കേരള പ്രീമിയര്‍ ലീഗ് കെ.എസ്.ഇ.ബിക്ക് കിരീടം
തൃശൂര്‍: അട്ടിമറി വീരന്മാരായ തൃശൂര്‍ എഫ്.സിയെ കീഴടക്കി തിരുവനന്തപുരം കെ.എസ്.ഇ.ബി കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് കെ.എസ്.ഇ.ബിയുടെ വിജയം. ടൂര്‍ണമെന്റിലുടനീളം അട്ടിമറികളോടെ മുന്നേറിയ തൃശൂര്‍ എഫ്.സി കലാശപ്പോരാട്ടത്തിന്റെ തുടക്കത്തില്‍ ആദ്യ ഗോള്‍ വലയിലാക്കി കെ.എസ്.ഇ.ബിയെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് മത്സരത്തില്‍ പിടിമുറുക്കിയ ഇലക്ട്രിസിറ്റ് ബോര്‍ഡ് വിജയവും കിരീടവും ഒപ്പം ചേര്‍ക്കുകയായിരുന്നു.
കളി തുടങ്ങി കെ.എസ്.ഇ.ബിയെ ഞെട്ടിച്ചു കൊണ്ട് എഫ്.സി തൃശൂര്‍ ആദ്യ ഗോള്‍ നേടി. ക്യാപ്റ്റന്‍ പി.ടി സോമിയുടെ മനോഹരമായ ഷോട്ട് കെ.എസ്.ഇ.ബി ഗോള്‍ കീപ്പര്‍ അഖില്‍ സോമനെ കീഴടക്കി പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് കയറി. ആദ്യ ഗോള്‍ വഴങ്ങിയതോടെ കെ.എസ്.ഇ.ബി പതുക്കെ മത്സരത്തിന്റെ കടിഞ്ഞാണ്‍ സ്വന്തമാക്കി. സമനിലക്കായുള്ള കെ.എസ്.ഇ.ബി താരങ്ങളുടെ കിണഞ്ഞുള്ള പരിശ്രമത്തിന് മൂന്ന് മിനുട്ടിനുള്ളില്‍ ഫലം കണ്ടു. സ്ട്രൈക്കര്‍ അലക്സി മനോഹരമായ പ്ലേസിങിലൂടെ തൃശൂരിന്റെ വല കുലുക്കി. ആധിപത്യം നേടിയ കെ.എസ്.ബിയുടെ താരങ്ങള്‍ പല തവണ തൃശൂരിന്റെ ഗോള്‍ മുഖം വിറപ്പിച്ചുവെങ്കിലും പലതും ലക്ഷ്യം കാണാതെ പോയി.
അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അര ഡസന്‍ ഗോളുകളെങ്കിലും കെ.എസ്.ഇ.ബി ടീം നേടുമായിരുന്നു. നിരന്തമാരായി പ്രതിരോധത്തെ കീറിമുറിച്ച അലക്സിയും സജീര്‍ഖാനും ഡൊണല്‍ കെന്നിയും തൃശൂരിന് ഭീഷണിയായി. 33ാം മിനുട്ടില്‍ ഇടതു വിങില്‍ നിന്നു സജീവ് ഖാന്റെ ഹെഡ്ഡര്‍ പറന്നെത്തിയ ജോബി ജസ്റ്റിന് മനോഹരമായി മറ്റൊരു ഹെഡ്ഡറിലൂടെ വലയിലാക്കി കെ.എസ്.ബിക്ക് ലീഡൊരുക്കി. ഗോള്‍ മടക്കാനുള്ള തൃശൂരിന്റെ ശ്രമം നിഷോണും രാജേഷമടങ്ങുന്ന കെ.എസ്.ഇ.ബി പ്രതിരോധ നിര സമര്‍ഥമായി തടഞ്ഞു.
രണ്ടാം പകുതിയും കെ.എസ്.ഇ.ബിയുടെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. ജസ്റ്റിന് നിരന്തരം തൃശൂര്‍ ഗോള്‍ കീപ്പര്‍ ഉവൈസ് ഖാനെ പരീക്ഷിച്ചുകൊണ്ടിരുന്നു. രണ്ടാം പകുതിയുടെ അമ്പതാം മിനുട്ടില്‍ കെ.എസ്.ഇ.ബിയുടെ മൂന്നാം ഗോള്‍. കളം നിറഞ്ഞു കളിച്ച സജീവ് ഖാന്റെ ഹെഡ്ഡര്‍ ഗോളിയെ കാഴ്ച്ചക്കാരനായി തൃശൂരിന്റെ വല കുലുക്കി. രണ്ട് ഗോളിന്റെ ആധിപത്യത്തിന്റെ ആലസ്യം കളിക്കളത്തില്‍ വൈദ്യുതി ബോര്‍ഡ് ടീമിന് വിനയായി. തൃശൂരിന്റെ മുന്നേറ്റത്തില്‍ കളിക്കുന്ന വിദേശ താരം ഓസ്വാര സി ആല്‍വസിന്റെ പാസ് സ്വീകരിച്ച പത്താം നമ്പറുകാരന് രാജേഷ് തൃശൂരിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. എന്നാല്‍ ഗോളിന്റെ സന്തോഷം ഏറെ സമയം നീണ്ടുനില്‍ക്കും മുമ്പ് കെ.എസ്.ഇ.ബി നാലാമത്തെ ഗോള്‍ വലയിലാക്കി. 76ാം മിനുട്ടില്‍ വലതു ഭാഗത്ത് നിന്ന് സജീവ് ഖാന് കൊടുത്ത ക്രോസ് ഷോട്ട് എട്ടാം നമ്പറുകാരന് സഫ്വാന് കൃത്യമായി വലയിലെത്തിച്ചു. അവസാന മിനുട്ടില്‍ ഗോള്‍ ലീഡ് കുറക്കാനുള്ള തൃശൂരുകാരുടെ ശ്രമം കെ.എസ്.ഇ.ബി താരങ്ങള്‍ കൃത്യമായി പ്രതിരോധിച്ചതോടെ രണ്ട് ഗോളിന്റെ വ്യത്യാസത്തില്‍ കെ.എസ്.ഇ.ബി ട്രോഫിയില്‍ മുത്തമിട്ടു.
വിജയികള്‍ക്ക് തൃശൂര്‍ കോര്പറേഷന് മേയര്‍ അജിത ജയരാജന് ട്രോഫി സമ്മാനിച്ചു. കെ.എസ്.ഇ.ബിയുടെ അലക്സാണ് മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്റിലെ മൂല്യമുള്ള താരമായി സാറ്റ് തീരൂരിന്റെ ശിഹാബിനെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."