ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടാന്‍ ഇത്തവണയും അന്യസംസ്ഥാന ലോബി
മലപ്പുറം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തട്ടിയെടുക്കാന്‍ ഇത്തവണയും അന്യസംസ്ഥാന ലോബി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം കേരളത്തിലും ഓണ്‍ലൈന്‍ വഴി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിച്ചതോടെയാണ് വ്യാജ പേരിലുള്ള അപേക്ഷകള്‍ ലഭിച്ചുതുടങ്ങിയിരിക്കുന്നത്.
കേന്ദ്രന്യൂനപക്ഷ മന്ത്രാലയം മുഖേന പ്ലസ്‌വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കാണ് പോസറ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. രക്ഷിതാവിന്റെ വരുമാനം കണക്കാക്കിയുള്ള അപേക്ഷ, വെരിഫിക്കേഷന്‍, പണം കൈമാറ്റം തുടങ്ങിയ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ മുഖേനയാണ് നടക്കുന്നത്. വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സ്വീകരിച്ച് സ്ഥാപനതലത്തില്‍ വെരിഫിക്കേഷന്‍ നടത്തണം.
ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ സംസ്ഥാനതലത്തില്‍ കോളജ് വിദ്യാഭ്യാസ ഡയരക്ടറേറ്റ് വെരിഫൈ ചെയ്ത് അംഗീകരിക്കുന്നതോടെയാണ് കേരളത്തിന്റെ ക്വാട്ട അനുസരിച്ച് വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് ലഭിക്കുക.
വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിമാര്‍ക്ക് അപേക്ഷ പരിശോധിക്കുന്നതിനും സ്‌കോളര്‍ഷിപ്പ് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുന്നതിനും യൂസര്‍ ഐഡിയും പാസ് വേര്‍ഡും ലഭ്യമാക്കാറുണ്ട്. ഇപ്രകാരം സ്ഥാപന മേധാവികള്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവിടെ പഠിക്കാത്ത വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കണ്ടെത്തിയിരുന്നു.
ചില അപേക്ഷകള്‍ സ്ഥാപനമേധാവിയുടെ അറിവോ സമ്മതമോ കൂടാതെ മറ്റേതോ വ്യക്തികള്‍ കൃത്രിമമായ മാര്‍ഗങ്ങളിലൂടെ വെരിഫിക്കേഷന്‍ നടത്തിയിരിക്കുന്നതായും കണ്ടെത്തിയിരുന്നു.
ഇത്തവണ നല്‍കിയ അപേക്ഷകളില്‍ ചിലത് സംശയം തോന്നിയതിനെ തുടര്‍ന്ന് സംസ്ഥാന സ്‌കോളര്‍ഷിപ്പ് മോണിറ്ററിങ് കമ്മിറ്റി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്.
അന്യഭാഷ സംസാരിക്കുന്ന ഇവര്‍ കേരളത്തിലെ ഏതെങ്കിലും സ്ഥാപനത്തില്‍ പഠിക്കുന്നതായി തെളിയിക്കാത്ത തരത്തില്‍ പതിനഞ്ചോളം കേസുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അപേക്ഷകരില്‍ പലര്‍ക്കും കൃത്യമായ മറുപടി നല്‍കാനാവുന്നില്ലെന്നും കോളജ് വിദ്യാഭ്യാസ ഡയരക്ടറേറ്റുമായി ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തോട് പറഞ്ഞു.
വരുമാനം ഉള്‍പ്പെടെ തെറ്റായി രേഖപ്പെടുത്തിവരുടെ അപേക്ഷകള്‍ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏതാനും കോളജുകളുടെ ലോഗിന്‍ ഐ.ഡി, പാസ് വേര്‍ഡ് എന്നിവ അവരറിയാതെ ചിലര്‍ മാറ്റിയതായുമുള്ള പരാതിയും ലഭിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേട് അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിന്റെ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇതാണ് തട്ടിപ്പുകാര്‍ക്ക് തട്ടിപ്പുതുടരാന്‍ തണലായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."