മുത്വലാഖും മുതലക്കണ്ണീരും
'പ്രാചീനമായ ഒരു ആചാരം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ ഇട്ടിരിക്കുന്നു. മുസ്‌ലിം സ്ത്രീകളോട് ചെയ്തിരുന്ന ചരിത്രപരമായ ഒരു തെറ്റ് തിരുത്തിക്കുറിച്ചു. ലിംഗനീതിയുടെ വിജയമാണിത്. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതെന്നും ഓര്‍മിക്കപ്പെടും'. മുത്വലാഖ് ബില്‍ രാജ്യസഭയും പാസാക്കിയ ശേഷം പ്രധാനമന്ത്രി ചെയ്ത ട്വീറ്റാണിത്. ബില്ലിന് പിന്നിലെ ഹിഡന്‍ അജണ്ട മറച്ച്‌വയ്ക്കാനും സമുദായത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനും വേണ്ടി വിഷയത്തെ വൈകാരികമായി അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി. മുത്വലാഖ് ചൊല്ലപ്പെടുന്ന നാമമാത്ര മുസ്‌ലിം സ്ത്രീകളുടെ കണ്ണീരിന്റെ ഫലമല്ല മുത്വലാഖ് ബില്‍. അല്ലെങ്കില്‍, ഇതിന്റെ പകുതി ശുഷ്‌കാന്തിയെങ്കിലും ഇതര മതവിഭാഗങ്ങളില്‍ പുരുഷരാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിയുന്ന സ്ത്രീകളുടെ കാര്യത്തില്‍ ഉണ്ടാകുമായിരുന്നു. സ്ത്രീയുടെ 'അന്തസ് ' നിലനിര്‍ത്തലും ലക്ഷ്യമല്ല. സ്ത്രീ ശാക്തീകരണം ലക്ഷ്യമായിരുന്നുവെങ്കില്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമായിരുന്നു.
സത്യത്തില്‍, ഇന്ത്യയില്‍ ഒഴുകുന്ന കണ്ണീരുകള്‍ മുത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീകളുടേതല്ല; പശുവിന്റെ പേരില്‍ അടിച്ച് കൊല്ലപ്പെടുകയും ശ്രീറാം വിളിയുടെ പേരില്‍ ചുട്ടു കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ വീടുകളിലുള്ള നിരാലംബരായ സ്ത്രീകളുടേതാണ്. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചന നടത്താതെയും പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച ചെയ്യാതെയും തീര്‍ത്തും ഏകപക്ഷീയവും വിവേചനപരവുമായി ധൃതിപ്പെട്ട് പാസാക്കിയെടുത്ത ബില്ലിന് പിന്നില്‍ വ്യക്തമായ അജണ്ടയുണ്ട്. ഭരണഘടനാ സംരക്ഷണമുള്ള മുസ്‌ലിം വ്യക്തിനിയമം ദുര്‍ബലപ്പെടുത്തുക, ഏക സിവില്‍ കോഡിലേക്ക് ദൂരം കുറയ്ക്കുക , ഇസ്‌ലാമിക നിയമങ്ങള്‍ പ്രാചീനമാണെന്ന് വരുത്തിത്തീര്‍ക്കുക, ഒരു സമുദായത്തെ പാര്‍ശ്വവല്‍ക്കരിക്കുകയും പേടിപ്പിച്ച് നിര്‍ത്തുകയും ചെയ്യുക എന്നിവയെല്ലാം ബില്ലിന്റെ ലക്ഷ്യമാണ്.
