കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി; എസ്.ഐക്കെതിരേ അന്വേഷണം
എരുമപ്പെട്ടി: യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത പൊലിസ് നടപടി വിവാദമാകുന്നു. പൊതു പ്രവര്‍ത്തകനായ വേലൂര്‍ വട്ടംപറമ്പില്‍ നിധീഷ് ചന്ദ്രന്റെ പരാതിയിലാണ് എരുമപ്പെട്ടി എസ്.ഐ സുബിന്തിനെതിരേ അന്വേഷണം നടത്താന്‍ തൃശൂര്‍ സിറ്റി പൊലിസ് കമ്മിഷ്ണര്‍ കുന്നംകുളം എ.സി.പിക്ക് നിര്‍ദേശം നല്‍കി.
വേലൂരില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തിരുത്തിയില്‍ സുഭാഷും, സുനില്‍ അത്താണിക്കലും തമ്മില്‍ അടിപിടി നടന്നിരുന്നു. സുനിലിനെതിരേ വധശ്രമത്തിന് കേസെടുത്ത പൊലിസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. അതേ സമയം ഇതില്‍ കേസില്‍ ബന്ധമില്ലാത്ത നിധീഷ് ചന്ദ്രനേയും പൊലിസ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയായിരുന്നു. എസ്.ഐയ്ക്ക് തന്നോടുള്ള മുന്‍ വൈരാഗ്യമാണ് സംഭവ സമയത്ത് സ്ഥലത്തില്ലാതിരുന്ന തന്നെ കേസില്‍ പ്രതിചേര്‍ത്തതിന് പുറകിലെന്ന് നിധീഷ് പറയുന്നു. ജില്ലയില്‍ വനിതാ മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ രൂപീകരിച്ച് വേലൂര്‍ സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലിസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. പ്രതികളുടെ സ്വാധീനത്തെ തുടര്‍ന്നാണ് എസ്.ഐ ഇവരെ കേസെടുക്കാതെ വിട്ടതെന്ന് ചൂണ്ടികാണിച്ച് നിധീഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ തട്ടിപ്പിനിരയായ വനിതകള്‍ ജില്ലാകലക്ടര്‍ക്കും പൊലിസ് കമ്മിഷ്ണര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എസ്.ഐ സുബിന്തിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് തനിക്കെതിരേ കള്ളകേസെടുക്കാന്‍ കാരണമെന്ന് നിധീഷ് പരാതിയില്‍ പറയുന്നു.
അടി നടക്കുമ്പോള്‍ നിധീഷ് സ്ഥലത്തില്ലായിരുന്നു വെന്നും പൊലിസിനോട് ഇക്കാര്യം പറഞ്ഞിരുന്നതായും ദൃക്‌സാക്ഷിയായ വീട്ടമ്മയും വെളിപ്പെടുത്തുന്നു. നിധീഷിന്റെ പേര് പറയാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടതായും ഇവര്‍ പറഞ്ഞു.
വേലൂര്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പരാതിക്കാരനായ സുഭാഷിന്റെ എതിര്‍ പാനലില്‍ നിധീഷ് ചന്ദ്രനും മത്സരിക്കുന്നുണ്ട്. ഇതില്‍ നിന്ന് തന്നെ അയോഗ്യനാക്കാനുള്ള ആസൂത്രിത നീക്കവും തനിക്കെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തതിന് പുറകിലുണ്ടെന്ന് നിധീഷ് ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മിഷ്ണര്‍ ടി.എസ് സിനോജ് അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."