‍ തന്റെ മൂന്നാം അങ്കത്തിന് കാള്‍ ലൂയിസ് എത്തി. സ്പ്രിന്റിലും റിലേയിലും ലോങ്ജംപിലും മാത്രമായിരുന്നു ലൂയിസ് പോരിനിറങ്ങിയത്. ലോങ്ജംപില്‍ 8.67 മീറ്റര്‍ ചാടി തുടര്‍ച്ചയായി മൂന്നു ഒളിംപിക്‌സുകളിലായി ഹാട്രിക് സ്വര്‍ണനേട്ടത്തിന് ഉടമയായി. റിലേയില്‍ ലോക റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം ഓടിയെടുത്തു. 1996 ലെ അത്‌ലാന്‍ഡ ഒളിംപിക്‌സിലും കാള്‍ തന്നെ ലോങ് ജംപിലെ താരമായി. ലോങ് ജംപിലെ തുടര്‍ച്ചയായ നാലാം സ്വര്‍ണം. 8.50 മീറ്റര്‍ ചാടിയാണ് ലൂയിസ് ഒളിംപിക്‌സിലെ നാലാം ലോങ്ജംപ് സ്വര്‍ണം സ്വന്തമാക്കിയത്. ചരിത്ര നേട്ടമായിരുന്നു ഇതിലൂടെ അദ്ദേഹം ചാടിപ്പിടിച്ചത്. ലോക ചാംപ്യന്‍ഷിപ്പുകളിലും കാള്‍ ലൂയിസ് നേട്ടങ്ങളുടെ പറുദീസയിലായിരുന്നു. 1987 ഓഗസ്റ്റ് 30 ന് ഇറ്റലിയിലെ റോമില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ 9.93 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലോക റെക്കോര്‍ഡിന് ഒപ്പമെത്തി. ലോങ് ജംപിലും 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടി കാള്‍ ലൂയിസ് ചരിത്രം സൃഷ്ടിച്ചിരുന്നു.
1988 ഓഗസ്റ്റ് 17 ന് സൂറിച്ചിലും ലൂയിസ് 9.93 സെക്കന്‍ഡില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടി. 1991 ല്‍ ശക്തമായ പോരാട്ടത്തില്‍ അമേരിക്കയുടെ തന്നെ ലിറോയ് ബുറേല്‍ 9.90 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍ രണ്ടു മാസത്തെ ആയുസ് മാത്രമാണ് അതിനുണ്ടായത്.
ടോക്യോ ലോക ചാംപ്യന്‍ഷിപ്പില്‍ കാള്‍ ലൂയിസിന് മുന്നില്‍ അതെല്ലാം പഴങ്കഥയായി. കൊടുങ്കാറ്റായി ഓടിയ കാള്‍ ലൂയിസ് 9.86 സെക്കന്‍ഡില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. കാറ്റിന്റെ ഗതിതിരിഞ്ഞിട്ടും ടോക്യോയില്‍ ലോങ്ജംപിലും 8.87 മീറ്റര്‍ ദൂരം ചാടിക്കടന്നു സ്വര്‍ണം നേടി. ബോബ് ബീമോന്റെ 8.90 മീറ്റര്‍ ലോക റെക്കോര്‍ഡ് വെറും മൂന്ന് സെന്റി മീറ്ററിന്റെ അകലത്തിലാണ് ലൂയിസിന് അന്ന് നഷ്ടമായത്. 4-100 മീറ്റര്‍ റിലേയില്‍ കാള്‍ ലൂയിസും സംഘവും 37.50 സെക്കന്‍ില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടുകയും ചെയ്തു.
