നര്‍സിങിന്റെ ഒളിംപിക് പങ്കാളിത്തം: അന്തിമ വിധി ഇന്ന്
ന്യൂഡല്‍ഹി: ഉത്തേജക വിവാദത്തില്‍ പെട്ട ഗുസ്തി താരം നര്‍സിങ് യാദവിന്റെ ഒളിംപിക് പങ്കാളിത്തത്തില്‍ അന്തിമ തീരുമാനം ഇന്ന്. കഴിഞ്ഞ ദിവസം ചേര്‍ന്ന നാഡയുടെ അച്ചടക്ക സമിതി താരത്തിനെതിരേയുള്ള നടപടി തിങ്കളാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. നേരത്തെ ശനിയാഴ്ച്ച വൈകിട്ട് അന്തിമ തീരുമാനമുണ്ടാകുമെന്ന് നാഡ അറിയിച്ചിരുന്നെങ്കിലും യോഗത്തില്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു.
അതേസമയം താരത്തിന് അനുകൂല നടപടി ഉണ്ടാവില്ലെന്ന് നാഡ സൂചിപ്പിച്ചിട്ടുണ്ട്. അന്തിമ വിധി അറിയാനായി നര്‍സിങും അദ്ദേഹത്തിന്റെ അഭിഭാഷകരും നാഡ കേന്ദ്രത്തിലെത്തിയിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് നാലു മണിയോടെ ഫലം പുറത്തു വിടുമെന്ന് നാഡ വ്യക്തമാക്കി. അച്ചടക്ക സമിതിയിലെ അംഗങ്ങള്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. അതിലുപരി നര്‍സിങ് സമര്‍പ്പിച്ച രേഖകള്‍ സൂക്ഷമതയോടെ വിലയിരുത്തുന്നത് കൊണ്ടാണ് അന്തിമ തീരുമാനം വൈകുന്നതെന്ന് നാഡയുടെ ഡയറക്ടര്‍ ജനറല്‍ നവീന്‍ അഗര്‍വാള്‍ പറഞ്ഞു.
നര്‍സിങിന്റെ ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ നാഡയ്ക്ക് മുന്നിലുണ്ട്. അതില്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പരാമര്‍ശമുണ്ട്. കൃത്യമായ വിധി ഇവയൊക്കെ വിലയിരുത്തി മാത്രമേ പുറത്തു വിടാന്‍ സാധിക്കുവെന്ന് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വാദത്തിന്റെ ഘട്ടത്തില്‍ താരത്തിന്റെ ആരോപണങ്ങള്‍ തെളിവില്ല എന്ന ചൂണ്ടിക്കാട്ടി നാഡ തള്ളിയിരുന്നു. ഇക്കാരണത്താല്‍ താരത്തിനെതിരേ വിലക്കടക്കമുള്ള നടപടികള്‍ ഉണ്ടാവാനാണ് സാധ്യത. റിയോയിലേക്ക് താരത്തിന് പകരക്കാരനായി പ്രവീണ്‍ റാണ തന്നെ പോകുമെന്നാണ് നാഡ നല്‍കുന്ന പരോക്ഷമായ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."