വിശ്വാസികളെ കൊണ്ട് നിറഞ്ഞു ഹറമും പരിസരവും
#നിസാര്‍ കലയത്ത്
മക്ക: വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള നിരവധി ഹാജിമാര്‍ പുണ്യഭൂമിയിലെത്തിയതോടെ മക്കയും പരിസരവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞു. ഹജ്ജിന് ദിവസങ്ങള്‍ ശേഷിക്കെ ഇന്നലെ കന്നത്ത സുരക്ഷയില്‍ ജുമാനമസ്‌കാരത്തിന് ഹറമിലും പരിസരങ്ങളിലും വിശ്വാസികളുടെ ബാഹുല്യമായിരുന്നു. കഠിനമായ ചൂടിനെ വക വെക്കാതെ എല്ലാ തെരുവുകളും തീര്‍ത്ഥാടകരെകൊണ്ട് നിറഞ്ഞു. ഹറമില്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട തീര്‍്തഥാടകരില്‍ ആയിരങ്ങള്‍ക്ക് റോഡുകളിലും പുറത്തെ കെട്ടിടങ്ങളിലുമാണ് നമസ്‌കരിക്കേണ്ടി വന്നത്. ജുമുഅക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മലയാളി തീര്‍ത്ഥാടകരടക്കമുള്ള ഇന്ത്യ തീര്‍ത്ഥാടകര്‍ ഹറമില്‍ പ്രവേശിച്ചിരുന്നു. പലരും ഹറമിലെ ആദ്യ ജുമാനമസ്‌കാരത്തിന്റെ നിറ വിലായിരുന്നു.
തിരക്ക് കാരണം കേരളത്തില്‍നിന്നുള്ള ഹാജിമാര്‍ തെല്ല് പ്രായസങ്ങളാണ് അനുഭവിച്ചത്. എന്നാല്‍ ഇവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളുടെ വളണ്ടയാര്‍മാരായ വിഖായ അടക്കമുള്ളവര്‍ കര്‍മ്മ പ്രവര്‍ത്തകരും സഹായത്തിന് രംഗത്തുണ്ടായിരുന്നു. വഴിതെറ്റുന്ന ഹാജിമാര്‍ക്ക് ഇവരുടെ സേവനം ഏറെ സഹായകമായി. കുടാതെ നടക്കാന്‍ പ്രയാസപ്പെട്ടുന്നവര്‍ക്ക് വീല്‍ചെയര്‍ സഹായം, കടുത്ത ചൂടി കാരണം ഹാജിമാര്‍ക്ക് കുടിവെള്ളവും റോഡിലൂടെ നടക്കാന്‍ പ്രയസപ്പെട്ടവര്‍ക്ക് ചെരിപ്പു വിതരണവും ഇവര്‍ നടത്തി.
പ്രായം ചെന്ന തീര്‍ത്ഥാടകര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലായിരുന്നു ഹറമിലേക്ക് വരവേറ്റത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ മക്ക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള വിദ്യാര്‍ത്ഥികളും മലയാളി സന്നദ്ധ പ്രവര്‍ത്തകരും തീര്‍ത്ഥാടകരുടെ സേവനത്തിന് മുന്നട്ടിറങ്ങി.
വിദേശത്തുനിന്നും ഇതുവരെ 13 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ആണ് മക്കയിലെത്തിയത്. ഇതില്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന മലയാളി ഹാജിമാര്‍ എല്ലാവരും മക്കയിലെത്തിയിരുന്നു. തിരക്ക് പ്രതീക്ഷിച്ചതിനാല്‍ രാവിലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ ഹറമില്‍ എത്തിത്തുടങ്ങി. 11 മണിയോടെ മുഴുവന്‍ തീര്‍ഥാടകരെയും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രവര്‍ത്തകര്‍ ഹറമില്‍ എത്തിച്ചു. മുഴുവന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരെയും ഫ്രൈഡേ ഓപറേഷനില്‍ പങ്കാളികളാക്കി. ബസ് മാര്‍ഗമാണ് അസീസിയയില്‍ നിന്നു ഹാജിമാര്‍ ഹറമില്‍ എത്തിയത്. ചൂട് കണക്കിലെടുത്ത് ഹജ്ജ് മിഷന്‍ കുടിവെള്ളം വിതരണം ചെയ്തു. വിവിധ മലയാളി സന്നദ്ധ വളന്റിയര്‍മാര്‍ കുട വിതരണം ചെയ്തത് ആശ്വാസമായി. ജുമഅ കഴിഞ്ഞ് വഴിതെറ്റാതിരിക്കാനും ശരിയായ ബസില്‍ കയറ്റാനും പതിവുപോലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വളന്റിയര്‍മാരും നൂറികണക്കിന് മലയാളി സന്നദ്ധ പ്രവര്‍ത്തകരും ഹറമിലും പരിസരത്തും എത്തി. ഇവരുടെ സേവനം ഹാജിമാര്‍ക്ക് ഏറെ അനുഗ്രഹമായി. ചൂടില്‍ തളര്‍ച്ചബാധിച്ച ഹാജിമാര്‍ക്ക് ഹജ്ജ് മിഷന്‍ മെഡിക്കല്‍ ടീം പ്രാഥമിക ചികിത്സ നല്‍കി. മൂന്നു മണിയോടെ എല്ലാ ഹാജിമാരെയും താമസകേന്ദ്രങ്ങളില്‍ തിരിച്ചെത്തിച്ചു.
ലോകത്തിന്റൈ വിവിധ ഭാഗങ്ങളില്‍ നിന്നായി 13,14822 തീര്‍ത്ഥാടകരാണ് ഇതുവരെയായി പുണ്യഭൂമിയിലെത്തിയതെന്ന് സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഇതില്‍ 1254322 തീര്‍ത്ഥാടകര്‍ വ്യോമമാര്‍ഗവും 50000 തീര്‍ത്ഥാടകര്‍ റോഡു മാര്‍ഗവും 10500 തീര്‍ത്ഥാടകര്‍ കപ്പല്‍ മാര്‍ഗവുമാണ് പുണ്യ ഭൂമിയില്‍ എത്തിയത്.
അതിനിടെ ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് ഹജ്ജ് സുരക്ഷാ സേനാ മേധാവി ജനറല്‍ ഖാലിദ് അല്‍ഹര്‍ബി അറിച്ചു. ജംറയിലേക്കുള്ള ചില റോഡുകളുടെ വീതി കൂട്ടുന്നതിന് ഏതാനും തമ്പുകള്‍ ഈ വര്‍ഷം പൊളിച്ചു നീക്കിയിട്ടുണ്ട്. അനുമതിപത്രമില്ലാത്ത സ്വദേശികളെയും വിദേശികളെയും ഹജ്ജ് നിര്‍വഹിക്കുന്നത് തടയും. ഇതിനു പുറമെ ഇവര്‍ക്ക് കടുത്ത ശിക്ഷയും നല്‍കും. തീര്‍ത്ഥാടകര്‍ക്ക് മാതൃകാപരമായ സേവനങ്ങള്‍ നല്‍കുന്നതിനാണ് ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങളും ക്രമീകരണങ്ങളും സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."