വായ്പകളുടെ മൊറട്ടോറിയം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും
തിരുവനന്തപുരം: കാര്‍ഷിക,കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മഹാപ്രളയത്തിനു ശേഷം കൃഷിനാശമുണ്ടായ മലയോര മേഖലയിലുള്ള കര്‍ഷകര്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കൃഷി പുനരാരംഭിക്കാന്‍ കഴിയാതെയും എടുത്ത കാര്‍ഷിക,കാര്‍ഷികേതര വായ്പകള്‍ തിരിച്ചടക്കാനാവാതെയും കടുത്ത ബുദ്ധിമുട്ടിലാണ്. ഇടുക്കി വയനാട് ജില്ലകളിലാണ് രൂക്ഷമായ പ്രശ്‌നം നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഉണ്ടായിട്ടും ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടിസുകള്‍ നല്‍കുന്ന സാഹചര്യം കൂടി വരികയാണ്. നിരവധി തവണ മൊറട്ടോറിയം സംബന്ധിച്ചും സര്‍ഫാസി നിയമപ്രകാരമുള്ള ബാങ്ക് നടപടികള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി, കൃഷി മന്ത്രി, സഹകരണ മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ എസ്.എല്‍.ബി.സി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക,കാര്‍ഷികേതര വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും 2019 ജൂലൈ 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം 2019 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം എസ്.എല്‍.ബി.സി തത്വത്തില്‍ അംഗീകരിച്ചെങ്കിലും റിസര്‍വ് ബാങ്കിന്റെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പ്രായോഗികതലത്തില്‍ നടപ്പായില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതിക്കായി എസ്.എല്‍.ബി.സി റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ കത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനും മൊറട്ടോറിയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ നരേന്ദ്ര ജെയ്‌നും നല്‍കിയിരുന്നുവെങ്കിലും ഈ കത്തിനും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."