കുട്ടിപ്പട ഇന്ന് സ്‌കൂളിലേക്ക്
പൊതുവിദ്യാലയങ്ങളോടുള്ള
ആഭിമുഖ്യം വര്‍ധിക്കുന്നെന്ന് കണക്കുകള്‍
കല്‍പ്പറ്റ: പൊതുവിദ്യാലയങ്ങളോടുള്ള ആഭിമുഖ്യം രക്ഷിതാക്കള്‍ക്കിടയില്‍ വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നെന്ന് എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ജി.എന്‍ ബാബുരാജ്. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍നിന്നു ടിസി വാങ്ങി പൊതുവിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുകയാണ്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ബത്തേരി ഉപജില്ലയില്‍ 645ഉം മാനന്തവാടിയില്‍ 450ഉം വൈത്തിരി ഉപജില്ലയില്‍ 500ഉം കുട്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നു പൊതുവിദ്യാലയങ്ങളിലേക്ക് മാറിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളോടുള്ള രക്ഷിതാക്കളുടെ സമീപനത്തില്‍ ഉണ്ടായ വ്യത്യാസമാണ് ഇത് പ്രകടമാക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളും വിദ്യാഭ്യാസ നിലവാരവും വര്‍ധിച്ചതാണ് ഇതിനു കാരണം. ജില്ലയിലെ ഓരോ പൊതുവിദ്യാലയവും മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. വിദ്യാലയ നടത്തിപ്പില്‍ രക്ഷിതാക്കളുടെ സജീവമായ ഇടപെടലുകളാണ് ഉണ്ടാകുന്നത്.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷക്കൊത്ത് അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതികള്‍ നടന്നുവരികയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ 2670 അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം നല്‍കി. സാധാരണ പാഠ്യവിഷയങ്ങള്‍ക്കുപുറമേ വിവരസാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തിയായിരുന്നു പരിശീലന പദ്ധതി. ഇക്കുറി ജില്ലാതല പ്രവേശനോത്സവം നടത്തുന്ന തിരുനെല്ലി എടയൂര്‍ക്കുന്ന് ജി.എല്‍.പി സ്‌കൂളില്‍ ഏതാനും വര്‍ഷം മുന്‍പ് 132 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇന്ന് നിലവില്‍ 304 പഠിതാക്കളുണ്ട്. കഴിഞ്ഞവര്‍ഷം 80 കുട്ടികളാണ് ഈ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ് പ്രവേശനം നേടിയത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്നു സ്‌കൂളുകളിലേക്കും തിരിച്ചും വാഹന സൗകര്യം ഏര്‍പ്പെടുത്തിയതും പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ എത്തുന്നതിനു സഹായകമായിട്ടുണ്ട്. വിദ്യാലയങ്ങളില്‍നിന്നു ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോകുന്നത് തടയാനും പ്രായമെത്തിയ മുഴുവന്‍ കുട്ടികളുടെയും സ്‌കൂള്‍ പ്രവേശനം ഉറപ്പുവരുത്താനും വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും ബാബുരാജ് പറഞ്ഞു.
'ഒന്നാം തരം' തന്നെ മാതമംഗലം സ്‌കൂള്‍
സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം ഡോറ. കുട്ടികള്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ തയാറാക്കിയിട്ടുള്ള ഹൈടെക് ക്ലാസ് റൂമുകള്‍. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ സൗകര്യങ്ങളില്‍ കുട്ടികളെ വരവേല്‍ക്കാനൊരുങ്ങുകയാണ് മാതമംഗലം സ്‌കൂള്‍.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് ഒന്നാം തരം എന്ന സന്ദേശമുയര്‍ത്തിയാണ് സ്‌കൂളില്‍ ഹൈടെക് ക്ലാസ് റൂമുകള്‍ തയാറാക്കിയത്. രക്ഷിതാക്കളെയും കുട്ടികളെയും പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമുണ്ടിതിന്. ഇതിനായാണ് പി.ടി.എ യുടെയും പൊതുജനങ്ങളുടെ സഹായത്തോടെയും ഒരു ലക്ഷം രൂപ മുടക്കി മാതമംഗലം സ്‌കൂളിലെ ഒന്നാം ക്ലാസ് ഹൈടെക്കാക്കിയിരിക്കുന്നത്. എല്ലാ വിധ ഹൈടെക് സംവിധാനങ്ങളും ക്ലാസ് റൂമില്‍ ഒരുക്കിയിട്ടുണ്ട്. ഡസ്റ്റ് ഫ്രീയാക്കുന്നതിന്റെ ഭാഗമായി ബ്ലാക്ക് ബോര്‍ഡിന് പകരം വൈറ്റ്‌ബോര്‍ഡ്, ചുവരുകളിലെ ചിത്രങ്ങള്‍, പ്രൊജക്ടര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ക്ലാസ് റൂമിലൊരുക്കിയിട്ടുണ്ട്. ക്ലാസ് റൂമിന്റെ ഉദ്ഘാടനം ജില്ലപഞ്ചായത്തംഗം ബിന്ദുമനോജ് നിര്‍വഹിച്ചു.
