അനധികൃതമായി എത്തിയ മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍
തൂത്തുക്കുടി: അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മുന്‍ മാലദ്വീപ് വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുല്‍ ഗഫൂര്‍ അറസ്റ്റില്‍. രഹസ്യാന്വേഷണ വിഭാഗമാണ് അദ്ദേഹത്തെ തൂത്തുക്കുടി തുറമുഖത്ത് വച്ച് അറസ്റ്റ് ചെയ്തത്.
പ്രസിഡന്റ് അബ്ദുല്ല യമീനെ വധിക്കാന്‍ ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെടുകയും പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്ത അദ്ദേഹം മതിയായ രേഖകളില്ലാതെ എന്തിനാണ് ഇന്ത്യയിലെത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മംഗോളിയന്‍ ടഗില്‍ ജൂലൈ 29 നാണ് അദ്ദേഹം മാലദ്വീപില്‍ നിന്ന് പുറപ്പെട്ടത്. ഇന്നലെ ഉച്ചയോടുകൂടിയാണ് ടഗ് തൂത്തുക്കുടി തീരത്ത് എത്തിയത്. അദീബ് ഇന്ത്യയിലേക്ക് വരുന്നുണ്ടെന്ന മാലദ്വീപ് അധികൃതരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തൂത്തുക്കുടി പഴയ തുറമുഖത്ത് വച്ച് പിടികൂടിയത്. അദീബിനെ കൂടാതെ ഒരു ഇന്ത്യക്കാരനും എട്ട് ഇന്‍ഡോനേഷ്യന്‍ പൗരന്മാരുമായിരുന്നു ടഗിലുണ്ടായിരുന്നത്.
ഒരു രാജ്യത്തെ ഭരണാധിപനായിരുന്ന ഒരാള്‍ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടന്നത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, എസ്.ബി-സി.ഐ.ഡി, പൊലിസ് എന്നിവര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം അദീബ് രാഷ്ട്രീയ അഭയത്തിനായാണോ ഇന്ത്യയിലേക്ക് വന്നതെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മാലദ്വീപില്‍ ഇദ്ദേഹത്തിനെതിരേ നിരവധി കേസുകളുണ്ട്. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് അടക്കം മാലദ്വീപ് അധികൃതര്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
2015 ജൂലൈ 22 നാണ് അദീബ് മാലദ്വീപിന്റെ വൈസ് പ്രസിഡന്റായത്. അതേ വര്‍ഷം നവംബര്‍ അഞ്ചിന് അവിശ്വാസ പ്രമേയത്തിലൂടെ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."