ഇനി ഏകദിന മാമാങ്കം
ലണ്ടന്‍: ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് തുടക്കം. ഏകദിന റാങ്കിങിലെ ആദ്യ എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റ് ഇന്ന് മുതല്‍ ഈ മാസം 18 വരെ ഇംഗ്ലണ്ടിലാണ് അരങ്ങേറുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക, ആതിഥേയരായ ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകളാണ് നേര്‍ക്കുനേര്‍ വരുന്നത്. ടീമുകളെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കിയാണ് മത്സരങ്ങള്‍. ലോകകപ്പിന്റെ ചെറു പതിപ്പെന്ന നിലയില്‍ ശ്രദ്ധേയമായ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മുതലാണ് ആരംഭിക്കുന്നത്. ഇന്ന് ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ഈ മാസം നാലിന് ചിരവൈരികളായ പാകിസ്താനുമായാണ്.
ഇന്ത്യ, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍. ഇന്ത്യ കിരീടം നിലനിര്‍ത്താനൊരുങ്ങുമ്പോള്‍ രണ്ടു തവണ ഫൈനലിലെത്തിയിട്ടും കിരീടം കിട്ടാതെ പോയതിന്റെ കോട്ടം സ്വന്തം മണ്ണില്‍ തീര്‍ക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. നിലവിലെ ലോക ചാംപ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്തെടുത്ത് മൂന്നാം കിരീടമാണ് ഓസീസ് ലക്ഷ്യം. വമ്പന്‍ ടൂര്‍ണമെന്റിന്റെ നിര്‍ണായക ഘട്ടത്തില്‍ കാലിടറിപ്പോകുന്ന ദുര്യോഗം മാറ്റുനുറച്ചാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.
ഇന്ത്യ: (വിരാട് കോഹ്‌ലി)
നിലവിലെ ചാംപ്യന്‍മാര്‍. നേരത്തെ 2002ല്‍ ശ്രീലങ്കയ്‌ക്കൊപ്പം കിരീടം പങ്കുവച്ചു. ഫലത്തില്‍ രണ്ട് തവണ കിരീടം സ്വന്തമാക്കിയവരാണ് ഇന്ത്യന്‍ ടീം എന്നു പറയാം. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ രണ്ട് സന്നാഹ മത്സരങ്ങളില്‍ മികച്ച വിജയം സ്വന്തമാക്കി ഇംഗ്ലീഷ് സാഹചര്യവുമായി പൊരുത്തപ്പെട്ടാണ് ഇന്ത്യ മത്സരത്തിനൊരുങ്ങുന്നത്. ഇംഗ്ലണ്ടിന്റെ മണ്ണില്‍ കഴിഞ്ഞ പത്ത് ഏകദിനങ്ങളില്‍ എട്ടിലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത് പ്ലസ് പോയിന്റാണ്. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. അതേസമയം പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും മറ്റുമുള്ള വാര്‍ത്തകള്‍ ടീമിന്റെ പ്രകടനത്തെ പരോക്ഷമായി ബാധിക്കമോ എന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.
ഇംഗ്ലണ്ട്:
(ഇയാന്‍ മോര്‍ഗന്‍)
2004, 2013 വര്‍ഷങ്ങളില്‍ ഫൈനലിലെത്തി. രണ്ട് തവണയും കിരീട ഭാഗ്യം കനിയാത്ത ഇംഗ്ലണ്ട് ഇത്തവണ സ്വന്തം മണ്ണില്‍ ഭാഗ്യക്കേട് മാറ്റാനൊരുങ്ങുന്നു. ഇത് മൂന്നാം തവണയാണ് ഇംഗ്ലണ്ട് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കയെ കീഴടക്കി പരമ്പര സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ഒരുങ്ങിയിട്ടുള്ളത്. ബെന്‍ സ്റ്റോക്‌സിന്റെ ഓള്‍റൗണ്ട് മികവാണ് ടീമിന്റെ ഹൈ ലൈറ്റ്. ഏറ്റവും വേഗതയില്‍ ഏകദിന സെഞ്ച്വറി മൂന്ന് തവണ സ്വന്തമാക്കിയ ആദ്യ ഇംഗ്ലീഷ് താരമെന്ന പെരുമയുള്ള ജോസ് ബട്‌ലറിന്റെ സാന്നിധ്യവും അവര്‍ക്ക് കരുത്താണ്. നായകന്‍ ഇയാന്‍ മോര്‍ഗന്‍, ജോ റൂട്ട് എന്നിവരുടെ ബാറ്റിങ് മികവും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.
