മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സമരത്തിനിടെ സംഘര്‍ഷം: മുതിര്‍ന്ന ഡോക്ടര്‍മാരും പണിമുടക്കിലേക്ക്
തിരുവനന്തപുരം: പൊതുജനാരോഗ്യത്തേയും മെഡിക്കല്‍ വിദ്യാഭ്യാസത്തേയും സാരമായി ബാധിക്കുന്ന നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരേ മെഡിക്കല്‍ വിദ്യാര്‍ഥികളും ഡോക്ടര്‍മാരും രാജ്ഭവനുമുന്നില്‍ പ്രതിഷേധിച്ചു. മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്‌വര്‍ക്കിന്റെ നേതൃത്വത്തില്‍ ബില്ലിനെതിരേ വിദ്യാര്‍ഥികള്‍ നിരാഹാരസമരം നടത്തി.
ബുധനാഴ്ച രാത്രി മുതല്‍ അഞ്ചുവിദ്യാര്‍ഥികളാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.
ബില്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച്ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് സമരം ചെയ്യുമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാരും അറിയിച്ചു.
അതേസമയം രാജ്ഭവനിലേയ്ക്ക് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. ഇന്നലെ രാവിലെ 11 ഓടെ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്ല് പ്രതീകാത്മകമായി കത്തിച്ചു. തുടര്‍ന്ന് റോഡ് ഉപരോധിക്കാനുള്ള വിദ്യാര്‍ഥികളുടെ ശ്രമം പൊലിസ് തടഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളൊന്നടങ്കം പ്രകടനമായെത്തി രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ബാരിക്കേഡ് വച്ച് ഇതും പൊലിസ് തടഞ്ഞു.
ഇതോടെ പൊലിസും പ്രതിഷേധക്കാരും തമ്മില്‍ വക്കേറ്റമുണ്ടായി. അനുമതി വാങ്ങാതെ പ്രതിഷേധിച്ചതിനാല്‍ രാജ്ഭവന് മുന്നില്‍ സമരം തുടരാന്‍ അനുവദിക്കില്ലെന്ന് പൊലിസ് അറിയിച്ചെങ്കിലും മുദ്രാവാക്യം വിളികളോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധം തുടര്‍ന്നാല്‍ അനന്തരനടപടികളിലേക്ക് നീങ്ങുമെന്ന നിലപാടില്‍ പൊലിസ് ഉറച്ചുനിന്നതോടെ ഐ.എം.എ ഭാരവാഹികള്‍ ഇടപെട്ട് ഒരുവിഭാഗം വിദ്യാര്‍ഥികളെ ഐ.എം.എ ഹെഡ്ക്വാട്ടേഴ്‌സിലേയ്ക്ക് മാറ്റി. ഇതോടെ അരമണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തിന് അയവുവന്നു. നിരാഹാരമിരുന്ന അഞ്ചു വിദ്യാര്‍ഥികള്‍ സമരം തുടരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."