മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തോല്‍വിക്ക് കാരണമായി: ജനതാദള്‍ (എസ)
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പു തോല്‍വിയ്ക്കു കാരണമായെന്നു ജനതാദള്‍-എസ് സംസ്ഥാന സമിതിയോഗത്തില്‍ വിമര്‍ശനം. ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയ്ക്കു ചേര്‍ന്ന രീതിയിലുള്ള പ്രവര്‍ത്തനവും പെരുമാറ്റവുമല്ല അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനെതിരേ നേരത്തേ വിവാദമായ പരാമര്‍ശം മുഖ്യമന്ത്രി വീണ്ടും ആവര്‍ത്തിച്ചതു തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ദോഷമായി ബാധിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനം വിശ്വാസത്തിന്റെ ഭാഗമാണ്. കോടതി വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാട്ടി. ഇതു വിശ്വാസികളെ ഇടതുപക്ഷത്തില്‍ നിന്നും അകറ്റിയെന്നും പരാജയത്തിനു ശബരിമലയും കാരണമായെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. പുതിയ പ്രസിഡന്റായി സി.കെ.നാണു ചുതലയേറ്റെടുക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരുമാണ് മുഖ്യമന്ത്രിക്കുനേരെ വിമര്‍ശനമുന്നയിച്ചത്. മൂന്നു വര്‍ഷം പിന്നിട്ട ഇടതുസര്‍ക്കാരിന്റെ പ്രവര്‍ത്തനം ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും ഇടതുമുന്നണിയെന്നതു സി.പി.എമ്മും സി.പി.ഐയുമായി മാത്രം ചുരുങ്ങുകയാണെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
ജനതാദള്‍-എസ് ഭാരവാഹികളെ ഒരാഴ്ചക്കുള്ളില്‍ തീരുമാനിക്കുമെന്നു യോഗം ശേഷം സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എ.സമ്പത്തിനെ ക്യാബിനറ്റ് പദവിയില്‍ നിയമിക്കുന്ന കാര്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. കര്‍ണാടകത്തില്‍ ബി.ജെ.പിയുമായി ജനതാദള്‍ ചേരുന്ന സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ലോക് താന്ത്രിക് ജനതാദളുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. രണ്ടും രണ്ടു പാര്‍ട്ടികളാണ്. ഒരുമിക്കുന്ന കാര്യത്തില്‍ നൂറുശതമാനം യോജിപ്പാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യുവ ജനത, വിദ്യാര്‍ഥി ജനത, വനിതാ ജനത എന്നീ സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും. ഇതിന്റെ ഭാഗമായി ജനതാദളിന്റെ സംസ്ഥാന ക്യാംപ് സെപ്റ്റംബറില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."