പടനിലം അപകടം: വിദ്യാര്‍ഥികളെ ഇടിച്ച കാര്‍ മാറ്റിയത് പ്രതിഷേധത്തിനിടയാക്കി
കൊടുവള്ളി: ദേശീയപാതയില്‍ പടനിലത്ത് രണ്ടു വിദ്യാര്‍ഥികള്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടം വരുത്തിയ കാര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ സംഭവസ്ഥലത്തുനിന്ന് മാറ്റിയത് പ്രതിഷേധത്തിനിടയാക്കി.
നിയന്ത്രണംവിട്ട കാര്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. ആരാമ്പ്രം കൊട്ടക്കാവയല്‍ കരിപ്പൂര്‍ പുറായില്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ആദില്‍ (12), നായിക്കുണ്ടത്തില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് അല്‍ത്താഫ് (13) എന്നിവരാണ് മരിച്ചത്.
കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തു കൂട്ടിയിട്ടിരുന്ന കല്ലില്‍ ഇടിച്ചാണ് കാര്‍ നിന്നത്. സംഭവം നടന്നയുടനെ പൊലിസിന്റെ സാന്നിധ്യത്തില്‍ കാര്‍ മാറ്റാനാള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞെങ്കിലും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് കാര്‍ കൊണ്ടുപോയി.
അപകടം വരുത്തിയ കാര്‍ വേണ്ടവിധത്തില്‍ പരിശോധിക്കുകപോലും ചെയ്യാതെയാണ് സംഭവസ്ഥലത്തുനിന്ന് മാറ്റിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ മാസം പടനിലം പാലത്തില്‍ കാറിടിച്ച് സ്‌കൂട്ടറിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടി മരിച്ച സംഭവത്തിലും പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് നടപടി ക്രമങ്ങള്‍ പാലിക്കാതെ കാര്‍ എടുത്തുമാറ്റിയത്.
പതിവായി അപടങ്ങള്‍ ഉണ്ടാവാറുള്ള കുമ്മങ്ങോട് വളവില്‍ കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ നടപ്പാതയോ മറ്റു സുരക്ഷാ ക്രമീകരണങ്ങളോ ഒരുക്കാന്‍ ദേശീയപാത അധികൃതര്‍ തയാറാകാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."