കാരുണ്യത്തിന്റെ വഴിയില്‍
വിശ്വകായിക മാമാങ്കത്തിലെ അത്‌ലറ്റിക്‌സിലെ സ്വര്‍ണ കൊയ്ത്തില്‍ കാള്‍ ലൂയിസ് തുല്യമായി അദ്ദേഹം മാത്രമേ ഉള്ളൂ. ചരിത്രം കുറിച്ച പ്രകടനങ്ങളുമായി ട്രാക്കുകളിലും ജംപിങ് പിറ്റുകളിലും വെട്ടിത്തിളങ്ങിയ കാള്‍ ലൂയിസ് 1997 ല്‍ ട്രാക്കിനോട് വിടചൊല്ലി. ട്രാക്ക് വിട്ട കാള്‍ ലൂയിസിനെ പിന്നീട് ലോകം കണ്ടത് അഭിനേതാവായി വെള്ളിത്തിരയില്‍. അവിടെയും ലോകം ലൂയിസിനെ കൈയടികളോടെ തന്നെ വരവേല്‍പ്പു നല്‍കി. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കായിക രംഗത്തെ അമ്വചര്‍ നിലയില്‍ നിന്ന് പ്രൊഫഷനല്‍ ആക്കി മാറ്റുന്നതില്‍ കാള്‍ ലൂയിസിന്റെ പങ്കാളിത്വം വളരെ പ്രധാനപ്പെട്ടതാണ്. എങ്കിലും 1988 സോള്‍ ഒളിംപിക്‌സിലെ ഉത്തേജക മരുന്ന് പരിശോധന ഫലം 15 വര്‍ഷത്തിന് ശേഷം 2003 ല്‍ പുറത്തു വിട്ടതോടെ കാള്‍ ലൂയിസ് എന്ന ഇതിഹാസ താരത്തിന്റെ നേട്ടങ്ങള്‍ക്കു മേലെ കരിനിഴല്‍ വീഴ്ത്തുന്നതായി.
കായിക കുടുംബത്തില്‍ നിന്നും
ട്രാക്കിലേക്ക്
കായിക കുടുംബത്തില്‍ തന്നെയായിരുന്നു കാള്‍ ലൂയിസിന്റെ ജനനം. 1961 ജൂലൈ ഒന്നിന് അലബാമയിലെ ബിര്‍മിങ്ഹാമില്‍ ജനം. മാതാപിതാക്കള്‍ വില്യമും ഈവ്‌ലിന്‍ ലൂയിസും. ഇരുവരും കായിക താരങ്ങള്‍ തന്നെയായിരുന്നു. മാതാപിതാക്കളില്‍ നിന്നും ലഭിച്ച ഊര്‍ജ്ജമാണ് കാള്‍ ലൂയിസിനെയും ട്രാക്കിലെത്തിച്ചത്. ഒളിംപിക്‌സിലും ലോകചാംപ്യന്‍ഷിപ്പിലും പങ്കെടുത്ത ലോങ്ജംപ് താരമാണ് ഇളയ സഹോദരി കരോള്‍ ലൂയിസ്. ആദ്യ പരിശീലനം നല്‍കിയതും പിതാവ് വില്യമായിരുന്നു. 13 ാം വയസില്‍ ലോങ്ജംപില്‍ മത്സര പോരാട്ടത്തിനിറങ്ങി. 1981 മുതല്‍ 1990 കളുടെ ആരംഭം വരെ 100 മീറ്റര്‍, 200 മീറ്റര്‍, ലോങ്ജംപ് റാങ്കിങില്‍ കാള്‍ ലൂയിസ് ആയിരുന്നു പലപ്പോഴും ഒന്നാമന്‍. 1982, 1983, 1984 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ന്യൂസ് കാള്‍ ലൂയിസിനെ ഏറ്റവും മികച്ച കായികതാരമായി തിരഞ്ഞെടുത്തു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി 'നൂറ്റാണ്ടിന്റെ കായിക താര'മായി തിരഞ്ഞെടുത്തപ്പോള്‍ 'സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് മാസിക 'നൂറ്റാണ്ടിന്റെ ഒളിംപ്യനായി കാള്‍ ലൂയിസിനെ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."