സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്നു വനിതാ കമ്മിഷന്‍
തൃശൂര്‍: കേരളത്തില്‍ തൊഴിലിടങ്ങളില്‍ പീഡനങ്ങള്‍ ഏറി വരുന്നതായി വനിതാ കമ്മിഷന്‍. പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖല കേന്ദ്രീകരിച്ചാണു പീഡനങ്ങള്‍ ഏറെയെന്നും ഇതു സംബന്ധിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കുമെന്നും വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു.
കേരളത്തിലെ സ്വാശ്രയ, സി.ബി.എസ്.ഇ, എയ്ഡഡ്, വിദ്യാഭ്യാസ മേഖലകളില്‍ അധ്യാപികമാര്‍ക്കെതിരേ പീഡനം വര്‍ധിച്ചുവരുന്നതായാണ് കമ്മിഷനു ലഭിച്ച പരാതികള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും അപ്പോയിന്‍മെന്റ് ഓര്‍ഡര്‍ നല്‍കാതെയാണ് പല മാനേജ്‌മെന്റുകളും അധ്യാപകരെ നിയമിക്കുന്നത്. മാനേജ്‌മെന്റിന് തോന്നുമ്പോള്‍ ഇവരെ പിരിച്ചു വിടുന്നു.
നിയമ നടപടികള്‍പോലും അസാധ്യമാകും വിധം തകര്‍ന്നു പോവുകയാണ് ഇവരില്‍ പലരും. ഇതിനൊരു മാറ്റം ഉണ്ടാവണമെന്നു ജോസഫൈന്‍ പറഞ്ഞു.
സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ ഹാജരായ തൃശൂരിലെ പ്രമുഖ വസ്ത്ര വ്യാപാരി കമ്മിഷനെ കേള്‍ക്കാതെ ഇറങ്ങിപ്പോയതിനെ കമ്മിഷന്‍ വിമര്‍ശിച്ചു.
പരാതിക്കാരിയെയും വനിതാ കമ്മിഷനെയും അവഹേളിക്കുന്ന സമീപനമാണ് വസ്ത്ര വ്യാപാരിയില്‍ നിന്നുണ്ടായതെന്നും നമ്മുടെ നിയമ സംവിധാനത്തെ വെല്ലുവിളിച്ച് സ്വയം കരുത്തനെന്നു തെളിയിക്കാനാണ് വസ്ത്ര വ്യാപാരി ശ്രമിച്ചതെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി.
കമ്മിഷനെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണിത്. മനോഭാവത്തിന്റെ പ്രശ്‌നം കൂടിയാണിത്. തുടര്‍നടപടികള്‍ സംബന്ധിച്ച് കമ്മിഷന്‍ ആലോചിക്കും.
സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം കൈകാര്യം ചെയ്യുന്ന ഭാഷയില്‍പോലും പിശകുണ്ടെന്നും സ്ത്രീകള്‍ക്കു നേരെ യാതൊരു മടിയുമില്ലാതെ അസഭ്യം പ്രയോഗിക്കാന്‍ എല്ലാവരും തയാറാകുകയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
തൃശൂര്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന അദാലത്തില്‍ 76 പരാതികള്‍ പരിഗണിച്ചു. 22 എണ്ണം തീര്‍പ്പാക്കി.
എട്ടു കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. ഒരു കേസ് കമ്മിഷന്‍ ഫുള്‍ബെഞ്ചിലേക്ക് മാറ്റി. 45 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും.
ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈനൊപ്പം അംഗങ്ങളായ അഡ്വ. പി.ജി ശിവജി, ഷാഹിദ കമാല്‍, കൗണ്‍സിലര്‍ മായ, ഡയരക്ടര്‍ ടി.യു കുര്യാക്കോസ് മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."