വൈദ്യുതി ബില്ലടച്ചില്ല: ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളിന്റെ ഫ്യൂസ് ഊരി
ഫറോക്ക്: സ്‌കൂള്‍ തുറക്കുന്നതിന്റെ ഒരുനാള്‍ മുന്‍പ് ബേപ്പൂര്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളിലെ ഫ്യൂസ് ഊരി. എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നു പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതി ബില്ല് മാസങ്ങളായി കുടിശ്ശിക വരുത്തിയതിന്റെ പേരിലാണ് ഇന്നലെ രാവിലെ കെ.എസ്.ഇ.ബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. ഇതോടെ ടെക്‌നിക്കല്‍ സ്‌കൂളിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷനുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.
ടെക്‌നിക്കല്‍ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ ഇടയാക്കിയത്. ഫിഷറീസ് വകുപ്പിലെ ഡി.ഡി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും പണമടക്കാതെ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പ്രധാനാധ്യാപിക പണമടക്കുന്നതില്‍ നിന്നു ഒഴിഞ്ഞുമാറുകയായിരുന്നു. ഫിഷറീസ് വകുപ്പ് പലവിധ കാര്യങ്ങള്‍ക്കായി സ്‌കൂളിനു ഫണ്ട് അനുവദിക്കുന്നുണ്ട്.
ഇതില്‍നിന്ന് മുന്‍കൂറായി എടുത്ത് വൈദ്യുതി ബില്ല് അടക്കാമെന്നിരിക്കെ ഇന്നലെ സര്‍വിസില്‍ നിന്നു പിരിഞ്ഞ പ്രധാനാധ്യാപിക തനിക്ക് ബാധ്യത വരാതിരിക്കാനെന്ന പേരില്‍ വീഴ്ച വരുത്തുകയായിരുന്നു.
വൈദ്യുതിബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഉച്ചവരെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികള്‍ നിലച്ചു. പ്രിന്‍സിപ്പലും ക്ലര്‍ക്കും സ്വകാര്യ ഇന്റര്‍നെറ്റ് കഫേയെ ആശ്രയിച്ചാണ് പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുതീര്‍ത്തത്.
ഒടുവില്‍ പ്രിന്‍സിപ്പലിന്റെ നിരന്തര അഭ്യര്‍ഥന പരിഗണിച്ച് ഉടന്‍ ബില്ലടക്കാമെന്നു വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ കെ.എസ്.ഇ.ബി അധികൃതരോട് പറഞ്ഞതിനെ തുടര്‍ന്നാണ് വൈദ്യുതിബന്ധം ഉച്ചയോടെ പുനഃസ്ഥാപിച്ചത്. 15ല്‍ താഴെ കുട്ടികളുള്ള ടെക്‌നിക്കല്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നുണ്ടാകുന്ന വീഴ്ച വിനയാകുന്നത് 120 വിദ്യാര്‍ഥികള്‍ പഠിക്കുന്ന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനാണ്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള കെട്ടിട സമുച്ചയത്തിലാണ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഓഫിസും പ്രവര്‍ത്തിക്കുന്നത്.
ഇവിടുത്തെ സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഫിഷറീസ് വകുപ്പിനായതിനാല്‍ സന്നിഗ്ധഘട്ടങ്ങളിലെല്ലാം പ്രതിസന്ധിയിലാകുന്നതും വി.എച്ച്.എസ്.ഇക്കാര്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."