നെഹ്റു ട്രോഫി അന്താരാഷ്ട്ര ജലമേള നവംബര്‍ 10ന്
ആലപ്പുഴ: പ്രളയാനന്തര കേരളത്തിനും കുട്ടനാടിനും കൈത്താങ്ങാകാന്‍ നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് പുന്നമടക്കായലില്‍ സംഘടിപ്പിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയാകും. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന വള്ളംകളിയുടെ മത്സരക്രമങ്ങള്‍ക്കു മാറ്റമുണ്ടാകില്ലെന്നും പുതിയ രജിസ്‌ട്രേഷന്‍ ഉണ്ടാകില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് എന്‍.ടി.ബി.ആര്‍ സൊസൈറ്റി യോഗത്തിനുശേഷം വ്യക്തമാക്കി.
പ്രളയാനന്തര കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വള്ളംകളിയോടെ സംസ്ഥാനത്തെ ടൂറിസം മേഖല രാജ്യാന്തര സമൂഹത്തിനായി തുറന്നിടുകയാണെന്നും മന്ത്രി പറഞ്ഞു. പ്രളയാനന്തരം കേരളവും കുട്ടനാടും സുരക്ഷിതമാണെന്നും വിനോദ സഞ്ചാരികള്‍ക്ക് പ്രാപ്യമാണെന്നുമുള്ള സന്ദേശമാണു വള്ളംകളിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരില്‍നിന്നു സഹായം ഒന്നുമുണ്ടാകില്ല.
വിവിധ മേഖലകളില്‍നിന്നുള്ള പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക. ഒരു കോടി രൂപ ഇതിനകം വള്ളംകളിക്കായി ചെലവഴിച്ചിരുന്നു. വിവിധ സമതികള്‍ യോഗം ചേര്‍ന്ന് ആര്‍ഭാടമൊഴിവാക്കി കുറഞ്ഞ ചെലവില്‍ വള്ളംകളി നടത്താനാണു തീരുമാനം.
അന്‍പതു ലക്ഷം രൂപയുടെ ടിക്കറ്റെങ്കിലും പുതുതായി വിറ്റഴിച്ചാല്‍ വള്ളംകളി നഷ്ടമില്ലാതെ നടത്താനാകും. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് ഈ വെല്ലുവിളിയെ ഏറ്റെടുക്കുന്നത്. പരമാവധി ടിക്കറ്റുകള്‍ വാങ്ങി കുട്ടനാടിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലായി ഈ മത്സരത്തെ മാറ്റണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. സ്റ്റാര്‍ട്ടിങ് സംവിധാനം, പന്തല്‍ എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഇതിനകം ഒരു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. ക്ലബുകള്‍ക്കുണ്ടായിട്ടുള്ള നഷ്ടം വളരെ വലുതാണ്. അവരുടെ കൂടി താല്‍പ്പര്യമാണ് വള്ളംകളി നടക്കണമെന്നതെന്ന് ഐസക് ചൂണ്ടിക്കാട്ടി.
ഇതിനകം ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയവര്‍ക്കെല്ലാം പണം മടക്കിനല്‍കിയിട്ടുണ്ട്. പണം നല്‍കി ടിക്കറ്റെടുത്തവരില്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം പണം മടക്കിനല്‍കി. ബാക്കിയുള്ളവര്‍ക്ക് കൈയിലുള്ള ടിക്കറ്റുപയോഗിച്ചു കളി കാണാം. നിലവില്‍ ടൂറിസം വകുപ്പിന് വിനോദസഞ്ചാര മേഖലയില്‍ പുതിയ പദ്ധതികള്‍ ഈ സീസണില്‍ ഇല്ലാത്തതിനാല്‍ ടൂറിസം വകുപ്പും വള്ളംകളിക്ക് ആവശ്യമായ പ്രചരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളം ടൂറിസത്തിനു സര്‍വസജ്ജമാണെന്ന സന്ദേശം ഇതുവഴി രാജ്യാന്തരതലത്തില്‍ പ്രചരിപ്പിക്കാനാകുമെന്നും ലോകത്തിന്റെ മുഴുവന്‍ പിന്തുണയും വള്ളംകളിക്കുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
സൊസൈറ്റി യോഗത്തില്‍ ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. സുഹാസ് അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, സെക്രട്ടറിയായ സബ് കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ, ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ഹരന്‍ബാബു, സമിതിയംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."