നിര്‍ദിഷ്ട കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി സെന്ററിന് 300 കോടി
മട്ടന്നൂര്‍: കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ വെള്ളിയാംപറമ്പിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ 300 കോടി രൂപ ചെലവില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി സെന്റര്‍ വരുന്നു. ഇതിന് കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കും. മാനേജ്‌മെന്റ് ട്രെയിനിങ്, ഇന്റര്‍നാഷണല്‍ ട്രെയിനിങ്, പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പരിശീലനം, തൊഴില്‍ സംരംഭകര്‍ക്ക് പരിശീലനവും നിര്‍ദേശവും നല്‍കുക തുടങ്ങിയവയാണ് സെന്ററിന്റെ ലക്ഷ്യം. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, കിന്‍ഫ്ര എം.ഡി ഡോ. എം ബീന, മാനേജര്‍ കെ സുധാകരന്‍, കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം അഡ്വാന്‍സ് ടെക്‌നോളജി സെന്റര്‍ ഡയരക്ടര്‍ പി.വി വേലായുധന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കൈമാറാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ പ്ലാന്‍ പരിശോധിച്ച ശേഷം മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നടപടികള്‍ പൂര്‍ത്തീകരിച്ച് കേന്ദ്രചെറുകിട വ്യവസായ മന്ത്രാലയത്തിന് ഉടന്‍ സ്ഥലം കൈമാറും. കിന്‍ഫ്ര ഉദ്യോഗസ്ഥരായ കെ.വി ഗംഗാധരന്‍, പി മുരളീധരന്‍, കെ.എന്‍ ശ്രീകുമാര്‍, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ എന്നിവരും ഒപ്പമുണ്ടായി.
കണ്ണൂരിന്റെ വ്യാവസായിക പ്രതീക്ഷയായ കിന്‍ഫ്ര പാര്‍ക്ക് കീഴല്ലൂര്‍ പഞ്ചായത്തില്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജിന് സമീപത്താണ് യാഥാര്‍ഥ്യമാകുന്നത്. 55 കോടി രൂപ ചെലവിട്ട് ഇതിനകം 130 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. രണ്ടാംഘട്ടത്തില്‍ 60 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നിര്‍ദേശം കിന്‍ഫ്ര സംസ്ഥാനസര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."