സ്വര്‍ണക്കവര്‍ച്ച: മൂന്ന് പേര്‍ കോടതിയില്‍ കീഴടങ്ങി
ചാലക്കുടി: വിദേശത്തു നിന്നും നെടുമ്പാശ്ശേരി വഴി കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം ചാലക്കുടി പോട്ട പാലത്തിനു സമീപം കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കോടതിയില്‍ കീഴടങ്ങി.
ആളൂര്‍ തിരുനെല്‍വേലിക്കാരന്‍ വാവ എന്ന ഷെഫീഖ്(30), തിരുത്തിപറമ്പ് സ്വദേശികളായ തച്ചനാടന്‍ ജയന്‍(32), കുന്നുകുമാരത്ത് പ്രസാദ്(37) എന്നിവരാണ് ചാലക്കുടി ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. 560 ഗ്രാം സ്വര്‍ണവും കാറിലുണ്ടായിരുന്ന ഒരാളെയുമായി മോഷണസംഘം സ്ഥലം വിടുകയായിരുന്നു.
കാറില്‍വച്ച് സ്വര്‍ണം വച്ചിരിക്കുന്ന സ്ഥലംചോദിച്ച് യുവാവിനെ മൃഗീയമായി മര്‍ദിക്കുകയും തുടര്‍ന്ന് കൊടകരക്ക് സമീപത്ത് വച്ച് യുവാവിനെയും കാറും ഉപേക്ഷിച്ച് സ്വര്‍ണവുമായി കവര്‍ച്ചാ സംഘം തമിഴ്‌നാട്ടിലേക്ക് കടന്നു. സ്വര്‍ണക്കടത്തിനെ പറ്റി സൂചനകിട്ടിയ കവര്‍ച്ചാസംഘം സ്വര്‍ണം തട്ടിയെടുക്കുവാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയും ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കവര്‍ച്ചാ, ഗുണ്ടാസംഘങ്ങളെ സ്വര്‍ണം തട്ടാനായി ഏകോപിപ്പിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്നും ഇവര്‍ കാറിനെ പിന്തുടര്‍ന്ന് കറുകുറ്റി, കൊരട്ടി ഭാഗങ്ങളില്‍ വച്ച് കാറിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാതായതോടെയാണ് പോട്ടമേല്‍പാലത്തില്‍ വച്ച് കാറിടിപ്പിച്ച് സ്വര്‍ണം കവര്‍ന്നത്. യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചയായതിനേതുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി എം.കെ പുഷ്‌കരന്റെ നിര്‍ദേശപ്രകാരം ചാലക്കുടി ഡി.വൈ.എസ്.പി സി.ആര്‍ സന്തോഷും ക്രൈം സ്‌ക്വാഡ് സംഘവും തമിഴ്‌നാട്ടിലും കര്‍ണ്ണാടകത്തിലുമായി ഒരാഴ്ചയോളം ക്യാംപ് ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ ചുരുളഴിക്കാനായത്.
തുടര്‍ന്ന് രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ് നാലിന് സംഘത്തിലെ മറ്റൊരു പ്രതിയും പൊലിസ് പിടിയിലായി. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് മൂന്ന് പേര്‍ കോടതിയില്‍ കീഴടങ്ങിയത്. മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."