പെമ്പിളൈ ഒരുമൈക്കെതിരായ പരാമര്‍ശം: മന്ത്രി മണിക്കെതിരേയുള്ള ഹരജികള്‍ തള്ളി
കൊച്ചി: പെമ്പിളൈ ഒരുമൈ സമരത്തിനെതിരേ വിവാദ പ്രസംഗം നടത്തിയ മന്ത്രി എം.എം മണിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം, ഇറ്റലിയില്‍ താമസിക്കുന്ന മലയാളിയായ ജോസഫ് ഷൈനും ഉള്‍പ്പെടെ നല്കിയ ഹരജികളിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. ഹരജി തള്ളിയതുകൊണ്ട് എം.എം മണിയുടെ പ്രസംഗത്തെ ഹൈക്കോടതി അനുകൂലിച്ചെന്നു അര്‍ഥമില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തിലെ നിയമ സാധുത മാത്രമാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചതെന്നും ഉത്തരവില്‍ പറയുന്നു. മണിയുടെ പ്രസംഗം നിയമപ്രകാരം നടപടിയെടുക്കാന്‍ തക്ക ഗൗരവമുള്ള കുറ്റമല്ലെന്നും ഇതിനെ വൈകാരികമായി കാണുന്നതിനു പകരം പരാതിയുള്ളവര്‍ ഉചിതമായ ഫോറത്തില്‍ പരാതി നല്‍കേണ്ടതാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പൊലിസിനോ, കോടതിക്കോ നടപടിയെടുക്കാവുന്ന കുറ്റമുണ്ടെന്നു പരാതിക്കാര്‍ക്കു തോന്നിയാല്‍ ഉചിതമായ ഫോറത്തില്‍ സമീപിക്കാം. എന്നാല്‍ ഇതു മറികടന്നു ഹൈക്കോടതിക്കു മുന്‍കൂര്‍ നടപടിയെടുക്കാന്‍ സാധിക്കില്ല. ഈ കേസില്‍ അധികാരികള്‍ നടപടിയെടുത്തില്ലെന്നു ഹരജിക്കാര്‍ക്കു പരാതിയില്ല. മന്ത്രിയുടെ സ്വാധീനത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഇല്ലാത്ത സാഹചര്യത്തില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും പരാതി പൊലിസ് അന്വേഷിച്ച് കഴമ്പില്ലെന്നു കണ്ടെത്തിയതാണെന്നും ഡിവിഷന് ബെഞ്ച് വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."