വൈരുധ്യങ്ങള്‍
വൈരുധ്യങ്ങള്‍ നിറഞ്ഞതും വിവേചനപരവുമാണ് മുത്വലാഖ് ബില്‍. കേവലം സിവില്‍ നിയമമായ വിവാഹമോചനം ജാമ്യം ലഭിക്കാത്ത ക്രിമിനല്‍ കുറ്റമായി. അതും മുസ്‌ലിം സമുദായത്തിന് മാത്രം ക്രിമിനല്‍ കുറ്റം! മുത്വലാഖ് അസാധുവും അതേസമയം ഈ അസാധു കാര്യം ചെയ്യുന്നത് ക്രിമിനല്‍ കുറ്റവുമാണ്. മുത്വലാഖ് ചൊല്ലിയാലും വിവാഹം നിലനില്‍ക്കും, പക്ഷേ, ഭര്‍ത്താവ് മൂന്ന് വര്‍ഷം ജയിലില്‍ കിടക്കണം! ആ കാലയളവില്‍ ഭാര്യയെ സംരക്ഷിക്കുകയും വേണം! അങ്ങനെ വരുമ്പോള്‍ നിലനില്‍ക്കുന്ന വിവാഹബന്ധത്തില്‍നിന്ന് മൂന്ന് വര്‍ഷം ഭാര്യയെ തടയുന്നത് എന്ത് കണ്ണീരൊപ്പലാണ്? ഭാര്യയെ ഉപേക്ഷിക്കുന്നത് ഹിന്ദുവായാല്‍ ഒരു വര്‍ഷവും മുസ്‌ലിമായാല്‍ മൂന്ന് വര്‍ഷവുമാണ് തടവ്!
വിവാഹമോചനത്തിലെ യുക്തി
പ്രധാനമന്ത്രി ആരോപിക്കുന്നത് പോലെ പ്രാചീനമായ ഒരു ആചാരമല്ല ഇസ്‌ലാമിലെ വിവാഹ, വിവാഹമോചന നിയമങ്ങള്‍. തീര്‍ത്തും കാലികവും യുക്തിഭദ്രവുമാണത്. വേര്‍പ്പെടുത്താനുള്ളതല്ല; നിലനില്‍ക്കാനുള്ളതാണ് വിവാഹബന്ധം. ബന്ധത്തിന് അവധി പറഞ്ഞുള്ള വിവാഹം തന്നെ ഇസ്‌ലാമില്‍ അസാധുവാണ്. മാത്രമല്ല, വിശ്വാസികളായ ഭാര്യയും ഭര്‍ത്താവും മരണാനന്തരം സ്വര്‍ഗത്തിലും ഇണകളായിരിക്കുമെന്നാണ് ഇസ്‌ലാം പറയുന്നത്. അത് കൊണ്ട് തന്നെ മുത്വലാഖ് എന്നല്ല ഒരു ത്വലാഖിനെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ അവരോട് (ഭാര്യമാരോട്) നല്ല നിലയില്‍ വര്‍ത്തിക്കുക. നിങ്ങളവരെ ഇഷ്ടപ്പെടുന്നില്ലെങ്കിലും (അങ്ങനെ ചെയ്യുക), കാരണം, നിങ്ങളൊരു കാര്യം വെറുക്കുന്നുവെങ്കിലും ധാരാളം നന്മ അല്ലാഹു അതില്‍ ഉണ്ടാക്കിയേക്കാം' (നിസാഅ് : 19). ഇബ്‌നു ഉമര്‍ (റ) നിവേദനം ചെയ്യുന്നു: നബി (സ) പറഞ്ഞു: അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളത് വിവാഹബന്ധം വേര്‍പ്പെടുത്തലാണ് (അബൂദാവൂദ്, ഇബ്‌നുമാജ). വീണ്ടും പ്രവാചകര്‍ (സ) പറയുന്നു: അകാരണമായി ഭാര്യ തന്റെ ഭര്‍ത്താവിനോട് വിവാഹമോചനം തേടിയാല്‍ സ്വര്‍ഗത്തിന്റെ വാസന പോലും അവള്‍ക്ക് നിഷിദ്ധമാണ് (തിര്‍മുദി, അബൂദാവൂദ്).
