ഊളേരിയില്‍ മദ്യഷാപ്പിനെതിരേയുള്ള സമരത്തില്‍ സംഘര്‍ഷം; ആത്മഹത്യാ ഭീഷണി
പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്തിലെ ഊളേരിയില്‍ പുതുതായി വിദേശമദ്യ ഷോപ്പ് സ്ഥാപിക്കാന്‍ മദ്യമിറക്കുന്നത് രണ്ടാം ദിവസവും സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. മദ്യമിറക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി മൂന്ന് യുവാക്കള്‍ തെങ്ങിലും മരത്തിലും കയറിയപ്പോള്‍ രണ്ട് സ്ത്രീകള്‍ മണ്ണെണ്ണ ദേഹത്തൊഴിച്ചും നിലയുറപ്പിച്ചു.
ഇവര്‍ക്ക് പിന്‍തുണയുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വന്‍ ജനക്കൂട്ടവും സംഘടിച്ചതോടെ ബലപ്രയോഗത്തിന് തയാറെടുത്ത പൊലിസ് പിന്‍വാങ്ങി. ഡെപ്യൂട്ടി തഹ്‌സില്‍ദാര്‍ കെ. കെ. രവീന്ദ്രന്‍ സ്ഥലത്തെത്തി പ്രദേശത്തെ വിവരങ്ങള്‍ കലക്ടറെ ധരിപ്പിച്ചു. തുടര്‍ന്ന് കലക്ടര്‍ ഇവിടെ മദ്യഷോപ്പ് തുടങ്ങുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ സ്റ്റോക്ക് ഇറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി ലോറി കൂരാച്ചുണ്ട് സ്റ്റേഷനിലേക്കയച്ചു. പേരാമ്പ്ര ഫയര്‍ഫോഴ്‌സും സ്ഥലതെത്തിയിരുന്നു. നാദാപുരം ഡിവൈ എസ്.പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ധീഖ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിഞ്ചിയോസ് ഇഞ്ചനാനിയല്‍, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് എം. ഋഷികേശന്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ. രാജേഷ്, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം, എം. മോഹനന്‍ മാസ്റ്റര്‍, അഗസ്റ്റ്യന്‍ കാരക്കട, കെ.കെ രജീഷ്, ജയപ്രകാശ് കായണ്ണ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. സമരസമിതി ചെയര്‍മാന്‍ ഇ.ജെ ദേവസ്യ, കണ്‍വീനര്‍ ധന്യ കൃഷ്ണകുമാര്‍, ട്രഷറര്‍ ജോബി മ്ലാകുഴി ഇ.എം രവീന്ദ്രന്‍, ബിന്ദു പ്രേമചന്ദ്രന്‍, അജിതാ രാജന്‍, നിമിഷ ബോസ്, സുധ പുളിക്കൂപ്പറമ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ആറു ദിവസമായി ഇവിടെ സമരം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."