തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം; മൂന്നുപേര്‍ അറസ്റ്റില്‍
പള്ളിക്കല്‍: ചേളാരിയില്‍ താമസക്കാരനായ തമിഴ്‌നാട് സ്വദേശി കൃഷ്ണ മൂര്‍ത്തിയെ (49) കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെ തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് കൊടക്കാട് കൂട്ടു മൂച്ചിയിലെ കുഴിക്കാട്ടില്‍ മലയില്‍ ശരത് (29), വെളിമുക്ക് പെരിക്കോണ്ടില്‍ വീട്ടില്‍ അഖില്‍ ലാല്‍ (25), തേഞ്ഞിപ്പലം ചെറാമ്പത്ത് കെ.പി മുഹമ്മദ് ഷാഫി (18) എന്നിവരാണ് അറസ്റ്റിലായത്.
കൃഷ്ണമൂര്‍ത്തി കാര്യസ്ഥനായി സേവനമനുഷ്ടിക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലെ കടക്ക് മുന്നില്‍ പ്രദേശവാസികളായ യുവാക്കള്‍ പുകവലിക്കുന്നത് മദ്യ ലഹരിയിലായിരുന്ന കൃഷ്ണമൂര്‍ത്തി ചോദ്യം ചെയ്യുകയും യുവാക്കളെ അസഭ്യം പറയുകയും ചെയ്തതാണ് അടിപിടിയിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ 30ന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം. കഴുത്തെല്ലിന് ഗുരുതര പരുക്കേറ്റ് പീടികത്തിണ്ണയില്‍ കിടന്ന കൃഷ്ണമൂര്‍ത്തിയെ പിറ്റേ ദിവസം നാട്ടുകാര്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പൊലിസിന്റെ സാനിധ്യത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. രണ്ടിന് അത്യാസന്ന നിലയിലായ കൃഷ്ണമൂര്‍ത്തിയുടെ മരണമൊഴി രേഖപ്പെടുത്താനുള്ള സംവിധാനമൊരുക്കാന്‍ പൊലിസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തും മുന്‍പേ ബന്ധുക്കല്‍ ഇയാള്‍ക്ക് നാട്ടില്‍ ചികിത്സ നടത്തുന്നതിനായി പോണ്ടിച്ചേരി കൊണ്ട് പോവുകയായിരുന്നു.
എന്നാല്‍ യാത്രക്കിടെ പാലക്കാട്‌വച്ച് ഇയാള്‍ മരണപ്പെടുകയും മൃതദേഹവുമായി ബന്ധുക്കള്‍ തമിഴ്‌നാട്ടിലേക്ക് തന്നെ പോവുകയുമായിരുന്നു. മരണവിവരം ബന്ധുക്കള്‍ തമിഴ്‌നാട് പൊലിസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലിസ് വിവരം കേരള പൊലിസിനെ അറിയിക്കുകയും തുടര്‍ന്ന് തേഞ്ഞിപ്പലം പൊലിസിന്റെ നിര്‍ദേശ പ്രകാരം തമിഴ്‌നാട്ടില്‍നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടം നടത്തുകയായിരുന്നു.
മല്‍പിടുത്തത്തിനിടയില്‍ കഴുത്തെല്ലിനേറ്റ ക്ഷതമാണ് മരണത്തിനിടയാക്കിയതെന്നാണ് പൊലിസില്‍നിന്നു ലഭിച്ച വിവരം. പ്രതികളെ കുറിച്ച് ജില്ലാ പൊലിസ് മേധാവി പ്രതീഷ്‌കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തേഞ്ഞിപ്പലം എസ്.ഐ ബിനു തോമസ്, എ.എസ് മാരായ സുബ്രഹ്മണ്യന്‍, ഉദയകുമാര്‍, ജയദേവന്‍, ആനന്ദന്‍, സി.പി.ഒമാരായ ദിനേശന്‍, സജീവ്, പ്രബീഷ്, ദിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."