മോട്ടോര്‍ വാഹന മേഖലയും കോര്‍പ്പറേറ്റുകള്‍ക്ക്: തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
പാലക്കാട്: മോട്ടോര്‍ വാഹന ഭേദഗതി ബില്ല് രാജ്യസഭയില്‍ പാസായതോടെ രാജ്യത്തെ മോട്ടോര്‍ വാഹന തൊഴില്‍ മേഖല പരിപൂര്‍ണമായി കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെടുകയും ലക്ഷക്കണക്കിന് സാധാരണക്കാര്‍ ഈ തൊഴില്‍മേഖല ഉപേക്ഷിക്കുകയും ചെയ്യേണ്ടിവരുമെന്ന് ആശങ്ക.
ഈ മേഖലയിലെ തൊഴില്‍ സുരക്ഷിതത്വത്തിനായി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്ന് കേരള സ്റ്റേറ്റ് ലോറി ഒണേഴ്‌സ് വെല്‍ഫയര്‍ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.നന്ദകുമാര്‍ വ്യക്തമാക്കി. വ്യത്യസ്ത ചിന്താഗതിയുള്ള തൊഴിലാളി സംഘടനകളുടെ സംസ്ഥാനതല കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തായിരിക്കും പ്രക്ഷോഭം സംഘടിപ്പിക്കുക.
സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ കൈയില്‍ അകപ്പെട്ട സ്ഥിതിയാണ് ഇന്ന് രാജ്യത്തെ മോട്ടോര്‍ വാഹന ഉടമകളും ജീവനക്കാര്‍ക്കുമുള്ളത്. ഒന്നുകില്‍ സര്‍ക്കാര്‍ പറയുന്ന പണം കൊടുക്കണം, അല്ലെങ്കില്‍ എല്ലാം ഉപേക്ഷിച്ച് ജീവത്യാഗം ചെയ്യണം.
രാജ്യരക്ഷയുടെയും തീവ്രവാദത്തിന്റെയും ശൗചാലയത്തിന്റെയും പേരുപറഞ്ഞ് അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാര്‍, രാജ്യത്തെ സമസ്ത മേഖലയും വന്‍കിട വ്യവസായികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും തുറന്നുകൊടുത്തു. ദിനംപ്രതി അവര്‍ക്കുവേണ്ടിയുള്ള നിയമങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ജനങ്ങളെ ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടുതരത്തിലാക്കി ഭിന്നിപ്പിച്ച് ഭരിച്ചുകൊണ്ട് അരാജകത്വത്തിലേക്ക് തള്ളി വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."