ആവേശത്തില്‍ മലാപ്പറമ്പ് സ്‌കൂള്‍; ആശങ്കയോടെ പാലാട്ട് സ്‌കൂള്‍
കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂളിലെ കുരുന്നുകള്‍ ആവേശത്തില്‍ ഇന്നു സ്‌കൂളിലേക്ക് പുറപ്പെടുമ്പോള്‍ ആശങ്കയോടെ തിരുവണ്ണൂര്‍ പാലാട്ട് സ്‌കൂളിലെ കുട്ടികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കും. മാനേജര്‍ പൂട്ടി സര്‍ക്കാര്‍ ഏറ്റെടുത്ത രണ്ടു സ്‌കൂളുകളാണിവ. പുത്തന്‍ യൂനിഫോമണിഞ്ഞ് ആരെയും ഭയപ്പെടാതെ മലാപ്പറമ്പ് യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഇന്നു മുതല്‍ അക്ഷരങ്ങളെ കൂട്ടുപിടിക്കാം. എന്നാല്‍ തിരുവണ്ണൂര്‍ പാലാട്ട് ഗവ. യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് മുന്നില്‍ സ്വന്തം സ്‌കൂളിന്റെ വാതിലുകള്‍ ഇന്നും കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ പടിയടച്ച ചരിത്രമാണ് മലാപ്പറമ്പ് സ്‌കൂളിന് പറയാനുള്ളത്. 2016 ജൂണ്‍ എട്ടിന് സ്‌കൂള്‍ അടച്ചപ്പോള്‍ ഒരു അധ്യയന വര്‍ഷത്തിന്റെ പകുതിയിലധികവും കലക്ടറേറ്റിലെ എന്‍ജിനീഴേയ്‌സ് ഹാളിലായിരുന്നു അവരുടെ പഠനം. വര്‍ഷാവസാനത്തോടെ സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുത്തതോടെ പുസ്തക സഞ്ചിയും തൂക്കി അവര്‍ വീണ്ടും സ്വന്തം സ്‌കൂളിന്റെ പടികയറി. ഇന്നു ആരെയും പേടിക്കാതെ കൊച്ചു കൂട്ടുകാരെ വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണവര്‍.
ആകെയുള്ള 85 കുട്ടികളില്‍ ഒന്നാം തരത്തിലേക്ക് 10 കുട്ടികളും എല്‍.കെ.ജിയിലേക്ക് 14 പേരുമാണ് ചേര്‍ന്നിരിക്കുന്നത്. കൂടാതെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പല ക്ലാസുകളിലായി ചേര്‍ന്നിട്ടുണ്ട്. ഇനിയും കൂടുതല്‍ പേര്‍ വരുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ. ' ഇന്ന് ആരേയും ഭയപ്പെടേണ്ട. ഇത്തവണയാണ് എല്ലാത്തിനും ഒരാശ്വാസം വന്നത്. ഇനി പ്രതീക്ഷയുടെ നാളുകളായിരിക്കും' പ്രധാനാധ്യാപിക എന്‍.എം പ്രീതി ടീച്ചര്‍ നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും നവീകരണത്തിനായുള്ള തുക ലഭിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടിയ അതേദിവസം തന്നെ താഴുവീണ തിരുവണ്ണൂര്‍ പാലാട്ട് ഗവ. യു.പി സ്‌കൂളിലെ കുട്ടികള്‍ ഇത്തവണയും ആകുലതകളോടെയാണ് പുത്തനുടുപ്പണിഞ്ഞിരിക്കുന്നത്. ഡയമണ്ട് ജൂബിലിയുടെ നിറവിലുള്ള സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും മാനേജര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെ ഇവിടുത്തെ 16 കുട്ടികള്‍ പ്രതിന്ധിയിലായി. ഇന്നലെയും ഹൈക്കോടതിയില്‍ കേസ് വാദം കേള്‍ക്കാതെ നീട്ടിവയ്ക്കുകയായിരുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ രണ്ടു പേരാണ് അഞ്ചാം ക്ലാസിലേക്ക് ചേര്‍ന്നത്. എന്നാല്‍ കോടതി വിധി ഇനിയും നീണ്ടു പോവുകയാണെങ്കില്‍ ഈ വര്‍ഷവും തിരുവണ്ണൂര്‍ സര്‍വശിക്ഷാ അഭിയാന്റെ റിസോഴ്‌സ് സെന്ററില്‍ തന്നെ ഇവര്‍ക്ക് പഠിക്കേണ്ടി വരും.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുത്ത പ്രഖ്യാപനം വന്നപ്പോള്‍ പി.ടി.എയും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സ്‌കൂള്‍ നവീകരിച്ചത് പ്രതീക്ഷ നല്‍കിയിരുന്നു. സ്‌കൂളിനടുത്തുള്ള എല്‍.പി സ്‌കൂളില്‍ നിന്ന് കുട്ടികളെ ചേര്‍ത്തി ഈ അധ്യയന വര്‍ഷം കൂടുതല്‍ മികവുറ്റതാക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പോലും മറ്റു സ്‌കൂളിലേക്ക് മാറാനായി സമീപിക്കുന്ന അവസ്ഥയാണുള്ളതെന്നും കോടതി വാദം കേള്‍ക്കല്‍ മനഃപൂര്‍വം നീട്ടിക്കൊണ്ടു പോവുകയാണെന്നും പി.ടി.എ പ്രസിഡന്റ് പി.എം ബഷീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."