കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോകുന്നത് പുത്തനുടുപ്പും പുസ്തകങ്ങളുമില്ലാതെ
തൊടുപുഴ: തോട്ടം മേഖലയിലെ പതിമൂവായിരത്തോളം കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത് പുത്തന്‍ ഉടുപ്പും കുടയും പാഠപുസ്തകങ്ങളുമില്ലാതെ. തകര്‍ന്ന ലയങ്ങളില്‍ നിന്നും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായാണ് ഈ കുട്ടികള്‍ സ്‌കൂളുകളിലേക്ക് യാത്രയാവുന്നത്.
ഹൈറേഞ്ചിലെ നൂറുകണക്കിന് തോട്ടങ്ങളാണ് പ്രതിസന്ധിയേത്തുടര്‍ന്ന് അടച്ചുപൂട്ടിയത്. ഇതില്‍ പലതും വില്‍പന നടത്തി. അടച്ചുപൂട്ടിയ തോട്ടം മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെല്ലാം പാഴാവുന്ന കാഴ്ചയാണ് നാം കാണുന്നത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ചീഫ് പ്ലാന്റേഷന്‍ ഓഫിസര്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, അംഗീകൃത ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ അംഗങ്ങളുമായ പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റി ഈ അധ്യയന വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയാറാക്കിയിട്ട് ഒരു മാസം കഴിഞ്ഞു. എന്നാല്‍ ഇതിന് ഇതുവരെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല. അതിനാലാണ് പുസ്തകവും, വസ്ത്രവും കുടയുമില്ലാതെ കുട്ടികള്‍ സ്‌കൂളിലേക്ക് പോകേണ്ടി വരുന്നത്.
ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്ക് രണ്ട് സെറ്റ് യൂനിഫോം, ഒന്നു മുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് നോട്ട് ബുക്കുകള്‍, പാഠപുസ്തകങ്ങള്‍, കുട, പേന, സ്ലേറ്റ്, ഒരു വിദ്യാര്‍ഥിക്ക് ഒരാഴ്ചയില്‍ 5 കിലോഗ്രാം സൗജന്യ റേഷന്‍ എന്നിവ ഉള്‍പ്പെട്ട പദ്ധതിക്കാണ് പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റി രൂപം നല്‍കിയത്.
ഒരു കോടി രൂപയാണ് പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവാക്കിയത്. യൂനിഫോമിന് 38 ലക്ഷം, തുന്നല്‍ ചെലവിന് 18 ലക്ഷം, സ്‌കൂള്‍ ബാഗ് 22 ലക്ഷം, നോട്ട് ബുക്ക് 9 ലക്ഷം, പാഠപുസ്തകം 3 ലക്ഷം എന്നിങ്ങനെയായിരുന്നു ചെലവഴിച്ചത്.
ഇത് വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നതിനായി വേറെയും ലക്ഷങ്ങള്‍ ചെലവഴിച്ചതായി കണക്കിലുണ്ട്. സ്‌കൂള്‍ ബാഗ്, തുണി എന്നിവ വാങ്ങിയതില്‍ വ്യാപകമായ ക്രമക്കേടുള്ളതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ കിട്ടാത്തതിനാല്‍ തയിച്ച യൂനിഫോം രണ്ടുമാസം കെട്ടിവച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു ജോഡി വസ്ത്രങ്ങള്‍ നല്‍കിയവര്‍ക്ക് ഈ വര്‍ഷം യൂനിഫോം നല്‍കേണ്ടതില്ലെന്നാണ് പ്ലാന്റേഷന്‍ റിലീഫ് കമ്മറ്റിയുടെ തീരുമാനം. കുട്ടികള്‍ താമസിക്കുന്ന ചോര്‍ന്നൊലിക്കുന്ന ലയങ്ങള്‍ നന്നാക്കാന്‍ പദ്ധതി ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല. സമൂഹത്തിന്റെ മറ്റ് തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുട്ടികള്‍ സ്വകാര്യ വാഹനങ്ങളിലും സ്‌കൂള്‍ ബസുകളില്‍ ആഹ്ലാദതിമിര്‍പ്പോടെ സ്‌കൂളുകളില്‍ എത്തുമ്പോള്‍ അര വയറുമായി കിലോമീറ്ററുകല്‍ നടന്നാണ് തോട്ടം മേഖലയിലെ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തുന്നത്. വസ്ത്രമോ, കുടയോ, പുസ്തകങ്ങളോ ഇല്ലെങ്കിലും ഇന്നുമുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുമെന്നാണ് തോട്ടം മേഖലയിലെ രക്ഷിതാക്കള്‍ പറയുന്നത്. ഉച്ചക്ക് ലഭിക്കുന്ന ഒരു നേരത്തെ ആഹാരം ലക്ഷ്യംവച്ചാണ് ഇത്. അല്ലാതെ ഉന്നത തൊഴിലോ വിദ്യാഭ്യാസമോ ലക്ഷ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."