ജില്ലയില്‍ മുപ്പതിനായിരത്തിലധികം കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക്
കോഴിക്കോട്: പഠനത്തിലേക്ക് ആദ്യചുവടുവച്ച് ജില്ലയില്‍ മുപ്പതിനായിരത്തിലധികം കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തെത്തും. കുട്ടികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സ്‌കൂള്‍ അധികൃതരും അധ്യാപകരും ഒരുക്കിയിരിക്കുന്നത്. പ്രവേശനോത്സവം ഗംഭീരമാക്കാന്‍ വിദ്യാലയങ്ങളെല്ലാം സജ്ജമായിക്കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുട്ടികളെത്തുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇത്തവണ പ്രവേശനോത്സവം ഗ്രീന്‍പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി പ്രവേശനോത്സവത്തിനുള്ള ബലൂണുകളും പ്ലാസ്റ്റിക് തോരണങ്ങളും മിക്ക സ്‌കൂളുകളിലും ഒഴിവാക്കിയിട്ടുണ്ട്. പകരം കുരുത്തോലയും പേപ്പര്‍ തോരണങ്ങളും ഓല കൊണ്ടും മറ്റുമുണ്ടാക്കിയ ജൈവ കളിപ്പാട്ടങ്ങളുമാണ് ഉപയോഗിക്കുന്നത്. ബാനറുകളില്‍ ഫ്‌ളക്‌സ് ഒഴിവാക്കി പകരം ബി.ആര്‍.സികള്‍ മുഖേന തുണി ഉപയോഗിച്ചുള്ള ബാനറുകളുടെ വിതരണം പൂര്‍ത്തീകരിച്ചു.
ജില്ലയിലെ മിക്ക സ്‌കൂളുകളിലും പാഠപുസ്തക വിതരണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിതരണത്തിനായി കൈത്തറി യൂനിഫോമുകള്‍ എത്തിയിട്ടുണ്ട്. എയ്ഡഡ് സ്‌കൂളുകള്‍ നിലവിലെ യൂനിഫോം തന്നെ നല്‍കാന്‍ നിര്‍ദേശമുള്ളതിനാല്‍ പ്രധാനാധ്യാപകന്‍ മുഖേന ഫണ്ട് കൈമാറാനുള്ള നടപടികളും പൂര്‍ത്തിയായി. ജൂണ്‍ അഞ്ചിലെ പരിസ്ഥിതി ദിനാചരണത്തിനായി പതിവില്‍നിന്ന് വിപരീതമായി വിദ്യാഭ്യാസ വകുപ്പ് നേരിട്ട് തന്നെ തൈകള്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം വരെ വനം വകുപ്പായിരുന്നു വിതരണം ചെയ്തിരുന്നത്.
പരിസ്ഥിതി ദിനത്തില്‍ സ്‌കൂളുകളില്‍ മഴക്കുഴി നിര്‍മിക്കണമെന്നും ഓരോ കുട്ടിയും നിര്‍ബന്ധമായും തൈകള്‍ നടണമെന്നും ജൈവോദ്യാനം നിര്‍മിക്കണമെന്നും വകുപ്പ്തലത്തില്‍ നിന്ന് നിര്‍ദേശമുണ്ട്. കൂടാതെ പാചകപ്പുരയും കിണറും ജലവിതരണ ടാങ്കുകളും വൃത്തിയാക്കാനും സ്‌കൂള്‍ വളപ്പിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാനും പ്രധാനാധ്യാപകര്‍ക്ക് ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കി. അതേസമയം സ്‌കൂളുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയായി വരികയാണ്. അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് വിദ്യാലയങ്ങളിലെ പാചകപ്പുരയും ശൗചാലയങ്ങളും പരിശോധിക്കുന്നത്. ജൂണ്‍ ഒന്നിന് തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."