മര്‍കസിലെ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ല: ജില്ലാ കലക്ടര്‍
കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് സഖാഫത്തി സുന്നിയ്യയുടെ കീഴിലുള്ള മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് കോളജില്‍ (എം.ഐ.ഇ.ടി) സിവില്‍, ആര്‍കിടെക്ചര്‍, ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് ജില്ലാ കലകടര്‍ യു.വി ജോസ്. കോഴ്‌സിന്റെ അംഗീകാരം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സാങ്കേതിക വിദഗ്ധസമിതി കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. പത്രപ്പരസ്യം നല്‍കിയത് വഞ്ചനയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പ്രവേശനസമയത്ത് നല്‍കിയ ഇത്തരം പരസ്യങ്ങളാണ് വിദ്യാര്‍ഥികളെ അവിടെ ചേരാന്‍ പ്രേരിപ്പിച്ചതെന്നും കലക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്യുന്ന കുട്ടികളുടെ ഭാവി കണക്കിലെടുത്ത് പരിഹാരമുണ്ടാക്കേണ്ടത് ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമാണ്. പ്രശ്‌നം പരിഹരിക്കാന്‍ വിദ്യാഭ്യാസമന്ത്രിയെ ഇടപെടുവിക്കും. ഇന്ന് തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. കോഴ്‌സിന് അംഗീകാരം നല്‍കല്‍ തന്റെ പരിധിയില്‍പെട്ട കാര്യമല്ല. പ്രദേശത്തെ ക്രമസമാധാന പ്രശ്‌നമെന്ന നിലയിലാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ വിഭാഗമാണ് കോഴ്‌സിന് അംഗീകാരം നല്‍കേണ്ടതെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."