ഗുജറാത്ത് കലാപം: 'സേനാ വിന്യാസത്തിന് നിര്‍ദേശം നല്‍കാന്‍ 34 മണിക്കൂര്‍ വൈകിച്ചു, ഇതിനകം പൊലിഞ്ഞത് 300 ജീവനുകള്‍'- നരേന്ദ്ര മോദിക്കെതിരെ മുന്‍ സൈനിക ഉപമേധാവിയുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അന്നത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത നിലപാട് കാരണമാണ് കൂടുതല്‍ മരണമുണ്ടായതെന്ന വെളിപ്പെടുത്തലുമായി മുന്‍ സൈനിക ഉപമേധാവി സമീര്‍ ഉദ്ദീന്‍ ഷാ. 2002 ല്‍ നടന്ന കലാപത്തെ നേരിടാന്‍ 3000 അംഗങ്ങളടങ്ങിയ സൈനിക സംഘം മാര്‍ച്ച് ഒന്നിന് രാവിലെ ഏഴു മണിക്കു തന്നെ ഗുജറാത്തില്‍ എത്തി. എന്നാല്‍ ഇവരെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കിട്ടാന്‍ 34 മണിക്കൂറാണ് കാത്തിരുന്നത്. ഇതിനകം നഷ്ടപ്പെട്ടത് 300 പേരുടെ ജീവന്‍!
''ഞങ്ങള്‍ക്ക് ചുറ്റും വെടിവയ്പ്പിന്റെയും മറ്റും ശബ്ദം കേള്‍ക്കുമായിരുന്നു. പക്ഷെ, 34 മണിക്കൂര്‍ നേരം നിസഹായരായി നില്‍ക്കാന്‍ മാത്രമാണ് ഞങ്ങള്‍ക്കായത്''- വിരമിച്ച ലഫറ്റനന്റ് ജനറല്‍ സമീര്‍ ഉദ്ദീന്‍ ഷാ പറയുന്നു. 'ദ സര്‍ക്കാരി മുസല്‍മാന്‍' എന്ന പുസ്തകത്തിലൂടെയാണ് സമീര്‍ ഉദ്ദീന്റെ വെളിപ്പെടുത്തല്‍.
[caption id="attachment_635566" align="aligncenter" width="630"] സമീര്‍ ഉദ്ദീന്‍ ഷാ[/caption]
''മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ രണ്ടുമണിക്കു തന്നെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിലെത്തി. അവിടെ (പ്രതിരോധ മന്ത്രി) ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെയും കണ്ടു. അന്നേരം അവര്‍ രാത്രിഭക്ഷണം കഴിക്കുകയായിരുന്നു, എന്നെയും കൂട്ടി. ഉടന്‍ ഞാന്‍ കാര്യത്തിലേക്കു കടന്നു. പ്രശ്‌നബാധിത സ്ഥലങ്ങളുടെ മാപ്പ് ഞാന്‍ കാണിച്ചു. കലാപം ഒതുക്കാന്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയും ഞാന്‍ സമര്‍പ്പിച്ചു. അതുകഴിഞ്ഞ് ഞാന്‍ ഏഴു മണിയോടെ എയര്‍ഫീല്‍ഡിലേക്കു മടങ്ങി. 3000 സൈനികര്‍ സജ്ജരായി എത്തിയിരുന്നു. പക്ഷെ, ഗതാഗത സൗകര്യം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിരുന്നില്ല, നിര്‍ദേശവുമില്ല. അതുകൊണ്ട് അവിടെ തന്നെ തുടര്‍ന്നു. അതീവ ഗുരുതരമായ മണിക്കൂറുകളിലായിരുന്നു ഈ നിര്‍ത്തം. മാര്‍ച്ച് രണ്ടിനു മാത്രമാണ് സൈന്യത്തിന്റെ റോഡ് കോളങ്ങള്‍ എത്തി നടപടി ആരംഭിച്ചത്''- സമീര്‍ ഉദ്ദീന്‍ പറഞ്ഞു.
''അതൊരു ഭരണനിര്‍വ്വഹണ പരാജയമായിരുന്നു. എത്തിയ സമയത്തു തന്നെ സേനാ വിന്യാസം നടത്തിയിരുന്നെങ്കില്‍ 300 ജീവനുകളെങ്കിലും രക്ഷിക്കാമായിരുന്നു''-പുസ്തകത്തില്‍ പറയുന്നു. മൂന്നു ദിവസത്തിനിടെ 1044 ജീവനുകളാണ് ഗുജറാത്ത് കലാപത്തില്‍ പൊലിഞ്ഞത്.
അതേസമയം, കലാപത്തില്‍ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പെരുംനുണയാണെന്നും അദ്ദേഹം പുസ്തകത്തില്‍ തുറന്നടിച്ചു. സേനാ വിന്യാസത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കലാപത്തില്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. സേനാവിന്യാസത്തില്‍ അദ്ദേഹം ഉടന്‍ നടപടി സ്വീകരിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം പെരുങ്കള്ളമെന്നാണ് സമീര്‍ ഉദ്ദീന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്.
2002 ഫെബ്രുവരി 27ന് സബര്‍മതി എക്‌സ്പ്രസ് കത്തി 59 കര്‍സേവകര്‍ മരിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ മൂന്നു ദിവസം മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ കലാപത്തില്‍ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."