വടം കെട്ടി ഗതാഗതം തടയരുതെന്ന് ഡി.ജി.പിയുടെ ഉത്തരവ്
തൊടുപുഴ: ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി പൊലിസ് വടം കെട്ടി ഗതാഗതം തടയരുതെന്ന് സംസ്ഥാന പൊലിസ് മേധാവിയുടെ ഉത്തരവ്.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ഏഴിന് ഉത്തരവ് പുറപ്പെടുവിച്ചത്.
ട്രാഫിക് തിരിച്ചുവിടാന്‍ റോഡിനു കുറുകെ അശാസ്ത്രീയമായി വടം, കമ്പി എന്നിവ കെട്ടുന്നതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതായി മനുഷ്യാവകാശ കമ്മിഷന് കണ്ടെത്തിയിട്ടുണ്ട്. സമരങ്ങള്‍, ഘോഷയാത്രകള്‍ എന്നിവ നടക്കുമ്പോള്‍ സാധാരണ പൊലിസ് ഗതാഗതം നിയന്ത്രിക്കുന്നത് വടം പോലുള്ളവ റോഡിനു കുറുകെ കെട്ടിയാണ്.
ഇതുമൂലമുള്ള അപകടങ്ങള്‍ ഭാവിയില്‍ തടയുന്നതിന്റെ ഭാഗമായി മനുഷ്യാവകാശ കമ്മിഷന് മൂന്നിന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന പൊലിസിനോട് നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഡി.ജി.പി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ട്രാഫിക് തിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു മുമ്പായി 'ടേക്ക് ഡീവിയേഷന്‍' എന്ന ബോര്‍ഡ് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ വ്യക്തമായി കാണത്തക്ക രീതിയില്‍ സ്ഥാപിക്കണം. ആവശ്യത്തിനു പൊലിസുകാരെ ഈ പോയിന്റില്‍ ഏര്‍പ്പെടുത്തണം. ട്രാഫിക് നിയന്ത്രണത്തിനായി സ്ഥാപിക്കുന്ന ബാരിക്കേഡുകള്‍, റിഫ്ളക്ടര് പോസ്റ്റുകള്‍ എന്നിവ ഡ്രൈവര്‍മാര്‍ക്കു ദൂരെനിന്നു കാണത്തക്കവിധമായിരിക്കണം സ്ഥാപിക്കേണ്ടത്.
ഒരു സാഹചര്യത്തിലും വടം, കമ്പി എന്നിവ പോലുള്ള സാമഗ്രികള്‍ റോഡിനു കുറുകെ കെട്ടി ഗതാഗതം നിയന്ത്രിക്കാന്‍ പാടില്ല. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് സത്വരമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും കര്‍ശന നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."