എന്തിനാണ് ആ സൂപ്പര്‍ താരത്തെ പുറത്താക്കിയത്? ...കാല്‍പന്ത് പോരാട്ടങ്ങളുടെ വീരഗാഥകള്‍ രചിച്ച ഈസ്റ്റ് ബംഗാള്‍ ക്ലബ് ഇന്ന് നൂറിന്റെ നെറുകയില്‍
ഈസ്റ്റ് ബംഗാള്‍... കാറ്റുനിറച്ച തുകല്‍ പന്തിനെ പ്രണയിക്കുന്ന ജനത ഹൃദയത്തോട് ചേര്‍ത്തുവെച്ച നാമം. സന്തോഷത്തിന്റെ നഗരമായ കൊല്‍ക്കത്തയിലെ 'റെഡ് ആന്‍ഡ് ഗോള്‍ഡ് ബ്രിഗേഡി'ന് നൂറ്റാണ്ടിന്റെ തിളക്കം. 1920 ഓഗസ്റ്റ് ഒന്നിന് പിറവിയെടുത്ത ഈസ്റ്റ് ബംഗാള്‍ ഇന്ന് 100 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ത്യന്‍ ഫുട്ബോളില്‍ ആരവത്തിന്റെ അലകളുയര്‍ത്തിയ ടീമുകളാണ് കൊല്‍ക്കത്തയിലെ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും.
ഗാലറികളെ ത്രസിപ്പിച്ചു മൈതാനങ്ങളില്‍ കാല്‍പന്ത് പോരാട്ടങ്ങളുടെ വീരഗാഥകള്‍ രചിച്ച രണ്ടു ക്ലബുകള്‍. ഇന്ന് ഓഗസ്റ്റ് 1 ന് ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്ത് ഈസ്റ്റ് ബംഗാള്‍ ജന്മമെടുത്തിട്ട് ഒരു നൂറ്റാണ്ട്. രാജ്യത്തെ ഒന്നാംനിര ഫുട്ബോള്‍ ക്ലബുകളിലൊന്ന്. ഏഷ്യയിലെ തന്നെ മികച്ച ക്ലബുകളുടെ പട്ടികയിലും ഈസ്റ്റ് ബംഗാളിനെ കാണാം. ഒരു നൂറ്റാണ്ട് പ്രയാണത്തിനിടെ ഫുട്ബോള്‍ ലോകത്തിന് നല്‍കിയത് വിലമതിക്കാനാവാത്ത സംഭാവനകള്‍.
.
ആസിയാന്‍ ക്ലബ് ചാംപ്യന്‍ ഷിപ്പ് (2003), ഇന്ത്യന്‍ സൂപ്പര്‍ കപ്പ് (3 തവണ), ഐ.എഫ്.എ ഷീല്‍ഡ് (29 തവണ), ദേശീയ ലീഗ് (3 തവണ), ഫെഡറേഷന്‍ കപ്പ് ( 8 തവണ), ഡ്യൂറാന്‍ഡ് കപ്പ് (16 തവണ), കൊല്‍ക്കത്ത ലീഗ് (39 തവണ), റോവേഴ്സ് കപ്പ് (10 തവണ). ഈസ്റ്റ് ബംഗാളിന്റെ നേട്ടങ്ങളുടെ പട്ടിക ഏറെയാണ്.
കിഴക്കന്‍ ബംഗാളിനോടുള്ള അവഗണനയില്‍ നിന്നായിരുന്നു ഈസ്റ്റ് ബംഗാള്‍ ഫുട്ബോള്‍ ക്ലബിന്റെ പിറവി. 1920 ജൂലൈ 28. കൂച്ച്ബിഹാര്‍ ട്രോഫിക്കായുള്ള പോരാട്ടത്തിന്റെ സെമി ഫൈനലില്‍ മോഹന്‍ ബഗാനും ജോറാ ബഗാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. ജോറ ബഗാന്റെ സ്റ്റാര്‍ പ്ലെയര്‍ ശൈലേഷ് ബോസ് അന്തിമ ഇലവനില്‍ നിന്നും പുറത്ത്. കാരണം എന്തെന്നു പോലും വ്യക്തമാക്കാതെയുള്ള പുറത്താക്കല്‍. ജോറ ബഗാന്‍ ക്ലബിന്റെ വൈസ് പ്രസിഡന്റായ സുരേഷ് ചൗധരി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാരണം വ്യക്തമാക്കാനോ ശൈലേഷ് ബോസിനെ കളിപ്പിക്കാനോ തയ്യാറായില്ല.
കിഴക്കന്‍ ബംഗാളിനോടുള്ള അവഗണനയും പ്രാദേശിക വേര്‍തിരിവുമാണെന്ന് തിരിച്ചറിഞ്ഞ സുരേഷ് ചൗധരി ജോറ ബഗാന്റെ ഉപാധ്യക്ഷ സ്ഥാനം രാജിവച്ചു. ഇതിന് പിന്നാലെയായിരുന്നു 1920 ഓഗസ്റ്റ് ഒന്നിന് ഈസ്റ്റ് ബംഗാള്‍ ഫുട്ബോള്‍ ക്ലബ് ജന്മം കൊണ്ടത്. രാജ മന്‍മഥ നാഥ് ചൗധരി, ശൈലേഷ് ബോസ്, രമേഷ് ചന്ദ്ര സെന്‍, അരൊബിന്ദോ ഘോഷ് തുടങ്ങിയവര്‍ ഒപ്പം ചേര്‍ന്നതോടെ പുതിയ ക്ലബ് രൂപം കൊണ്ടു. പുതിയ ഫുട്ബോള്‍ ക്ലബിന് അവര്‍ ഈസ്റ്റ് ബംഗാള്‍ ക്ലബ് എന്ന നാമം നല്‍കി. പിന്നീടുള്ളതെല്ലാം ചരിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."