നൂല്‍പ്പുഴ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാലന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം നസീറ ഇസ്മായില്‍,അനിത, അനില്‍, പി.സി ഗീത, എം.എ പൗലോസ് സംസാരിച്ചു.
ജില്ലാതല പ്രവേശനോത്സവം മന്ത്രി
വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ: പുതിയ അധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചും പുതുതായി എത്തുന്ന കുരുന്നുകള്‍ക്ക് സ്വാഗതമരുളിയും ജില്ലയിലെ വിദ്യാലയങ്ങളില്‍ ഇന്ന് പ്രവേശനോത്സവം നടക്കും.
ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം എടയൂര്‍ക്കുന്ന് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ രാവിലെ ഒന്‍പതിന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനാകും. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ശാലസിദ്ധി രേഖ പ്രകാശനവും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പൂര്‍വ്വ വിദ്യാര്‍ഥികളില്‍ നിന്ന് സംഭാവന ഏറ്റുവാങ്ങുകയും ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിയും മികവ് പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്തും നിര്‍വഹിക്കും.
'കുട്ടികളെ എത്തിക്കാന്‍ യാത്രാപടി'..!
സുല്‍ത്താന്‍ ബത്തേരി: ഗോത്രവര്‍ഗ വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനും ഇവരുടെ കൊഴിഞ്ഞുപോക്കു തടയുന്നതിനുമായി നിരവധി പദ്ധതികളാണ് വിവിധ വകുപ്പുകളെ യോജിപ്പിച്ചുകൊണ്ടു ഓരോ അധ്യയന വര്‍ഷവും നടപ്പാക്കുന്നത്.
ഇത്തവണ എസ്.എസ്.എസ്.എ ജില്ലയില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഗോത്രവര്‍ഗ കുട്ടികള്‍ക്ക് 'യാത്രാപടി' നല്‍കല്‍. ജില്ലയിലെ 968 കുട്ടികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
ഒരു വര്‍ഷത്തേക്ക് ഒരു കുട്ടിക്ക് 3000 രൂപയാണ് യാത്രാപടിയായി നല്‍കുക. ഇതിനായി എസ്.എസ്.എ 29 ലക്ഷം രൂപയാണ് ജില്ലക്ക് അനുവദിച്ചിരിക്കുന്നത്. യാത്രാപടി നേരിട്ട് കുട്ടികള്‍ക്ക് നല്‍കുകയല്ല ചെയ്യുക.
എച്ച്.ഐ.എം യു.പി സ്‌കൂളില്‍
പ്രവേശനോത്സവവും ഹൈടെക്
കല്‍പ്പറ്റ: ജില്ലയിലെ ആദ്യ എയ്ഡഡ് ഹൈടെക് വിദ്യാലയമായ കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍ പ്രവേശനോത്സവവും ഹൈടെക്കായി നടക്കും. ചടങ്ങില്‍ അക്ഷര കിരീടമണിഞ്ഞെത്തുന്ന നവാഗതര്‍ തന്നെയാവും പ്രധാനാഥിതികള്‍.
വിദ്യാലയത്തിന് പുറത്തു നിന്ന് പി.ടി.എ അംഗങ്ങളാണ് നവാഗതരെ പ്രത്യേകം തയാറാക്കിയ സ്‌കൂള്‍ അങ്കണത്തിലേക്ക് ആനയിക്കുക. ''വിദ്യയുടെ മധു നുകരാം നമുക്ക് ആദ്യാക്ഷരത്തിലൂടെ'' എന്ന പരിപാടിക്ക് ഇതോടെ തുടക്കമാവും. സ്‌കൂള്‍ മാനേജര്‍, എച്ച്.എം, പി.ടി.എ പ്രസിഡന്റ്, മദര്‍ പി.ടി.എ പ്രസിഡന്റ് എന്നിവര്‍ നവാഗതരെ അക്ഷര മാലയണിയിക്കും.