പ്രോത്സാഹജനകമല്ലെങ്കിലും ത്വലാഖ് അനുവദനീയമാണെന്ന കാര്യത്തില്‍ മുസ്‌ലിം ലോകത്ത് പക്ഷാന്തരമില്ല. സാഹചര്യങ്ങള്‍ക്കനുനുസരിച്ച് ചിലപ്പോള്‍ അത് ഹറാമാകും, ചിലപ്പോള്‍ നിര്‍ബന്ധവുമാകാം. ഭാര്യാ ഭര്‍ത്താക്കള്‍ക്കിടയില്‍ ബന്ധം വഷളാവുകയും ഒന്നിച്ചു ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്താല്‍ ബന്ധം ഒഴിവാകലാണ് അഭികാമ്യമെന്ന് മനസിലാക്കാന്‍ സാമാന്യബോധം മാത്രം മതി. പ്രശ്‌നങ്ങളുണ്ടെങ്കിലും യോജിച്ച് പോകാനുള്ള എല്ലാ മാര്‍ഗവും തേടണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ഭാര്യമാരുടെ അനുസരണക്കേട് നിങ്ങള്‍ ഭയക്കുന്നുവെങ്കില്‍ അവരെ ഉപദേശിക്കുക, കിടപ്പറ വെടിയുക, ശിക്ഷണ നടപടികള്‍ സ്വീകരിക്കുക, നിങ്ങള്‍ക്കവര്‍ വഴിപ്പെടുന്ന പക്ഷം മറ്റൊരു വഴിയും തേടരുത് (സൂറ: നിസാഅ്: 34). അഥവാ, ആദ്യം ഉപദേശിക്കുകയും ഫലിച്ചില്ലെങ്കില്‍ കിടപ്പറ വെടിയുകയും അതും ഫലിച്ചില്ലെങ്കില്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. ഇതൊന്നും വിജയിച്ചില്ലെങ്കില്‍ ഇരു ഭാഗത്തുനിന്ന് മധ്യസ്ഥര്‍ വന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് തുടര്‍ന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (സൂറ: നിസാഅ്: 35).
എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ വേര്‍പിരിയലല്ലാതെ വഴിയില്ല. എങ്കില്‍ തന്നെയും തിരിച്ചെടുക്കാന്‍ കഴിയുന്ന വിധം ത്വലാഖ് ചൊല്ലുകയാണ് വേണ്ടത്. കാരണം ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലിയാല്‍ ഇദ്ദ കാലത്ത് (പുതിയ വിവാഹത്തിന് മുമ്പ് സ്ത്രീ നിര്‍ബന്ധമായും കാത്തിരിക്കേണ്ട സമയം) ഭര്‍ത്താവിന് അവളെ തിരിച്ചെടുക്കാം. അധികപേരും പെട്ടെന്നുള്ള ക്ഷോഭവും പ്രകോപനവും മൂലം ത്വലാഖ് ചൊല്ലുന്നവരും പിന്നീട് ഖേദിക്കുന്നവരുമാണ്. അവരെ പരിഗണിച്ചുള്ള നിയമമാണ് ഇസ്‌ലാം സ്വീകരിച്ചത്.
പുരുഷാധിപത്യമോ?
വിവാഹബന്ധം വേര്‍പ്പെടുത്തുന്നതില്‍ ഇസ്‌ലാമില്‍ പുരുഷന് ഏകപക്ഷീയ അധികാരമാണെന്ന് ശത്രുക്കളും വിവരദോഷികളായ മിത്രങ്ങളും പറയാറുണ്ട്. തീര്‍ത്തും അടിസ്ഥാന രഹിതമായ വിലയിരുത്തലാണിത്. തനിക്ക് നിര്‍ബന്ധമായും ലഭിക്കേണ്ട അവകാശങ്ങള്‍ നല്‍കാന്‍ കഴിയാത്ത ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഭാര്യക്ക് അധികാരമുണ്ട്. 'ഫസ്ഖ്' എന്ന സാങ്കേതിക നാമത്തില്‍ എല്ലാ മദ്ഹബിലെയും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഇത് വിവരിച്ചിട്ടുണ്ട്. ഫസ്ഖിന്റെ കാരണങ്ങള്‍, ചെയ്യേണ്ട ക്രമം എന്നിവയെല്ലാം പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിലും ഭര്‍ത്താവ് ആവശ്യപ്പെടുന്നത് നല്‍കി വിവാഹമോചനം തേടാനും ഭാര്യക്ക് വഴിയുണ്ട്.
