പ്രവൃത്തിയിലെ ക്രമക്കേട്; ഉപ്ലേരി-ബൈക്കുഞ്ച റോഡിന്റെ പണി നാട്ടുകാര്‍ തടഞ്ഞു
കോണ്‍ക്രീറ്റിനു പകരം മെറ്റല്‍ മാത്രം പാകി സിമന്റിന്റെ മിശ്രണം ചെയ്ത വെള്ളം ഒഴിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് ശ്രമിച്ചുവെന്നാണ് ആരോപണം
ബദിയഡുക്ക: അശാസ്ത്രീയമായ രീതിയിലും പ്രവൃത്തിയിലെ ക്രമക്കേട് മൂലവും റോഡ് തകര്‍ന്നു. ഇതേ തുടര്‍ന്ന് റോഡ് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. ബദിയടുക്ക പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ഉപ്ലേരി മുതല്‍ ബൈക്കുഞ്ച വരെ തകര്‍ന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിയാണ് തടഞ്ഞത്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു 726 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് അറ്റകുറ്റപ്രവര്‍ത്തി നടത്തുന്നതിന് 25ലക്ഷം രൂപ അനുവദിച്ചിരുന്നു. നിയമാനുസരണമുള്ള എല്ലാ രേഖകളും പൂര്‍ത്തീകരിച്ചു ദിവസങ്ങള്‍ക്ക് മുന്പ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ തുടക്കത്തില്‍ നല്ല നിലയില്‍ നിര്‍മാണത്തിനു തുടക്കം കുറിച്ചുവെങ്കിലും പിന്നിടുള്ള ദിവസങ്ങളില്‍ എസ്റ്റിമേറ്റിനു വിരുദ്ധമായി പ്രവര്‍ത്തനം നടത്തുകയും കോണ്‍ക്രീറ്റിനു പകരം മെറ്റല്‍ മാത്രം പാകി സിമന്റിന്റെ മിശ്രണം ചെയ്ത വെള്ളം ഒഴിച്ച് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് ശ്രമിച്ചുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രവൃത്തി നാട്ടുകാര്‍ തടസപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൊണ്ടുവന്ന സാധനങ്ങള്‍ തിരികെ കൊണ്ടുപോകുവാന്‍ എത്തിയ ജോലിക്കാരെയും ഇന്നലെ രാവിലെ നാട്ടുകാര്‍ തടഞ്ഞു.
വര്‍ഷങ്ങളായി തകര്‍ന്നു ഗതാഗത തടസം നേരിട്ടിരുന്ന റോഡ് അറ്റകുറ്റ പ്രവര്‍ത്തി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു തുക അനുവദിച്ചത്. എസ്റ്റിമേറ്റില്‍ പറയും പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."