സുബ്രതോ കപ്പ്: സെക്രട്ടേറിയറ്റിന് മുന്നില്‍ ഫുട്‌ബോള്‍ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: സുബ്രതോ കപ്പ് മത്സരത്തിലെ ഉപജില്ലാ ജില്ലാ മത്സരങ്ങള്‍ വെട്ടിക്കുറച്ച നടപടിക്കെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച് എം.എസ്.എഫ്. സര്‍ക്കാര്‍ നടപടിക്കെതിരേ സെക്രട്ടേറിയറ്റിന് മുന്നില്‍ ഫുട്‌ബോള്‍ കളിച്ചാണ് എം.എസ്.എഫ് പ്രതിഷേധിച്ചത്. പ്രതിഷേധ ഫുട്‌ബോള്‍ മാര്‍ച്ചില്‍ കായിക താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ഫുട്ബാള്‍ കളിയുടെ അകമ്പടിയോടെ നടന്ന മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുമ്പില്‍ പ്രതിഷേധ ഫുട്ബാള്‍ കളിയോടെ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി എം.പി നവാസ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കല്‍ ജമാല്‍, എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ശരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, ഹാഷിം ബംബ്രാണി, കെ.കെ.എ അസീസ്, റഷീദ് മേലാറ്റൂര്‍, ഷഫീക് വഴിമുക്ക്, അഫ്‌നാസ് ചോറോട്, ബാദുഷ എറണാകുളം, റെസിന് തൃശൂര്‍, ബിലാല്‍ റഷീദ്, അംജദ് കൊല്ലം, നൗഫല്‍ കുളപ്പട, ഇജാസ് കായംകുളം, കെ.എച്ച് അസ്‌ലം, അബ്ദുല്ല കരുവള്ളി, ഹനീഫ പത്തനംതിട്ട എന്നിവര്‍ നേതൃത്വം നല്‍കി. കായിക അധ്യാപകര്‍ സമരത്തിലായതിനെ തുടര്‍ന്നായിരുന്നു സുബ്രതോ കപ്പിന്റെ സബ് ജില്ലാ മത്സരങ്ങള്‍ മുടങ്ങിയത്. വിവിധ ആവശ്യങ്ങളുന്നയിച്ച് കായിക അധ്യാപകര്‍ ചട്ടപ്പടി സമരത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ കായിക അധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഇതിന്റെ പേരില്‍ കായിക അധ്യാപകര്‍ വിട്ട് നിന്നതിനെ തുടര്‍ന്നായിരുന്നു സുബ്രതോ കപ്പിന്റെ സബ്ജില്ലാ മത്സരങ്ങള്‍ നടക്കാതെ പോയത്. ഇതോടെ കേരളത്തിലെ സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ പെട്ട ഒരുപാട് കുട്ടികളുടെ അവസരം നഷ്ടപ്പെടുകയും ചെയ്തു. മൂന്ന് ദിവസം മുന്ന് തൃശൂരില്‍ സുബ്രതോ കപ്പിന്റെ സംസ്ഥാനതല മത്സരം മാത്രമായിരുന്നു നടത്തിയിരുന്നത്. കായിക അധ്യാപകരുടെ പ്രശ്‌നത്തിന് സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ കൂടുതല്‍ കായിക ഇനങ്ങള്‍ ഇതുപോലെ കുരുന്ന് പ്രതിഭകള്‍ക്ക് നഷ്ടപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."