ത്വലാഖ് സംബന്ധമായി പുരുഷന് കൂടുതല്‍ അധികാരമുണ്ടെന്നത് വസ്തുതയാണ്. വിവാഹം വേര്‍പ്പെടുത്താനുള്ള സ്വതന്ത്രാവകാശം സ്ത്രീക്ക് നല്‍കുന്നത് ബുദ്ധിപരമല്ല. പുരുഷനെക്കാള്‍ വൈകാരികമായി പ്രതികരിക്കുന്നവളാണ് സ്ത്രീ. നിസാര കാരണങ്ങള്‍ കൊണ്ട് തന്നെ അവള്‍ ബന്ധം വേര്‍പ്പെടുത്താനിടയുണ്ട്. മാത്രമല്ല, വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ സ്ത്രീക്ക് സാമ്പത്തിക ബാധ്യത ഒന്നുമില്ല. അതും ക്ഷണിക വികാരത്തില്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ അവളെ പ്രേരിപ്പിക്കും. ത്വലാഖ് വിഷയത്തില്‍ കൂടുതല്‍ അവധാനത കിട്ടാന്‍ വേണ്ടിയാണ് പുരുഷന് മുഖ്യപങ്ക് നല്‍കിയതെന്ന് ചുരുക്കം. ബാധ്യതക്കനുസരിച്ച് അവകാശം ലഭിക്കും.
മുത്വലാഖിന്റെ സാധുത
ഒറ്റവാക്കില്‍ ഭാര്യയുടെ മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കുന്നതാണ് മുത്വലാഖ്. ഇത് ഇസ്‌ലാം നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ത്വലാഖാണ്. ഇത് ശരിയായ രീതിയല്ലെന്ന് നാല് മദ്ഹബുകള്‍ ഏകോപിച്ചിട്ടുണ്ട്. റുകാന ബ്‌നു അബ്ദി യസീദ് (റ) തന്റെ ഭാര്യയെ 'അല്‍ബത്ത' ത്വലാഖ് ചൊല്ലി ('പറ്റെ ഒഴിവാക്കി' എന്ന് പറഞ്ഞു). അദ്ദേഹം പിന്നീടതില്‍ ഖേദിക്കുകയും നബി (സ) യോട് സങ്കടം ബോധിപ്പിക്കുകയും ചെയ്തു. നബി (സ) ചോദിച്ചു: 'താങ്കള്‍ പ്രസ്തുത വാക്ക് കൊണ്ട് എത്ര ത്വലാഖാണ് ഉദ്ദേശിച്ചത്?' ഒരു ത്വലാഖ് മാത്രമാണ് ഉദ്ദേശിച്ചതെന്ന് റുകാന (റ) സത്യം ചെയ്ത് പറഞ്ഞു. നബി (സ) അത് ഒരു ത്വലാഖായി വിധിക്കുകയും ഭാര്യയെ തിരിച്ചെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. (അബൂദാവൂദ്). എത്രയെണ്ണമാണ് താങ്കള്‍ കരുതിയതെന്ന ചോദ്യത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. മൂന്ന് ത്വലാഖ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നു. ഉവൈമിര്‍ അല്‍ അജ്‌ലാനീ (റ), ഹഫ്‌സ് ബ്‌നു അംറ് (റ) തുടങ്ങിയ സ്വഹാബികളും നബി (സ) യുടെ കാലത്ത് മൂന്ന് ത്വലാഖ് ചൊല്ലുകയും നബി (സ) അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. (അല്‍ ഹാവീ മാവര്‍ദീ 10120). ഈ സംഭവങ്ങളിലൊന്നും ഒന്നിച്ച് ചൊല്ലുന്നതിന്റെയും വേറിട്ട് ചൊല്ലുന്നതിന്റെയും വിധി വ്യത്യാസപ്പെടുത്തി കാണുന്നില്ല.
