റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാന്‍ അഞ്ചു മുതല്‍ 31 വരെ കര്‍ശന വാഹനപരിശോധന
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: റോഡ് സുരക്ഷാ ആക് ഷന്‍ പ്ലാനിന്റെ ഭാഗമായി ഈ മാസം അഞ്ചുമുതല്‍ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന കര്‍ശനമായി നടത്തും. ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാണ് പൊലിസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധനകള്‍ മറ്റു വിഭാഗങ്ങളുടെ കൂടി സഹകരണത്തോടെ നടപ്പാക്കുന്നത്. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.
ഈ മാസം അഞ്ചുമുതല്‍ ഏഴുവരെ സീറ്റുബെല്‍റ്റ് ഹെല്‍മറ്റ്, എട്ടുമുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്, 11 മുതല്‍ 13 വരെ അമിതവേഗത (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങും റെഡ് സിഗ്‌നല്‍ ജംപിങും, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്ട് ക്യാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണ് പരിശോധന.
പരിശോധനകളുടെ മേല്‍നോട്ടത്തിനായി സംസ്ഥാനതലത്തില്‍ ട്രാഫിക്ക് ഐ.ജിയെ നോഡല്‍ ഓഫിസറായും, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്),(എന്‍.എച്ച്), ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ അംഗങ്ങളുമായ കമ്മിറ്റിയും ജില്ലാതലത്തില്‍ കലക്ടര്‍ ചെയര്‍മാനും, ജില്ലാ പൊലിസ് സൂപ്രണ്ട് നോഡല്‍ ഓഫിസറായും, റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ്), (എന്‍.എച്ച്) തുടങ്ങിയവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഈ കമ്മിറ്റികള്‍ ആഴ്ചതോറും നടപടികള്‍ അവലോകനം ചെയ്യും.വാഹനപരിശോധനകള്‍ക്ക് പുറമേ, മറ്റു ട്രാഫിക് നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോ പാര്‍ക്കിങ് ബോര്‍ഡുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കണ്ടുപിടിച്ച് പിഴ ഈടാക്കാന്‍ സംയുക്ത പരിശോധനകള്‍ നടത്തും. മീഡിയന്‍ ഓപ്പണിങുള്ള സ്ഥലങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും. സീബ്രാ ലൈനുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തവരും ചുവന്ന ലൈറ്റ് ജംപിങ് നടത്തുന്നവരുമായ ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.
അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരുദിവസത്തെ ക്ലാസ് നല്‍കും. ബസ് ബേകളില്‍ നിര്‍ത്താതെ റോഡില്‍ കെ.എസ്.ആര്‍.ടി.സി,സ്വകാര്യ ബസുകള്‍ നിര്‍ത്തുന്നതിനെതിരേ നടപടിയെടുക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കേന്ദ്രീകരിച്ച് സ്‌കൂള്‍ ബസുകളുടെ അമിതവേഗത, ഓവര്‍ ലോഡ് തുടങ്ങിയവ പരിശോധിക്കും. കാറുകളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നും പരിശോധിക്കും. പൊതുമരാമത്ത് വകുപ്പ് മുന്‍കൈയെടുത്ത് നടപ്പാതകളിലും റോഡിലുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ആദ്യപടിയായി താല്‍കാലിക കൈയേറ്റങ്ങള്‍ക്ക് ഒരാഴ്ചത്തെ നോട്ടിസ് കാലാവധി നല്‍കിയശേഷം പൊലിസ് സഹായത്തോടെ ഒഴിപ്പിക്കും. നടപ്പാതകളിലും റോഡിലുമുള്ള മറ്റ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കലക്ടര്‍മാരുടേയും തദ്ദേശസ്ഥാപനങ്ങളുടെയും തലത്തില്‍ രണ്ടാംഘട്ട നടപടി സ്വീകരിക്കും. റോഡിന്റെ വശങ്ങളിലും ശ്രദ്ധതിരിയുന്നതിന് കാരണമായതും കാഴ്ച മറയ്ക്കുന്നതുമായ മരച്ചില്ലകളും പരസ്യബോര്‍ഡുകളും നീക്കും.
സൈന്‍ ബോര്‍ഡുകള്‍ വൃത്തിയാക്കാന്‍ ഓഗസ്റ്റ് 10ന് നടപടി സ്വീകരിക്കും. കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി പരിഗണിച്ച് ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മറ്റ് റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതിനും നടപടി സ്വീകരിക്കും.പൊളിഞ്ഞുകിടക്കുന്ന റോഡുകള്‍, കുഴികള്‍, ഓടകള്‍ എന്നിവ നന്നാക്കാനുള്ള തുടര്‍നടപടികളും പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കും.
ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം വളര്‍ത്തുന്നതിനുള്ള ക്ലാസുകളും പരിപാടികളും ഈ കാലഘട്ടത്തില്‍ നടത്തും.കര്‍മപദ്ധതികള്‍ സംബന്ധിച്ച് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലകളിലെ ഒരുക്കങ്ങളും പദ്ധതികളും വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍, ജില്ലാ പൊലിസ് മേധാവികള്‍, ആര്‍.ടി.ഒമാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."