മഴക്കാല കൃഷി: വെണ്ട..
കേരളത്തില്‍ മഴക്കാലം വന്നെത്തിയിരിക്കുകയാണ്. മഴക്കാലത്ത് ഏറ്റവും നന്നായി വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ട കൃഷിക്ക് ഏറ്റവും യോജിച്ച കാലാവസ്ഥയാണ് മഴക്കാലം.
ആഫ്രിക്കന്‍ ദേശക്കാരനാണ് വെണ്ട. എന്നാല്‍, മഴക്കാലം വെണ്ടച്ചെടികളുടെ ആരോഗ്യകാലം കൂടിയാണ്. എന്തെന്നാല്‍ വെണ്ടച്ചെടിയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകള്‍ മഴക്കാലത്ത് കുറവായിരിക്കും എന്നതാണത്. അതിനാല്‍ തന്നെ ആരോഗ്യത്തോടെ വളര്‍ന്ന് മികച്ച കായ്ഫലം മഴക്കാലത്ത് വെണ്ട നല്കുന്നു.
വിവിധയിനങ്ങള്‍ വെണ്ടയിലുണ്ട്. നരപ്പ് രോഗത്തിനെതിരേ മികച്ച പ്രതിരോധശേഷിയുള്ള അര്‍ക്ക അനാമിക, മഞ്ജിമ, വര്‍ഷ, ഉപഹാര എന്നിവയും കൂടാതെ സല്‍കീര്‍ത്തി, സുസ്ഥിര, അഞ്ജിത, കിരണ്‍, അരുണ എന്നിവയെല്ലാം കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങളാണ്.
മെയ്മാസം പകുതിയാവുമ്പോള്‍ വെണ്ട കൃഷിക്ക് വിത്തിടാവുന്നതാണ്. അടുക്കള കൃഷി ചെയ്യുന്നവര്‍ക്ക് ഗ്രോബാഗുകളില്‍ നടാവുന്നതാണ്. നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 45 സെ.മീറ്ററും വരികള്‍ തമ്മില്‍ 60 സെ.മീറ്റര്‍ അകലം പാലിക്കണം. നടുന്നതിന് മുമ്പ് 12 മണിക്കൂര്‍ മുമ്പ് വെണ്ട വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തിടാന്‍ ശ്രദ്ധിക്കുമല്ലോ... എന്തെന്നാല്‍, വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ എന്ന തോതില്‍ എടുത്താല്‍ വാട്ടരോഗത്തെ ഒഴിവാക്കാം.
വിത്തിട്ട ശേഷം മുളച്ചുവരുന്നത് വരെ ചെറിയ നന ആവശ്യമാണ്. ജൂണ്‍ ആവുമ്പോഴേക്കും മഴ ലഭിക്കുന്നതോടെ ചെടികള്‍ തഴച്ചുവളരാന്‍ തുടങ്ങും. നട്ട് 40-45 ദിവസം കൊണ്ട് പൂവിടുകയും പിന്നെയുള്ള മൂന്ന് മാസക്കാലം കായ്ഫലം ലഭിക്കുകയും ചെയ്യും.
കപ്പലണ്ടിപ്പിണ്ണാക്ക്, ചാണകം, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്‍ വെണ്ടയ്ക്ക് നല്‍കാവുന്നതാണ്. ഒരു ചെടിക്ക് അര കിലോ ജൈവവളമെങ്കിലും നല്‍കണം. വെണ്ട വേനല്‍ക്കാലത്ത് നടാമെങ്കിലും കീടാക്രമങ്ങള്‍ കൂടുതലായതിനാല്‍ ഏറ്റവും നല്ലത് മഴക്കാലമാണ് യോജിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."