ആസ്‌ത്രേലിയ:
(സ്റ്റീവന്‍ സ്മിത്ത്)
നിലവിലെ ലോക ചാംപ്യന്‍മാര്‍. 2006, 2009 വര്‍ഷങ്ങളില്‍ ചാംപ്യന്‍മാരാണ് ഓസീസ്. മൂന്നാം കിരീടം ലക്ഷ്യം. സീസണിലെ ഏകദിന റെക്കോര്‍ഡ് അവര്‍ക്ക് എതിരാണെങ്കിലും സമീപ കാലത്ത് ബാറ്റിങ് നിര ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണ്. ദക്ഷിണാഫ്രിക്കക്കെതിരേ അവരുടെ നാട്ടില്‍ വച്ച് 5-0ത്തിന് ഏകദിന പരമ്പര പരാജയപ്പെട്ടതും ന്യൂസിലന്‍ഡിനെതിരായ പരമ്പര പരാജയവും അവര്‍ക്ക് സമീപ കാലത്ത് നരിടേണ്ടി വന്നിരുന്നു. ബാറ്റിങില്‍ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ബൗളിങില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജെയിംസ് പാറ്റിന്‍സനും പാറ്റ് കമ്മിന്‍സും ഓസീസിന് കരുത്താണ്. പ്രത്യേകിച്ച് പേസ് ബൗളര്‍മാര്‍ ഇംഗ്ലണ്ടിലെ സാഹചര്യം മുതലെടുത്താല്‍ ആസ്‌ത്രേലിയക്ക് കാര്യങ്ങള്‍ അനുകൂലമാക്കാം. മധ്യനിരയ്ക്ക് കരുത്തായി നായകന്‍ സ്മിത്തും ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലുമുണ്ട്.
ദക്ഷിണാഫ്രിക്ക:
(എ.ബി ഡിവില്ല്യേഴ്‌സ്)
1998ല്‍ ചാംപ്യന്‍മാര്‍. മികച്ച ബാറ്റിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. നായകന്‍ ഡിവില്ല്യേഴ്‌സും ക്വിന്റന്‍ ഡി കോക്കും ഹാഷിം അംലയും മിന്നും ഫോമില്‍ നില്‍ക്കുന്നു. പേസര്‍ കഗിസോ റബാഡയും സ്പിന്നര്‍ ഇമ്രാന്‍ താഹിറും ബൗളിങില്‍ വൈവിധ്യം സമ്മാനിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടിനോട് ഏകദിന പരമ്പര അടിയറ വച്ചാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. എങ്കിലും അവരെ എഴുതിത്തള്ളാന്‍ സാധിക്കാത്ത ശക്തിയാണ്. പ്രധാന ടൂര്‍ണമെന്റുകളില്‍ പടിക്കല്‍ കലമുടയ്ക്കുന്ന പതിവ് പരിപാടി ആവര്‍ത്തിച്ചില്ലെങ്കില്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ മുന്നോട്ട് പോകും.
ന്യൂസിലന്‍ഡ്:
(കെയ്ന്‍ വില്ല്യംസന്‍)
2000ല്‍ ചാംപ്യന്‍മാര്‍. ലോകകപ്പ് പോരാട്ടത്തില്‍ നിലവിലെ രണ്ടാം സ്ഥാനക്കാര്‍. മികച്ച ബാറ്റിങ് നിരയാണ് കിവികളുടെ കരുത്ത്. കഴിഞ്ഞ ദിവസം സന്നാഹ മത്സരത്തില്‍ ശ്രീലങ്കയെടുത്ത 356 റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചത് അവരെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തിച്ചു. മാര്‍ട്ടിന്‍ ഗുപ്റ്റിലും നായകന്‍ കെയ്ന്‍ വില്ല്യംസനും ഫോമില്‍. ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും അടങ്ങുന്ന പേസ് നിരയ്ക്ക് ഇംഗ്ലീഷ് സാഹചര്യത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ ന്യൂസിലന്‍ഡിന് കിരീട പ്രതീക്ഷ നിലനിര്‍ത്താം. കൊറി ആന്‍ഡേഴ്‌സന്‍, ലൂക് റോഞ്ചി തുടങ്ങിയവരും മധ്യനിര ബാറ്റിങിന് കരുത്തു നല്‍കുന്നു.
