ചാടാനൊരുങ്ങി മാണി
കോട്ടയം: കോണ്‍ഗ്രസുമായി അഭിപ്രായഭിന്നത രൂക്ഷമായതോടെ കേരളാ കോണ്‍ഗ്രസ്(എം) യു.ഡി.എഫ് വിടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുകയെന്ന വിഷയം ചര്‍ച്ചചെയ്യാന്‍ കെ.എം.മാണി ഇന്നലെ പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം വിളിച്ചിരുന്നു. ഈ മാസം ആറിന് ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാംപില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മോന്‍സ് ജോസഫ് എന്നിവര്‍ തുടക്കത്തില്‍ യോഗത്തില്‍ എത്തിയില്ലെങ്കിലും അവസാനം എത്തി. ഇരുവര്‍ക്കും മുന്നണി വിടുന്നതിനോട് എതിര്‍പ്പുണ്ടെന്നാണ് സൂചന. ശനിയാഴ്ച കെ.എം മാണിയുടെ പാലായിലെ വസതിയില്‍ ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും നിലപാട് മയപ്പെടുത്താന്‍ അദ്ദേഹം തയാറായിരുന്നില്ല. കോണ്‍ഗ്രസുമായി പ്രശ്‌നങ്ങളുണ്ടെന്ന് ഉമ്മന്‍ചാണ്ടി പോയതിനുശേഷം മാണി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്നുകൊണ്ട് എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികളോട് വിലപേശല്‍ നടത്തുകയാണ് മാണിയുടെ ലക്ഷ്യം.
അതിനിടെ, മാണിയെ അനുനയിപ്പിക്കാന്‍ ഇടപെടണമെന്നു ലീഗ്‌നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിനോടും കുഞ്ഞാലിക്കുട്ടിയോടുമുള്ള കെ.എം.മാണിയുടെ ആഭിമുഖ്യം അനുരഞ്ജനത്തിലേക്ക് വഴിതെളിക്കുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ജോസ് കെ.മാണിക്ക് കേന്ദ്രസഹമന്ത്രിപദവും മാണിക്ക് ഗവര്‍ണര്‍സ്ഥാനവും നല്‍കാമെന്ന വാഗ്ദാനം എന്‍.ഡി.എ മുന്നണിയില്‍നിന്ന് ലഭിച്ചത് തിരക്കുപിടിച്ച നീക്കങ്ങള്‍ക്കു കാരണമാകുന്നുണ്ടെന്ന് അറിയുന്നു.
ഏതായാലും മുന്നണി വിടണമെന്ന തീരുമാനത്തിനാണ് പാര്‍ട്ടിയില്‍ പിന്തുണ കൂടുതല്‍. എന്നാല്‍, എന്‍.ഡി.എ മുന്നണിയിലേക്കു ചേക്കേറുന്നതിനോടു പാര്‍ട്ടിയില്‍ അഭിപ്രായഭിന്നതയുണ്ട്. അതേസമയം, കെ.എം.മാണിയുടെ പുതിയ നീക്കങ്ങളോട് പാര്‍ട്ടിയിലെ പി.ജെ ജോസഫ് വിഭാഗത്തിന് യോജിപ്പില്ല.
മുന്നണിവിടാതെ പ്രത്യേക ബ്ലോക്കായി ഇരുന്ന് കോണ്‍ഗ്രസുമായി വിലപേശലിന് സാധ്യത തുറന്നിടണമെന്ന അഭിപ്രായമാണ് പി.ജെ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്. അങ്ങനെവന്നാല്‍ കെ.എം മാണി മുന്നണിവിട്ടാലും പി.ജെ ജോസഫും അദ്ദേഹത്തോട് കൂറുള്ളവരും യു.ഡി.എഫില്‍ തുടര്‍ന്നേക്കും.
പാര്‍ട്ടി ഒറ്റക്കെട്ടെന്ന് മാണി
കോട്ടയം: തീരുമാനങ്ങളില്‍ പാര്‍ട്ടി ഒറ്റക്കെട്ടെന്ന് കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടി എം.എല്‍.എമാരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവികാര്യങ്ങള്‍ ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാംപിന് ശേഷം തീരുമാനിക്കും. പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായങ്ങളില്ലെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പാലായിലെ വസതിയില്‍ നടത്താനിരുന്ന ചര്‍ച്ച പിന്നീട് മാധ്യമങ്ങളെ അറിയിക്കാതെ കോട്ടയത്തെ ജോസ് കെ.മാണിയുടെ വീട്ടിലേക്ക് നാടകീയമായി മാറ്റുകയായിരുന്നു.
ചര്‍ച്ച നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: യു.ഡി.എഫുമായി അകന്നുനില്‍ക്കുന്ന കെ.എം മാണിയെ അനുനയിപ്പിക്കാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുമെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മാണിയുമായുള്ള കൂടിക്കാഴ്ചയുടെ തിയതി ഇന്നുപറയാം. യു.ഡി.എഫില്‍ പ്രതിസന്ധിയില്ലെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഔദ്യോഗിക മധ്യസ്ഥനായൊന്നുമല്ല താന്‍ മാണിയെ കാണുന്നത്. ഇതിനായി ആരും തന്നെ ചുമതലപ്പെടുത്തിയിട്ടില്ല. മുന്നണിയിലെ സൗഹൃദത്തിന്റെ ഭാഗമായാണ് മുന്‍കൈയെടുക്കുന്നത്. ലീഗിന് പരാതികള്‍ ഉണ്ടാവുമ്പോഴും ആരെങ്കിലും ഇങ്ങനെ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാറുണ്ട്. പ്രശ്‌നപരിഹാരത്തിന് യു.ഡി.എഫില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മാണിയെ വീട്ടില്‍ പോയി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."