അപകടം പതിയിരിക്കുന്ന മാഹി പാതയോരം
മാഹി: ഗവ. ആശുപത്രിയിലേക്കുള്ള പ്രധാന റോഡായ ചൂടിക്കോട്ട റോഡില്‍ അപകട ഭീഷണിയുയര്‍ത്തി നിലംപൊത്താറായ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യം. തലശ്ശേരി-മാഹി ദേശിയപാതയില്നിന്ന് ആശുപത്രി റോഡിലേക്ക് തിരിയുന്ന വളവിലാണ് അപകടനിലയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കെട്ടിടം നിലകൊള്ളുന്നത്. റോഡിനോടു ചേര്‍ന്നുനില്‍ക്കുന്ന ഈ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് ഇളകി വീഴുന്നത് പതിവാണ്. കഴിഞ്ഞദിവസം രാത്രി ശക്തമായി പെയ്ത മഴയില്‍ വലിയ വാര്‍പ്പ് പാളികള്‍ പൊട്ടിവീഴുകയും ചെയ്തു. വഴിയാത്രക്കാര്‍ ഇല്ലാത്തതു കാരണം വന്‍ ദുരന്തം ഒഴിവായി.
പുനര്‍നിര്‍മിക്കാന്‍ പ്ലാന്‍ ലഭിക്കാത്തതു കാരണം മാഹിയില്‍ ഇതുപോലെ പൊളിഞ്ഞുവീഴാറായ പല കെട്ടിടങ്ങളും വീണ്ടും അറ്റകുറ്റപണി നടത്തി താല്‍ക്കാലികമായി നിലനിര്‍ത്തേണ്ട സ്ഥിതിയാണ്. വീതികുറഞ്ഞ ഈ റോഡില്‍നിന്ന് ദേശീയപാതയിലേക്ക് വാഹനങ്ങള്‍ക്ക് തിരിഞ്ഞുപോകാനും ബുദ്ധിമുട്ടുണ്ട്. റോഡില്‍ ട്രാഫിക് പൊലിസിനെ നിയോഗിച്ചാണ് നിലവില്‍ ഗതാഗതം നിയന്ത്രിക്കുന്നത്. അപകട വളവിലെ ഈ കെട്ടിടം പൊളിച്ചുമാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."