നിലയ്ക്കാത്ത ഘടികാരങ്ങള്‍ തേടി നിസാറുദ്ദീന്‍ എത്തി; തങ്ങളുടെ ശേഖരത്തിനു മോടി കൂട്ടാന്‍
ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഘടകാരങ്ങള്‍ ഇനിയും നിലയ്ക്കുന്നില്ല. അതിനു പുതുമോടി കൂട്ടുകയാണ് നിസാറുദ്ദീന്‍.
മുഹമ്മദലി ശിഹാബ് തങ്ങള്‍ കണ്‍മറഞ്ഞ കാലം പത്തുവര്‍ഷമായ ഓഗസ്റ്റ് ഒന്നിനു തന്നെയായിരുന്നു നിസാറുദ്ദീന്‍ ഇന്നലെ കൊടപ്പനക്കലിലെത്തിയത്. പാണക്കാട് തങ്ങളുടെ പ്രിയപ്പെട്ട ക്ലോക്കുകള്‍ റിപ്പയര്‍ ചെയ്യാന്‍.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ നിസാറുദ്ദീന്‍ ഇരുപതു വര്‍ഷം മുന്‍പേയാണ് പാണക്കാട്ടേക്ക് തങ്ങളുടെ ശേഖരത്തിലെ വാച്ചുകളും ക്ലോക്കുകളും റിപ്പയര്‍ ചെയ്യാനെത്തിയത്. ഇന്നലെ വീണ്ടും കൊടപ്പനക്കലെ ബന്ധം പുതുക്കാനെത്തിയതായിരുന്നു.
തുടര്‍ന്നാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം വീണ്ടും ശിഹാബ് തങ്ങളുടെ കൗതുകങ്ങള്‍ കൈകളിലെടുത്തത്. സമൂഹത്തിന്റെ സമയത്തിനൊപ്പം നടന്നുനീങ്ങിയ തങ്ങളുടെ തിരക്കുകള്‍ക്കിടയിലെ കൊച്ചു സന്തോഷങ്ങളിലൊന്നായിരുന്നു പ്രിയപ്പെട്ട വാച്ചുകളും ക്ലോക്കുകളും.
വിദേശത്തും സ്വദേശത്തുമായി യാത്രയില്‍ സ്‌നേഹ സമ്മാനമായി ലഭിച്ചതും വിലകൊടുത്തു വാങ്ങിയതുമെല്ലാം ഈ ശേഖരത്തിലുണ്ട്. കൊരമ്പയില്‍ അഹമ്മദ് ഹാജി മുഖേനയാണ് നിസാറുദ്ദീന്‍ ആദ്യം കൊടപ്പനക്കലിലെത്തുന്നത്.
''തങ്ങളുടെ റാഡോ വാച്ചാണ് ആദ്യം ഇവിടെ വന്നപ്പോള്‍ നന്നാക്കികൊടുത്തത്.
എത്ര ചെറിയ വാച്ചാണെങ്കിലും തങ്ങള്‍ക്കേറെ പ്രിയപ്പെട്ടവയാണ്. വലിയ ആള്‍ത്തിരക്കു കാണും തങ്ങളുടെ അടുത്ത്.
എന്നാലും താന്‍ റിപ്പയര്‍ ജോലി ചെയ്യുന്നതിനിടയില്‍ ഇടക്കു വന്നു നോക്കി നില്‍ക്കുമായിരുന്നു'.
ഇടക്കു വരാന്‍ പറയാറുണ്ടെങ്കിലും ഗള്‍ഫിലായതു കാരണം സാധിച്ചില്ല. മൂന്നുവര്‍ഷം മുമ്പ് വീണ്ടും നാട്ടിലെത്തിയ നിസാറുദ്ദീന്‍ പഴയജോലി വീണ്ടും തുടങ്ങി. തങ്ങളുടെ സ്മരണ പുതുക്കാന്‍ അവിചാരിതമായാണ് ഓഗസ്റ്റ് ഒന്നിനെത്തിയത്.
അതു കൊടപ്പനക്കലിലെ വീട്ടില്‍ പ്രത്യേകം സൂക്ഷിച്ചുവച്ച തങ്ങളുടെ കൗതുകങ്ങളില്‍ വീണ്ടും സമയം ചെലവിടാന്‍ നിമിത്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."