ശ്രീലങ്ക:
(ആഞ്ചലോ മാത്യൂസ്)
2002ല്‍ ഇന്ത്യയുമായി കിരീടം പങ്കിട്ടു. സംഗക്കാരയും ജയവര്‍ധനെയും വിരമിച്ച ശേഷമുള്ള ലങ്കയുടെ മുന്നോട്ടുള്ള യാത്ര കയറിയും ഇറങ്ങിയുമാണ്. നായകന്‍ മാത്യൂസിന്റെ മികവാണ് അവര്‍ക്കിപ്പോള്‍ താങ്ങായി നില്‍ക്കുന്നത്. പരിചയ സമ്പത്തിലാത്ത താരങ്ങളുടെ സാന്നിധ്യം ചാംപ്യന്‍ഷിപ്പില്‍ ലങ്കയ്ക്ക് തലവേദനയായേകും. അതേസമയം ബൗളിങില്‍ പരിചയ സമ്പത്തുള്ള താരങ്ങളാണുള്ളത് എന്നത് ലങ്കയ്ക്ക് ആശ്വാസവുമാണ്. ലസിത് മലിംഗ, നുവാന്‍ കുലശേഖര, സുരംഗ ലക്മല്‍ എന്നിവരാണ് ബൗളിങ് നിരയിലെ പ്രമുഖര്‍. മാത്യൂസിന്റെ ഓള്‍ റൗണ്ട് കരുത്തും അവര്‍ക്ക് മുതല്‍കൂട്ടാണ്. ബാറ്റിങില്‍ ഉപുല്‍ തരംഗ ഫോമിലാണ്. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തില്‍ തരംഗയുടെ സെഞ്ച്വറിയാണ് ന്യൂസിലന്‍ഡിനതിരേ 300ലേറെ സ്‌കോര്‍ ചെയ്യാന്‍ അവരെ തുണച്ചത്. ചാന്‍ഡിമല്‍, കുശാല്‍ മെന്‍ഡിസ് എന്നിവരും ബാറ്റിങില്‍ ഫോം പ്രകടിപ്പിക്കുന്നുണ്ട്.
പാകിസ്താന്‍:
(സര്‍ഫ്രാസ് അഹമദ്)
ഇതുവരെ ഫൈനല്‍ കളിക്കാന്‍ യോഗമില്ലാത്തവരാണ് പാകിസ്താന്‍. മൂന്ന് തവണയും അവര്‍ക്ക് സെമിയില്‍ മടങ്ങേണ്ടി വന്നു. 2002, 04, 09 വര്‍ഷങ്ങളിലാണ് അവര്‍ക്ക് അവസാന നാലില്‍ തോറ്റ് മടങ്ങേണ്ടി വന്നത്. ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡുള്ളതാണ് പാകിസ്താന് ആശ്വസമായി നില്‍ക്കുന്നത്. എക്കാലത്തും അപ്രവചനീയത മുഖമുദ്രയാക്കിയ പാക് സംഘത്തിന് ഇത്തവണയും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. നായകന്‍ സര്‍ഫ്രാസ് അഹമദും മുന്‍ നായകന്‍ അസഹ്ര്‍ അലിയും ബാറ്റിങില്‍ കരുത്തായി നില്‍ക്കുന്നു. ഒപ്പം ഷൊയിബ് മാലിക്കുമുണ്ട്. ബൗളിങില്‍ വൈവിധ്യം കാര്യമായി അവകാശപ്പെടാനില്ലാത്തത് അവര്‍ക്ക് ക്ഷീണമാണ്.
ബംഗ്ലാദേശ്:
(മഷ്‌റഫെ മൊര്‍താസ)
സമീപ കാലത്ത് ഏറ്റവും മികച്ച ഫലങ്ങള്‍ സൃഷ്ടിച്ചവരാണ് ബംഗ്ലാദേശ്. ചാംപ്യന്‍സ് ട്രോഫിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ അവകാശപ്പെടാനില്ല. അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരേ സമീപ കാലത്ത് നേടിയ വിജയങ്ങളും അതുവഴി ഐ.സി.എ ഏകദിന റാങ്കിങില്‍ ചരിത്രത്തിലാദ്യമായി ആറാം സ്ഥാനവും സ്വന്തമാക്കിയാണ് അവരെത്തുന്നത്. തമിം ഇഖ്ബാല്‍, സൗമ്യ സര്‍കാര്‍, സബ്ബിര്‍ റഹ്മാന്‍ എന്നിവര്‍ ബാറ്റിങില്‍ കരുത്താകും. മുസ്തഫിസുര്‍ റഹ്മാന്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇംഗ്ലീഷ് പേസ് സാഹചര്യത്തില്‍ അവര്‍ക്ക് കരുത്താണ്. ഷാകിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവും എടുത്തുപറയേണ്ടതാണ്. അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയോട് സന്നാഹ മത്സരത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയത് ബംഗ്ലാ ടീമിന് ക്ഷീണമാണ്. എങ്കിലും ബംഗ്ലാദേശ് അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിവുള്ളവര്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."