പ്രവേശനോത്സവം; സ്‌കൂളുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മുക്കം: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ ഇന്നു തുറക്കുമ്പോള്‍ പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
ജില്ലാതല പ്രവേശനോത്സവം ചെറൂപ്പ മണക്കാട് സ്‌കൂളില്‍ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. കുന്ദമംഗലം ബി.ആര്‍.സി തല പ്രവേശനോത്സവം മണാശേരി ജി.യു.പി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ് നിര്‍വഹിക്കും.
പന്നിക്കോട് എ.യു.പി സ്‌കൂളും ജി.എല്‍.പി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവേശനോത്സവത്തില്‍ അക്ഷരമാതൃകയില്‍ ജിലേബി നിര്‍മിച്ച് മധുരം നല്‍കിയാണ് വിദ്യാര്‍ഥികളെ വരവേല്‍ക്കുക. തുടര്‍ന്ന് ഓര്‍മത്തൈ വിതരണം, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. കാര്‍ട്ടൂണിസ്റ്റ് രോഷ്‌നാ ദിലീഫ് നേതൃത്വം നല്‍കുന്ന നവാഗതരുടെ തത്സമയ കാരിക്കേച്ചര്‍ രചന, അക്ഷര കിരീടമണിയിക്കല്‍ എന്നിവയും നടക്കും. ജില്ലാ പഞ്ചായത്തംഗം സി.കെ കാസിം, പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല പങ്കെടുക്കും.
കൊടിയത്തൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം ചുള്ളിക്കാപറമ്പ് എല്‍.പി സ്‌കൂളില്‍ സി.ടി.സി അബ്ദുല്ലയും മുക്കം നഗരസഭാ തല പ്രവേശനോത്സവം വേനപാറ ലിറ്റില്‍ ഫ്‌ളവര്‍ യു.പിയില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ചന്ദ്രനും കാരശ്ശേരി പഞ്ചായത്തില്‍ എച്ച്.എന്‍.സി.കെ.എം സ്‌കൂളില്‍ പ്രസിഡന്റ് വി.കെ വിനോദും നിര്‍വഹിക്കും. തിരുവമ്പാടി പഞ്ചായത്തില്‍ പുന്നക്കല്‍ വിളക്കാംതോട് എം.എ.എം യു.പിയില്‍ പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."