അത് കൊണ്ട് തന്നെ, മുത്വലാഖ് കടുത്ത നിഷിദ്ധമാണോ എന്നതില്‍ മാത്രമാണ് മദ്ഹബുകളില്‍ അഭിപ്രായ വ്യത്യാസമുള്ളത്. നിഷിദ്ധമാണെന്നാണ് ഹനഫീ മദ്ഹബും മാലികീ മദ്ഹബും. ഹമ്പലീ മദ്ഹബിലെ ഒരഭിപ്രായവും അതാണ്. എന്നാല്‍ അങ്ങനെ മുത്വലാഖ് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമെന്ന് നാല് മദ്ഹബുകളും ഏകോപിച്ചിട്ടുണ്ട് (അദ്ദുര്‍റുല്‍ മുഖ്താര്‍ 2632, അല്‍ ഖവാനീനുല്‍ ഫിഖ്ഹിയ്യ 229, മുഗ്‌നി 3 297, മുഗ്‌നി ഇബ്‌നി ഖുദാമ 7235). ഇതില്‍ 'ഇജ്മാഅ്' (മുസ്‌ലിം ലോകത്തിന്റെ ഏകോപനം) ഉണ്ടെന്ന് ഇമാം ബാജി, ഇബ്‌നു റജബ്, ഇബ്‌നുല്‍ അറബി തുടങ്ങിയവരെല്ലാം പറഞ്ഞിട്ടുണ്ട് (അല്‍ ഫിഖ്ഹുല്‍ ഇസ്‌ലാമി വഅദില്ലതുഹു 9388).
നടപടിക്രമം പാലിക്കാത്തത് നിയമം നടപ്പിലാക്കലിന് വിരുദ്ധമല്ല. നടപടിക്രമം പാലിക്കാതെയാണല്ലോ മുത്വലാഖ് ബില്‍ തന്നെ പാസാക്കിയത്. അത് കൊണ്ടത് നിയമമല്ലെന്ന് പറയാനാകുമോ?
ഭാര്യയെ ശിക്ഷിക്കാനല്ല; മുത്വലാഖ് ചൊല്ലുന്ന ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ വേണ്ടിയാണ് ഭാര്യ അവന് തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നഷ്ടപ്പെടുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത്. അഥവാ ഭാര്യയെ ലഭിക്കണമെങ്കില്‍ തന്നെ മറ്റൊരാള്‍ വിവാഹം ചെയ്ത് ശാരീരിക ബന്ധം പുലര്‍ത്തി സ്വയഷ്ടപ്രകാരം ഒഴിവാക്കണം.
ഒഴിവാക്കാന്‍ നിര്‍ബന്ധിച്ച് കൂടാ. രണ്ടാമത്തെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിന് പൂര്‍ണ സ്വാതന്ത്ര്യം സ്ത്രീക്കുണ്ട്. ആദ്യ ഭര്‍ത്താവിന്റെ ഇടനിലക്കാരനായി നിന്ന് അവളെ വിവാഹം ചെയ്യുന്നവനെയും ആദ്യ ഭര്‍ത്താവിനെയും അല്ലാഹു (സ) ശപിച്ചിട്ടുണ്ടെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (അബൂ ദാവൂദ്, ഇബ്‌നുമാജ).
തന്റെ ഭാര്യയുമായി മറ്റൊരാള്‍ വേഴ്ച നടത്തുന്നത് ധര്‍മബോധമുള്ള മനസ് സ്വീകരിക്കില്ല. ഈ ചിന്ത മുത്വലാഖ് ചൊല്ലുന്നതില്‍നിന്ന് അവനെ തടയണം. ഇതാണ് യുക്തി. ഭര്‍ത്താവിനുള്ള ശിക്ഷ ഭാര്യക്കുള്ള ശിക്ഷയായും പരിഗണനകള്‍ അവഗണനകളായും ചിത്രീകരിക്കപ്പെടുകയാണ്.
പുതിയ ബില്‍ നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാരും ഭര്‍ത്താവിനെ ഇഷ്ടമില്ലാത്ത ഭാര്യമാരും അത് ചൂഷണം ചെയ്യും. ഇസ്‌ലാമിക വിധി പ്രസ്താവിക്കുന്ന പണ്ഡിതരെ ജയിലിലടക്കാനും ഇത് ഉപയോഗിക്കപ്പെടാം. അതിന്റെ ചുവട് പിടിച്ച് സ്വത്തവകാശത്തിലും തുല്യതക്ക് മുറവിളി ഉയരാം. മറ്റു ശരീഅത്ത് നിയമങ്ങളില്‍ കൈവയ്ക്കാനുള്ള ടെസ്റ്റ് ഡോസായി മാത്രമേ ഇതിനെ കാണാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."