വിദ്യയുടെ തിരുമുറ്റം അക്ഷരം കൊണ്ടലംകൃതമാക്കി മാറ്റാന്‍ നവാഗതര്‍ പ്രത്യേകം തയാറാക്കിയ ഔട്ട്‌ലൈനില്‍ നിന്ന് കൊണ്ട് അക്ഷരമുറ്റം തീര്‍ക്കും. ഈ അവസരത്തില്‍ ഈ വര്‍ഷത്തെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവേശനോത്സവ ഗാനാലാപനവും കുട്ടികള്‍ അക്ഷരമുറ്റത്ത് അവരണിഞ്ഞ അക്ഷരങ്ങള്‍ കൊണ്ട് നൃത്തവും ചെയ്യും.
നല്ല നാളേക്കുള്ള പ്രതീക്ഷകളോടെ അക്ഷര ബലൂണുകളും വിദ്യാര്‍ഥികള്‍ പറത്തും. തുടര്‍ന്ന് പ്രവേശനോത്സവ ചടങ്ങുകള്‍ നടക്കും. ചടങ്ങില്‍ നവാഗതരെ സമ്മാനങ്ങള്‍ വിതരണം ചെയ്ത് മധുരം നല്‍കി ഒന്നാം ക്ലാസിലേക്ക് പ്രവേശിപ്പിക്കും.
വിദ്യാഭ്യാസ പദ്ധതികളുടെ ആസൂത്രകന്‍ പടിയിറങ്ങുന്നു
കണിയാമ്പറ്റ: ജില്ലയിലെ വിദ്യഭ്യാസ മേഖലയില്‍ നിരവധി പരിവര്‍ത്തനങ്ങള്‍ നടത്തിയ സി.കെ പവിത്രന്‍ അധ്യാപക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നു.
കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ ഇദ്ദേഹം 1985ല്‍ കണ്ണൂര്‍ ജില്ലയിലെ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരി ഗവ. ഹൈസ്‌കൂളിലും.
തുടര്‍ന്ന് വയനാട് ജില്ലയിലെ വൈത്തിരി ഗവ. ഹൈസ്‌കൂളിലും പിന്നീട് നീണ്ട പതിനെട്ടു വര്‍ഷം കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ജോലി ചെയ്തു.
പിന്നാക്ക ജില്ലയായ വയനാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ സൂത്രധാരനായ സി.കെ പവിത്രന് ദേശീയ അധ്യാപക അവാര്‍ഡും സംസ്ഥാന അധ്യാപക അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മികച്ച ചിത്രകാരന്‍, ജില്ല, സംസ്ഥാന കലാമേളകളുടെ മികച്ച സംഘാടകന്‍, സംസ്ഥാന അധ്യാപക പരിശീലകന്‍, വിദ്യാര്‍ഥികളില്‍ ജനാധിപത്യമൂല്യം വളര്‍ത്താനുതകുന്ന മോക് പാര്‍ലമെന്റ് സംസ്ഥാനതല പരിശീലകന്‍, ഗിഫ്റ്റഡ് കുട്ടികളുടെ ചുമതലക്കാരന്‍, ജില്ലാ വിദ്യാഭ്യാസ സമിതി അംഗം, ഗോത്ര വര്‍ഗവിദ്യാര്‍ഥികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഗോത്രസാരഥി, ഗോത്രവെളിച്ചം പദ്ധതികളുടെ ആസൂത്രകന്‍ എന്നീ നിലകളിലെല്ലാം തനത് വ്യക്തിത്വത്തിനുടമയാണ് കണിയാമ്പറ്റയുടെ സ്വന്തം മാഷ്.
വിദ്യഭ്യാസ, രാഷ്ട്രീയ സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, ശിഷ്യ സമ്പത്തില്‍ ധനാഢ്യനായ പവിത്രന്‍ മാഷാണ് ജില്ലയിലെ ഒട്ടുമിക്ക മേളകളുടെയും എംബ്ലം തയ്യാറാക്കിയിട്ടുള്ളത്. ഏച്ചോം സര്‍വോദയ സ്‌കൂളിലെ അധ്യാപികയായ എ.ജെ ആലീസ് ആണ് ഭാര്യ. ഏക മകന്‍ ശ്യാം വിപിന്‍ പീച്ചങ്കോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."