ജില്ലാ ആശുപത്രി ട്രോമോകെയര്‍ കെട്ടിടം; ഉദ്ഘാടനം നീളാന്‍ കാരണം ബന്ധപ്പെട്ടവരുടെ ജാഗ്രതയില്ലായ്മയെന്ന് ആക്ഷേപം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പണി പൂര്‍ത്തീകരിച്ച ട്രോമോകെയര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു. തിരക്കിട്ടു പണിതീര്‍ത്തിട്ടും ഉദ്ഘാടനം ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയത് കാഞ്ഞങ്ങാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറുടെ ജാഗ്രത കുറവാണെന്ന് ആരോപണമുണ്ട്.
ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് കെട്ടിടത്തിന്റെ പ്ലംബിങ് ജോലികള്‍ ബാക്കിയാണെന്ന കാര്യം അധികൃതര്‍ മനസിലാക്കുന്നത്. നിര്‍മാണ കരാറില്‍ പ്ലംബിങ് ജോലികളെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് കരാറുകാരുടെ വാദം. കെട്ടിടത്തിന് എന്തൊക്കെ വേണമെന്ന കാര്യത്തില്‍ പോലും നിശ്ചയമില്ലാതിരുന്നത് അസിസ്റ്റന്റ് എന്‍ജിനീയറുടെ ഉദാസീനതയാണെന്ന് ജില്ലാ പഞ്ചായത്ത് ഭരണകൂടത്തിനും ബോധ്യപ്പെടുകയായിരുന്നു. അതേതുടര്‍ന്ന് ഒന്നര ലക്ഷം രൂപ പ്ലംബിങ് ജോലികള്‍ക്കായി മാത്രം ജില്ലാ പഞ്ചായത്ത് ഭരണസമിതി പ്രത്യേകം അനുവദിച്ചു.
പ്ലബിങ് ജോലികള്‍ ദ്രുതഗതിയില്‍ നടന്നുവരുകയാണിപ്പോള്‍ .
ഒരാഴ്ചക്കകം ഈ ജോലി പൂര്‍ത്തികരിക്കാനും ഒക്ടോബര്‍ അവസാനത്തോടെ ഉദ്ഘാടനം നടത്താനുമാണ് ജില്ലാപഞ്ചായത്ത് ഉദ്ദേശിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഒ.പി കൗണ്ടര്‍, ആശുപത്രി വരാന്തയിലേക്കു മാറ്റി അവിടെയാണ് ട്രോമോകെയറിന്റെ നിര്‍മാണം തുടങ്ങിയത്. ട്രോമോകെയര്‍ കെട്ടിടം പൂര്‍ത്തീകരിച്ചിട്ടും വൈദ്യുതീകരണം നീണ്ടുപോയതോടെ വിമര്‍ശനം ഉയര്‍ന്നു.
അതേതുടര്‍ന്ന് തിരക്കിട്ട് ആ ജോലിയും തീര്‍ത്ത ശേഷമാണ് പ്ലംബിങ് ജോലി ബാക്കിയാണെന്ന കാര്യം മനസ്സിലാവുന്നത്. ഇപ്പോള്‍ വരാന്തയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി വിഭാഗം സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."